എയര്‍ടെല്‍ നമ്പറുകള്‍ ഇനി ആധാറുമായി ബന്ധിപ്പിക്കല്‍ നടക്കില്ല

By Shyma Mohan.16 Dec, 2017

imran-azhar


    ന്യൂഡല്‍ഹി: ആധാര്‍ ഉപയോഗിച്ച് മൊബൈല്‍ സിം കാര്‍ഡുകള്‍ വെരിഫിക്കേഷന്‍ നടത്തുന്നതിനും എയര്‍ടെല്‍ പേമെന്റ് ബാങ്കില്‍ പുതിയ അക്കൗണ്ട് തുടങ്ങുന്നതിനും യു.ഐ.ഡി.എ.ഐ എയര്‍ടെല്ലിന് വിലക്കേര്‍പ്പെടുത്തി. ആധാര്‍ ദുരുപയോഗം ചെയ്തതിനാണ് എയര്‍ടെല്ലിനെതിരെ യുഐഡിഎഐ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനെത്തിയ ഉപഭോക്താക്കളുടെ വിവരങ്ങള്‍ അവരുടെ അനുവാദമില്ലാതെ ഉപയോഗിച്ച് എയര്‍ടെല്‍ പേമെന്റ് ബാങ്കില്‍ അക്കൗണ്ട് തുറന്നതിനാണ് എയര്‍ടെല്ലിനെതിരെ നടപടിയെടുത്തിരിക്കുന്നത്. പേമെന്റ് ബാങ്കില്‍ ഉപഭോക്താക്കളുടെ അനുവാദമില്ലാതെ അക്കൗണ്ട് ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ച് തുറന്നത് ആധാര്‍ നിയമങ്ങളുടെ ലംഘനമാണെന്ന് യുഐഡിഎഐ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കമ്പനിക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. 23 ലക്ഷത്തിലധികം അക്കൗണ്ടുകള്‍ പേമെന്റ് ബാങ്കില്‍ എയര്‍ടെല്‍ അനധികൃതമായി തുറന്നിരുന്നു. ആധാറുമായി ബന്ധിപ്പിച്ച എയര്‍ടെല്‍ മൊബൈല്‍ നമ്പറുള്ള ഉപഭോക്താക്കള്‍ക്ക് ലഭിച്ച ഗ്യാസ് സബ്‌സിഡികള്‍ എയര്‍ടെല്‍ പേമെന്റ് ബാങ്കിലേക്ക് അവര്‍ അറിയാതെ തന്നെ പോയതിനെ തുടര്‍ന്ന് പരാതികള്‍ യുഐഡിഎഐക്ക് ലഭിച്ചിരുന്നു. എയര്‍ടെല്ലിനെതിരെയുള്ള യുഐഡിഎഐയുടെ നടപടിയെ തുടര്‍ന്ന് എയര്‍ടെല്‍ മൊബൈല്‍ നമ്പറുകള്‍ ഇനി ആധാറുമായി ബന്ധിപ്പിക്കലോ ആധാര്‍ ഉപയോഗിച്ച് പേമെന്റ് ബാങ്കില്‍ പുതിയ അക്കൗണ്ട് തുറക്കലോ നടക്കില്ല.


OTHER SECTIONS