ഒരു ശതമാനം സമ്പന്നര്‍ രാജ്യത്തിന്റെ 73 ശതമാനം സമ്പത്ത് എങ്ങനെ കൈക്കലാക്കി: മോദിയോട് രാഹുല്‍

By Shyma Mohan.23 Jan, 2018

imran-azhar

 
    ന്യൂഡല്‍ഹി: രാജ്യത്തെ ഒരുശതമാനം വരുന്ന അതിസമ്പന്നര്‍ക്ക് സമ്പദ് വ്യവസ്ഥയുടെ 73 ശതമാനവും കൈക്കലാക്കാന്‍ എന്തുകൊണ്ടാണ് കഴിഞ്ഞതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
    കഴിഞ്ഞ വര്‍ഷം ഇന്ത്യയിലുണ്ടായ സമ്പത്തിന്റെ 73 ശതമാനവും സ്വന്തമാക്കിയത് ഒരു ശതമാനം വരുന്ന അതിസമ്പന്നരാണെന്ന് വെളിപ്പെടുത്തിക്കൊണ്ട് ഓക്‌സ്ഫാം നടത്തിയ സര്‍വ്വേയുടെ ഫലങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് മോദിയോട് രാഹുല്‍ വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. സ്വിറ്റ്‌സര്‍ലാന്റിലെ ദാവോസില്‍ നടക്കുന്ന വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ ഇന്ത്യയിലെ സാമ്പത്തിക അസംബന്ധത്തെപ്പറ്റി സംസാരിക്കണമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
    ഇന്ത്യന്‍ സര്‍ക്കാര്‍ നിക്ഷേപകര്‍ക്കായി ചുവപ്പുനാട നീക്കം ചെയ്ത് ചുവപ്പു പരവതാനി വിരിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വിറ്റ്‌സര്‍ലാന്റിലെ ദാവോസില്‍ നടക്കുന്ന വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കവേ പറഞ്ഞു. ആധുനിക യുഗത്തിലെ സമ്പത്ത് ഡാറ്റയാണെന്നും സാങ്കേതിക വിദ്യയുടെ പ്രാധാന്യത്തെ അടിവരയിട്ട് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ആഗോളതലത്തില്‍ ഡാറ്റയുടെ ഒഴുക്ക് കൂടുതല്‍ അവസരങ്ങളും അതുപോലെ വെല്ലുവിളികളും ഉയര്‍ത്തുന്നതായി പ്രധാനമന്ത്രി പറഞ്ഞു.
    1997ലെയും 2018ലെയും വേള്‍ഡ് എക്കണോമിക് ഫോറം യോഗങ്ങളെ മോദി താരതമ്യം ചെയ്തു. 1997ല്‍ പ്രധാനമന്ത്രി ദേവഗൗഡ പങ്കെടുത്തപ്പോള്‍ ഇന്ത്യയുടെ ജിഡിപി കേവലം 400 ബില്യന്‍ ഡോളര്‍ മാത്രമായിരുന്നെന്നും ഇന്ന് അത് ആറിരട്ടിയായി ഉയര്‍ന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. അന്ന് യൂറോ ഉണ്ടായിരുന്നില്ലെന്നും വളരെ കുറച്ചുപേര്‍ക്ക് മാത്രമേ ഒസാമ ബിന്‍ ലാദനെക്കുറിച്ച് അറിയാമായിരുന്നുള്ളൂ എന്നും മോദി പറഞ്ഞു. ആമസോണിനെക്കുറിച്ച് ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്താല്‍ നദികളും കാടുകളും മാത്രമേ വരുമായിരുന്നുള്ളൂ എന്നും ട്വീറ്റിംഗ് എന്നത് പക്ഷികളുടെ മാത്രം പണിയായിരുന്നുവെന്നും മോദി പറഞ്ഞു.


OTHER SECTIONS