നെഹ്‌റു കോളേജിന്റെ മാനേജ്‌മെന്റ് നിക്ഷിപ്ത വനഭൂമി കയ്യേറി?

By Dipin Mananthavady .15 Feb, 2017

imran-azhar

 

        ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണത്തിന് ഉത്തരവാദികളായ നെഹ്‌റു കോളേജ് മാനേജ്‌മെന്റ് വനഭൂമി കൈയ്യേറിയതായി വെളിപ്പെടുത്തല്‍. മുന്‍ ഡെപ്യൂട്ടി തഹസില്‍ദാറാണ് പാമ്പാടിയിലെ നെഹ്‌റു കോളേജ് മാനേജ്‌മെന്റ് വനഭൂമി കൈയ്യേറിയതായി കലാകൗമുദി ഓൺലൈനിനോട് വെളിപ്പെടുത്തിയത്. പാമ്പാടിയിലെ നെഹ്‌റു കോളേജിനോട് ചേര്‍ന്ന് കിടക്കുന്ന 14.90 ഏക്കര്‍ നിക്ഷിപ്ത വനഭൂമിയില്‍ നിന്നും 1.40 ഏക്കര്‍ ഭൂമി നെഹ്‌റു കോളേജ് മാനേജ്‌മെന്റ് കൈയ്യേറിയതായാണ് വെളിപ്പെടുത്തല്‍. ഈ ഭൂമിയുടെ കുറച്ച് ഭാഗത്ത് കോളേജ് നിര്‍മ്മാണ പ്രവൃത്തി നടത്തിയതായും ആരോപണമുണ്ട്. വനം വകുപ്പ് അധികൃതര്‍ കോളേജ് മാനേജ്‌മെന്റിന്റെ ഭൂമികയ്യേറ്റം സ്ഥിരീകരിക്കുന്നുണ്ടെങ്കിലും 1.40 ഏക്കര്‍ കയ്യേറിയിട്ടുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.

 


ജിഷ്ണു മരണപ്പെട്ട ദിവസങ്ങളില്‍ നെഹ്‌റു കോളേജിന്റെ വനഭൂമി കയ്യേറ്റം സംബന്ധിച്ച് സൂചനകള്‍ പുറത്തു വന്നിരുന്നെങ്കിലും റവന്യൂ-വനം വകുപ്പുകളിലുള്ള സ്വാധീനം ഉപയോഗിച്ച് നെഹ്‌റു കോളേജ് മാനേജ്‌മെന്റ് ഒതുക്കുകയായിരുന്നെന്നാണ് സൂചന. നെഹ്‌റു കോളേജ് വനം ഭൂമിയെന്ന ആരോപണം വനം വകുപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ശരിവയ്ക്കുന്നുണ്ട്.


നെഹ്‌റു കോളേജിനോട് ചേര്‍ന്നുള്ള പാമ്പാടി വില്ലേജിലെ റി.സര്‍വ്വെ 344 നമ്പറില്‍ വരുന്ന നിക്ഷിപ്ത വനഭൂമിയില്‍ നിന്നും ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഔദ്യോഗികമായി സമ്മതിക്കുന്നതില്‍ അധികം ഭൂമി നെഹ്‌റു ഗ്രൂപ്പ് കയ്യേറിയിട്ടുണ്ടെന്ന ആരോപണമാണ് ഇപ്പോള്‍ ശക്തമായി ഉയരുന്നത്. കോണ്‍ഗ്രസ് നേതാവായിരുന്ന കെ.പി.വിശ്വനാഥന്‍ വനംവകുപ്പ് മന്ത്രിയായിരുന്ന സമയത്ത് ഒരേക്കറോളം വനഭൂമി അനധികൃതമായി നെഹ്‌റു ഗ്രൂപ്പ് മാനേജ്‌മെന്റിന് പതിച്ചു നല്‍കിയെന്ന ആരോപണവും പ്രദേശവാസികള്‍
ഉയര്‍ത്തുന്നുണ്ട്.

 

ഇതിന്റെ പ്രത്യുപകരാമായിട്ടാണ് കെ.പി.വിശ്വനാഥന്റെ മകന്‍ സഞ്ജിത് വിശ്വനാഥനെ നെഹ്‌റു കോളേജിന്റെ പാമ്പാടിയിലെ കോളേജില്‍ പി.ആര്‍.ഒ ആയി നിയമിച്ചതെന്നാണ് ഇവര്‍ പറയുന്നത്. ചെയര്‍മാന്‍ കൃഷ്ണദാസ് കഴിഞ്ഞാല്‍ കോളേജിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെല്ലാം നിയന്ത്രിച്ചിരുന്നത് സഞ്ജിത് വിശ്വനാഥനായിരുന്നെന്ന് നേരത്തെ നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. സഞ്ജിത്തിന്റെ മുറിയാണ് നെഹ്‌റു കോളേജിലെ ഇടിമുറിയായി വിശോഷിപ്പിക്കപ്പെട്ടിരുന്നത്. നെഹ്‌റു
ഗ്രൂപ്പിന്റെ പേരു വെളിപ്പെടുത്താത്ത ട്രസ്റ്റികളില്‍ ഒരാള്‍ കൂടിയാണ്
സഞ്ജിത്ത് എന്ന ആരോപണവും ശക്തമാണ്.


നിലവില്‍ നെഹ്‌റു കോളേജ് കെട്ടിടത്തിനോട് ചേര്‍ന്ന് കാണപ്പെടുന്ന വനംവകുപ്പിന്റെ ജണ്ട നിലവില്‍ ഉയര്‍ന്നിരിക്കുന്ന ഭൂമികയ്യേറ്റത്തെ ശരിവയ്ക്കുന്ന തെളിവായാണ് നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നത്. വരും ദിവസങ്ങളില്‍ നെഹ്‌റു കോളേജിന്റെ ഭൂമികയ്യേറ്റം പരാതിയായി ഉയർന്നു വരുമെന്നാണ് സൂചനകൾ.

OTHER SECTIONS