പുതിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗാന്ധി കുടുംബത്തിന്റെ കളിപ്പാവയാകുമെന്ന് മോദി

By Shyma Mohan.01 10 2022

imran-azhar

 


ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി. പാര്‍ട്ടി അധ്യക്ഷന്‍ ആരായാലും ഗാന്ധി കുടുംബത്തിന്റെ കളിപ്പാവയാകുമെന്നാണ് മോദിയുടെ ആരോപണം.

 

ഖാര്‍ഗെയോ, മറ്റാരെങ്കിലുമോ, ആര് അധ്യക്ഷ പദവിയില്‍ എത്തിയാലും അദ്ദേഹം മുഖം കാണിക്കാന്‍ മാത്രമായിരിക്കും. യഥാര്‍ത്ഥ തീരുമാനങ്ങള്‍ ഗാന്ധി കുടുംബം മാത്രമേ എടുക്കൂ എന്ന് സുശീല്‍ കുമാര്‍ മോദി പറഞ്ഞു.

 

തരൂരിന്റെ പ്രകടന പത്രികയില്‍ ഇന്ത്യയുടെ ഭൂപടത്തില്‍ ജമ്മുകാശ്മീരിന്റെയും ലഡാക്കിന്റെയും ഭാഗങ്ങള്‍ ഒഴിവാക്കി വികലമായി കാണിച്ചതിനെക്കുറിച്ചും മോദി വിമര്‍ശനം ഉന്നയിച്ചു. ഭൂപടത്തില്‍ നിന്ന് ജമ്മുകാശ്മീരിനെയും ലഡാക്കിനെയും ശശി തരൂര്‍ നീക്കം ചെയ്ത രീതി അദ്ദേഹത്തിന്റെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ ബിജെപി നേതാവ് പരിഹസിച്ചു. രാജ്യത്തെ രക്ഷിക്കാന്‍ ഒരു മാര്‍ച്ചും ആവശ്യമില്ലെന്നും രാഹുല്‍ ഗാന്ധി തന്റെ പാര്‍ട്ടിയെ രക്ഷിക്കാനാണ് മാര്‍ച്ച് നടത്തേണ്ടതെന്നും മോദി വ്യക്തമാക്കി. ഒരു ശക്തിക്കും യാത്രയെ തടയാന്‍ കഴിയില്ലെന്ന കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശത്തോട് രാഹുല്‍ ഗാന്ധിയെ മാര്‍ച്ചില്‍ നിന്ന് ആരാണ് തടയുന്നത് എന്നായിരുന്നു മോദിയുടെ ചോദ്യം. നിങ്ങള്‍ അത് ചെയ്യുക. പക്ഷേ രാജ്യത്തെ ഏകീകരിക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ പറയുന്നു. അപ്പോള്‍ ഇന്ത്യ വിഭജിച്ചിട്ടാണോ? ഏത് ഇന്ത്യയെ ഏകീകരിക്കുന്ന കാര്യമാണ് രാഹുല്‍ ഗാന്ധി പറയുന്നത്. ഇന്ത്യ ഒന്നായിക്കഴിഞ്ഞതാണ്.

 

പാര്‍ട്ടി പിളരുമ്പോള്‍ ഇത് കോണ്‍ഗ്രസ് ജോഡോ യാത്രയാണ്. രാജസ്ഥാനിലും ഛത്തീസ്ഗഡിലും രണ്ട് സംസ്ഥാനങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസ് അധികാരത്തിലുള്ളത്. രാജസ്ഥാനില്‍ എന്താണ് സംഭവിച്ചതെന്ന് എല്ലാവരും കണ്ടതാണെന്നും സുശീല്‍ കുമാര്‍ മോദി കൂട്ടിച്ചേര്‍ത്തു.

OTHER SECTIONS