മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കല്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കും

By Shyma Mohan.21 Apr, 2017

imran-azhar


    ഇടുക്കി: താല്‍ക്കാലികമായി മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തിവെക്കാന്‍ സാധ്യത. സര്‍വ്വകക്ഷി യോഗത്തിനുശേഷം കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികളുമായി മുമ്പോട്ടുപോയാല്‍ മതിയെന്ന നിലപാടിലാണ് സംസ്ഥാനത്തെ എല്‍.ഡി.എഫ് നേതൃത്വം. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും മതമേലധ്യക്ഷന്‍മാരും മാധ്യമ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി സര്‍വ്വകക്ഷിയോഗം വിളിക്കും. മൂന്നാര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തിന്റെ സ്വന്തം നിലപാടില്‍ ഉറച്ചുനിന്നു. പാപ്പാത്തിച്ചോലയിലെ കുരിശ് നീക്കിയതില്‍ ജാഗ്രതക്കുറവുണ്ടായി എന്ന നിലപാട് പിണറായി യോഗത്തില്‍ ആവര്‍ത്തിച്ചു. അതേസമയം നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് കുരിശ് പൊളിച്ചുനീക്കിയതെന്ന നിലപാടാണ് സി.പി.ഐ യോഗത്തില്‍ മുന്നോട്ടുവെച്ചത്. പ്രശ്‌നങ്ങള്‍ വഷളാകരുതെന്നും ചര്‍ച്ചകളിലൂടെ സമവായത്തില്‍ എത്തിച്ചേരണമെന്നും വി.എസ് അച്യുതാനന്ദന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. മൂന്നാറില്‍ തര്‍ക്കങ്ങള്‍ അവസാനിച്ചിട്ടില്ലെന്നും തര്‍ക്ക വിഷയങ്ങളില്‍ തുടര്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.