By Shyma Mohan.06 08 2022
ന്യൂഡല്‍ഹി: രാജ്യത്തിന്റെ അടുത്ത ഉപരാഷ്ട്രപതിയായി എന്‍ഡിഎയുടെ ജഗ്ദീപ് ധന്‍കറെ തിരഞ്ഞെടുത്തു. ധന്‍കര്‍ 528 വോട്ട് നേടിയപ്പോള്‍ പ്രതിപക്ഷ സ്ഥാനാര്‍ത്തി മാര്‍ഗരറ്റ് ആല്‍വയ്ക്ക് 128 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. 15ഓളം വോട്ടുകള്‍ അസാധുവായി.
ഇന്ത്യയുടെ അടുത്ത ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ജഗ്ദീപ് ധങ്കറിനെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 11 അക്ബര്‍ റോഡിലെത്തും.
രാജസ്ഥാനിലെ കിതാന ഗ്രാമത്തില്‍ ജനിച്ച ധന്‍കര്‍ എല്‍എല്‍ബി പൂര്‍ത്തിയാക്കിയ ശേഷം 40 വര്‍ഷം രാജസ്ഥാന് ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമായി സേവനം അനുഷ്ഠിച്ചിരുന്നു. ഐസിസി ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ആര്ബിട്രേഷന് മുന്‍ മെമ്പര്‍ കൂടിയാണ് ജഗ്ദീപ് ധന്‍കര്‍.
കോണ്‍ഗ്രസിലായിരുന്ന അദ്ദേഹം 2008ലാണ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. 1989 മുതല്‍ 91 വരെ ജുന്‍ജുനുവില്‍ ലോക്സഭാ എംപിയായിരുന്ന ധന്‍കര്‍ 1993-98 കാലയളവില്‍ കിഷന്‍ഗഡ് എംഎല്‍എയായിരുന്നു.
ആറു മണിക്ക് ആരംഭിച്ച വോട്ടെണ്ണല്‍ വൈകിട്ട് 7.40നാണ് അവസാനിച്ചത്. രാവിലെ പത്തുമണിക്ക് പാര്‍ലമെന്റ് മന്ദിരത്തില്‍ ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് അഞ്ചുമണി വരെ തുടര്‍ന്നു. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ 780 എംപിമാരില്‍ 725 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 372 വോട്ടിന്റെ കേവല ഭൂരിപക്ഷമായിരുന്നു വേണ്ടിയിരുന്നത്.
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പ്രഖ്യാപനം നടത്തിയ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് 36 പേരില്‍ രണ്ട് എംപിമാര്‍ വോട്ട് ചെയ്തു. അസുഖബാധിതരായതിനാല്‍ ബിജെപി എംപിമാരായ സണ്ണി ഡിയോള്‍, സഞ്ജയ് ദോത്ര എന്നിവര്‍ വോട്ട് രേഖപ്പെടുത്തിയില്ല.