9കാരിക്കെതിരെ ലൈംഗികാതിക്രമം: പോലീസ് സ്‌റ്റേഷന് നേരെ കല്ലെറിഞ്ഞ് നാട്ടുകാര്‍; 22 വാഹനങ്ങള്‍ക്ക് തീയിട്ടു

By Shyma Mohan.16 May, 2018

imran-azhar


    ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ 9 വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച 20കാരനെ വിട്ടുകൊടുക്കാത്തതില്‍ കുപിതരായ ജനക്കൂട്ടം പോലീസ് സ്‌റ്റേഷന് നേരെ കല്ലെറിഞ്ഞ് പ്രതിഷേധിച്ചു. കല്ലേറില്‍ നാലു പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 10 മണിയോടെ ഗുണ്ടൂര്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ തുടങ്ങിയ പ്രതിഷേധം പുലര്‍ച്ചെ ഒരു മണിവരെ നീണ്ടുനിന്നു. പെണ്‍കുട്ടിയുടെ കുടുംബവും ബന്ധുക്കളും അടങ്ങുന്ന അക്രമാസക്തരായ  ജനക്കൂട്ടം പോലീസ് സ്‌റ്റേഷന് അകത്തുണ്ടായിരുന്ന 22 വാഹനങ്ങള്‍ക്ക് തീയിട്ടു. ഓള്‍ഡ് ഗുണ്ടൂര്‍ മേഖലയിലെ രഘു എന്ന 20കാരനാണ് 2ാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി വീട്ടില്‍ തനിച്ചായ സമയം പീഡിപ്പിക്കാന്‍ ശ്രമം നടത്തിയത്. രഘുവിന്റെ കയ്യില്‍ നിന്ന് കുതറിയോടിയ കുട്ടി വാട്ടര്‍ ടാങ്കിന് പുറകില്‍ ഒളിച്ചുനിന്നതാണ് പീഡനത്തില്‍ നിന്ന് രക്ഷ നേടാന്‍ സഹായിച്ചത്. പെണ്‍കുട്ടി വിവരം മാതാപിതാക്കളെ അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും അടങ്ങുന്ന സംഘം തൊട്ടടുത്തു താമസിക്കുന്ന രഘുവിന്റെ വീട്ടിലെത്തിയെങ്കിലും ഇയാള്‍ കുട്ടിയുടെ ബന്ധുക്കളുടെ ആക്രമണം ഭയന്ന് പോലീസ് സ്‌റ്റേഷനില്‍ ഹാജരായിരുന്നു. രോഷാകുലരായ ബന്ധുക്കള്‍ അടങ്ങുന്ന നാട്ടുകാര്‍ കുറ്റക്കാരനെതിരെ ഇപ്പോള്‍ തന്നെ നടപടി സ്വീകരിക്കണമെന്നും തങ്ങള്‍ക്ക് വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് പോലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ലാത്തിച്ചാര്‍ജ് നടത്തിയെങ്കിലും കല്ലെറിഞ്ഞും വാഹനങ്ങള്‍ക്ക് തീ വെച്ചും സമരം ചെയ്തു. രാത്രി 10ന് തുടങ്ങിയ പ്രതിഷേധം പുലര്‍ച്ചെ ഒരുമണിയോടെയാണ് സമാധാന നില കൈവരിച്ചത്.


OTHER SECTIONS