By Shyma Mohan.13 Feb, 2018
റായ്പൂര്‍: ഛത്തീസ്ഗഡിലെ കവാര്‍ദ ജില്ലയില്‍ പീഡനത്തിനിരയായ 12 വയസുകാരിയുടെ തല മുണ്ഡനം നടത്തി നാട്ടുകൂട്ടത്തിന്റെ കൊടും ക്രൂരത. പീഡനത്തിനിരയായ കുട്ടിയെ ശുദ്ധീകരിക്കുന്നതിനുവേണ്ടിയാണ് തല മൊട്ടയടിക്കല്‍ എന്ന വിചിത്ര പ്രക്രിയ നടത്തിയത്. തല മുണ്ഡനം ചെയ്തതിനു പുറമെ നാട്ടുകൂട്ടത്തിലെ അംഗങ്ങള്‍ക്ക് മാംസ ഭക്ഷണവും മദ്യവും ഉള്‍പ്പെടെ വിരുന്ന് ഒരുക്കാനും നിര്‍ദ്ദേശം നല്കി. കഴിഞ്ഞ മാസം 21ന് പെണ്‍കുട്ടിയും അമ്മയും കേന്ദ്ര പദ്ധതി പ്രകാരമുള്ള വീട് നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കെയാണ് അര്ജുന് യാദവ് എന്ന മധ്യവയ്സകന് കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയത്. പീഡനത്തിനുശേഷം ഇയാള്‍ കടന്നുകളയുകയും ചെയ്തു. അടുത്ത ദിവസം നാട്ടുകൂട്ടം വിളിച്ച ഗ്രാമീണര്‍ അര്ജുന് യാദവിനെ കുറ്റക്കാരനെന്ന് കണ്ടെത്തി പിഴ നല്കി പോകാന്‍ അനുവാദം നല്കി. എന്നാല്‍ ശുദ്ധീകരണത്തിന്റെ ഭാഗമായി ഫെബ്രുവരി 4ന് പെണ്‍കുട്ടിയെ കുളിപ്പിച്ച ശേഷം തല മൊട്ടയടിക്കാനായിരുന്നു നാട്ടുകൂട്ടത്തിന്റെ കാടത്തമായ നിര്‍ദ്ദേശം. പുറമെ മാംസഭക്ഷണവും മദ്യവും ഉള്‍പ്പെടുന്ന ഗംഭീര സദ്യ നാട്ടുകൂട്ടത്തിലെ അംഗങ്ങള്‍ക്ക് നല്‍കാനും നിര്‍ദ്ദേശിക്കുകയായിരുന്നു. സംഭവത്തിനുശേഷം പെണ്‍കുട്ടിയും കുടുംബാംഗങ്ങളും ഭയത്താല്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങാതായി. എന്നാല്‍ പ്രാദേശിക മാധ്യമത്തില്‍ വന്ന വാര്‍ത്തയാണ് പെണ്‍കുട്ടിയോടുള്ള കൊടും ക്രൂരത പുറംലോകം അറിയാന്‍ സഹായകരമായത്. പ്രതിയെ അറസ്റ്റ് ചെയ്തതായും പെണ്‍കുട്ടിയുടെ തല മുണ്ഡനം ചെയ്യാന്‍ നിര്‍ദ്ദേശം നല്കിയ ഗ്രാമീണര്‍ ഒളിവിലാണെന്നും പോലീസ് പറഞ്ഞു. ഛത്തീസ്ഗഡിലെ ബെയ്ഗ സമുദായത്തില്‍പെട്ടവരാണ് ഇവര്‍.