By online desk.18 05 2020
ടോക്കിയോ: ലോകത്തെ എന്നും വ്യത്യസ്തത കൊണ്ട് വിസ്മയിപ്പിച്ച രാജ്യമാണ് ജപ്പാന്. സാങ്കേതികതയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോളും പൈതൃകവും സംസ്ക്കാരവും ആത്മാവിനോട് ചേര്‍ത്ത് നിര്‍ത്തിയിരിക്കുന്ന ജനതയാണ് ജപ്പാന്ക്കാര്. കോറോണക്കു മുന്നില്‍ തോല്‍ക്കാതെ ജപ്പാന്കാരെപോലെ, ജപ്പാനിലെ മലയാളികളുടെ കൂട്ടായ്മയായ നിഹോണ്‍ കൈരളിയും ഒരു മാതൃകയാകുന്നു. വര്‍ഷങ്ങളായി നടത്തുന്ന ടാലന്റ്ഷോ ഈ മഹാമാരിക്ക് മുന്നില്‍ അടിയറവു വയ്ക്കാതെ നൂതന ടെക്നോളജിയുടെ സഹായത്തോടെ, ജപ്പാനിലെ എല്ലാ ദ്വീപുകളില്‍ നിന്നും ഉള്ള മലയാളികളെ പങ്കെടുപ്പിച്ചുകൊണ്ട് 'NK SHOWTIME Talent Unlocked' എന്ന പേരില്‍ മെയ് 23, 24 തീയതികളില്‍ സംഘടിപ്പിക്കുന്നു. 200 ല്‍ അധികം കലാകാരന്മാര് അണി നിരക്കുന്ന ഈ യുട്യൂബ് ദൃശ്യ വിരുന്നു പ്രവാസലോകത്തു ഇദംപ്രഥമമാണ്.
ജപ്പാനില്‍ കോറോണ കാര്യമായി നാശം വിതച്ചിട്ടില്ലായെങ്കിലും ജപ്പാനും എമര്‍ജന്‍സി കാലത്തിലൂടെ കടന്നുപോകുന്നു. സമ്പൂര്‍ണ ലോക്ക് ഡൗണ്‍ അല്ലെങ്കിലും മലയാളികളെല്ലാം തന്നെ നാലു ചുവരുകള്‍ക്കുള്ളിലാണ്. ജപ്പാനിലെ തിരക്കേറിയ നഗരജീവിതത്തില്‍ നിന്നും പെട്ടെന്നൊരുനാള്‍ ഉള്വലിയേണ്ടിവന്ന പ്രവാസിമലയാളികള്‍ക്ക് സന്തോഷവും ആത്മവിശ്വാസവും ഒത്തൊരുമയും പകരുന്നതിന് ഒപ്പം നാടിന്റെ കലകളും സംസ്കാരവും പുതു തലമുറകളിലേക്കു എത്തിക്കുക എന്നതുമാണ് നിഹോണ്‍ കൈരളി ലക്ഷ്യമിടുന്നത്.