5 വർഷം കൊണ്ട് പൂർത്തിയാക്കേണ്ട പദ്ധതികളിൽ ഭൂരിഭാഗവും നാല് വർഷം കൊണ്ട് സാധിച്ചു; മുഖ്യമന്ത്രി

By Akhila Vipin .25 05 2020

imran-azhar

 


തിരുവനന്തപുരം: ഇന്ന് എൽ.ഡി.എഫ് സർക്കാർ അഞ്ചാം വർഷത്തിലേക്ക് കടക്കുകയാണ്. ആഘോഷങ്ങളില്ലാത്ത വാർഷികമായിരിക്കും ഇതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പല തരം പ്രകൃതി ദുരന്തങ്ങളും മഹാമാരികളും ഉണ്ടായെങ്കിലും വികസന രംഗത്തെ ബാധിച്ചില്ല. 5 വർഷം കൊണ്ടു പൂർത്തിയാക്കേണ്ട പദ്ധതികളിൽ ഭൂരിഭാഗവും നാല് വർഷം കൊണ്ട് സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം ലോകത്തിനും രാജ്യത്തിനും മുന്നിൽ മാതൃകയായി. നാലാം വർഷത്തെ വികസന റിപ്പോർട്ട് ദിവസങ്ങൾക്കകം തന്നെ സമർപ്പിക്കും.

 


ലൈഫ് മിഷനിലൂടെ 2,19,154 വീടുകൾ നിർമ്മിക്കാനായി. ഇത്രയും കുടുംബങ്ങൾക്ക് അടച്ചുറപ്പുള്ള വീട് ലഭ്യമായി. ഭൂമിയും വീടും ഇല്ലാത്തവർക്ക് പാർപ്പിട സമുച്ഛയങ്ങൾ ഉയർത്താനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഈ വർഷം കൊണ്ട് പൂർത്തീകരിക്കും. മൽസ്യ തൊഴിലാളിക്കായി 2450 കോടി രൂപയുടെ പുനർഗേഹം പദ്ധതി നടപ്പിലാക്കി. 5 വർഷത്തിനിടയിൽ 2 ലക്ഷം പട്ടയം നൽകുമെന്നായിരുന്നു സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഇതേവരെയുള്ള നില പരിശോധിച്ചാൽ 1,43,000 പട്ടയം നൽകിയിട്ടുണ്ട്. 35000 പട്ടയം കൂടി ഈ വർഷം തന്നെ നൽകും. ഒഴുക്ക് നിലച്ചു പോയ പുഴകളെ 390 കിലോ മീറ്റർ നീളത്തിൽ വികസിപ്പിച്ചെടുത്തു. ഹരിതകേരളം മിഷൻ നടത്തിയ സേവനങ്ങൾ ഒട്ടേറെ മാറ്റങ്ങൾ സൃഷ്‌ടിച്ചു. കിണറുകൾ, കുളങ്ങൾ, തോടുകൾ, ജലാശയങ്ങൾ ഇവയെല്ലാം ശുദ്ധീകരിക്കാൻ കഴിഞ്ഞു. 546 പുതിയ പച്ചത്തുരുത്തുകൾ സൃഷ്ടിച്ചുവെന്ന് പിണറായി വിജയൻ പറഞ്ഞു.

 

കോവിഡ് 19 നെ പ്രതിരോധിക്കാൻ കരുത്ത് നൽകിയതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ആർദ്രം മിഷൻ. സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജുകൾ വരെ ആർദ്രം മിഷൻ നടപ്പാക്കിയിലൂടെ ഉന്നത നിലവാരത്തിലേക്ക് കൊണ്ടുവരാൻ സാധിച്ചു. കുടുംബാരോഗ്യ കേന്ദ്രങ്ങൾ, ലാബ്, ഫർമസി, സജീവമായ ഓപികൾ, സ്പെഷ്യാലിറ്റി ചികിത്സകൾ ഇതെല്ലം ഇന്ന് ലോകം ഉറ്റുനോക്കുന്ന നിലവാരത്തിലേക്ക് എത്തിയിരിക്കുന്നു. നിപ്പാ വൈറസ് ഉയർത്തിയ ഭീക്ഷണി നേരിടുക മാത്രമല്ല ചെയ്തത്. അത്തരം പ്രശ്നങ്ങളെ അതിജീവിക്കാൻ അഡ്വാൻസ്ഡ് വൈറോളജി ഇൻസ്റിറ്റ്യൂട്ടുകൾ സ്ഥാപിക്കാൻ കഴിഞ്ഞു. ഈ സാമ്പത്തിക വർഷം 2019-20 നേക്കാൾ 15% വർദ്ധനവ് ചെലവുകളിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

 

OTHER SECTIONS