അമ്മ ക്യാന്റീനിന്റെ ചുവടുപിടിച്ച് ആന്ധ്രയില്‍ അണ്ണാ ക്യാന്റീന്‍

By Shyma Mohan.11 Jul, 2018

imran-azhar


    വിജയവാഡ: തമിഴ്‌നാട്ടിലെ അമ്മ ക്യാന്റീനിന്റെ ചുവട് പിടിച്ച് ആന്ധ്രാ മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു അണ്ണാ ക്യാന്റീനുകള്‍ക്ക് തുടക്കം കുറിച്ചു. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 60 അണ്ണാ ക്യാന്റീനുകള്‍ തുറക്കുമെന്ന് വിജയവാഡയില്‍ ക്യാന്റീന്‍ ഉദ്ഘാടനം ചെയ്യവേ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും അത്താഴവും 5 രൂപ നിരക്കില്‍ നല്‍കുമെന്ന് തെലുങ്കുദേശം പാര്‍ട്ടി 2014ല്‍ നടന്ന തിരഞ്ഞെടുപ്പിന് മുമ്പ് വാഗ്ദാനം നല്‍കിയിരുന്നു. തമിഴ്‌നാട്ടിലെ അമ്മ ക്യാന്റീനുകളുടെ പ്രവര്‍ത്തനം പഠിക്കുന്നതിനായി നിരവധി തവണ ആന്ധ്ര മന്ത്രിമാരും ഉദ്യോഗസ്ഥരും 2014 മുതല്‍ തമിഴ്‌നാട് സന്ദര്‍ശിക്കുകയുണ്ടായി. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പദ്ധതി നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല. 2016 മാര്‍ച്ചിലാണ് തെലുങ്കുദേശം പാര്‍ട്ടിയുടെ സ്ഥാപക പ്രസിഡന്റായ എന്‍ടി രാമറാവുവിന്റെ നാമത്തില്‍ ആദ്യ അണ്ണാ ക്യാന്റീന്‍ അമരാവതിയിലെ വെള്‍ഗാപുഡിയില്‍ തുറന്നത്. തുടര്‍ന്ന് കഴിഞ്ഞ 2 വര്‍ഷത്തിനിടയില്‍ 3 ക്യാന്റീനുകള്‍ മാത്രമാണ് തുറക്കാന്‍ കഴിഞ്ഞത്. ഇപ്പോള്‍ തിരഞ്ഞെടുപ്പ് അടുത്തുവന്നിരിക്കുന്ന സാഹചര്യത്തിലാണ് 203 അണ്ണാ ക്യാന്റീനുകള്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തായി തുറക്കാന്‍ ടിഡിപി സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.