പുതിയ പാസ്‌പോര്‍ട്ട് അഡ്രസ് പ്രൂഫിനായി ഉപയോഗിക്കാനാവില്ല

By Shyma Mohan.12 Jan, 2018

imran-azhar


    ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ടില്‍ മേല്‍വിലാസം രേഖപ്പെടുത്തിയിരിക്കുന്ന അവസാനത്തെ പേജ് നീക്കം ചെയ്യാനുള്ള നിര്‍ദ്ദേശം വിദേശകാര്യ മന്ത്രാലയത്തിന്റെ പരിഗണനയില്‍. പേജ് നീക്കം ചെയ്യുന്നതോടെ പാസ്‌പോര്‍ട്ട് അഡ്രസ് പ്രൂഫിനായി ഉപയോഗിക്കാനാവില്ല. അവസാന പേജ് ശൂന്യമായി നിലനിര്‍ത്തി പാസ്‌പോര്‍ട്ട് ഉടമയുടെ വിവരങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി സുരേന്ദ്ര കുമാര്‍ പറഞ്ഞു. നിലവില്‍ പാസ്‌പോര്‍ട്ടിലെ ആദ്യ പേജില്‍ പാസ്‌പോര്‍ട്ട് ഉടമയുടെ ഫോട്ടോയും മറ്റ് വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ളപ്പോള്‍ അവസാന പേജില്‍ ഉടമയുടെ മേല്‍വിലാസമാണ് നല്‍കി വരുന്നത്. അവസാന പേജ് ബ്ലാങ്ക് പേജാക്കി നിലനിര്‍ത്തുന്നതോടെ പാസ്‌പോര്‍ട്ട് ഇനി അഡ്രസ് പ്രൂഫായി ഉപയോഗിക്കാനാവില്ല. 2012 മുതലുള്ള എല്ലാ പാസ്‌പോര്‍ട്ടിലും ബാര്‍കോഡുകളുണ്ട്. അവ സ്‌കാന്‍ ചെയ്താല്‍ ഉടമയുടെ വിവരങ്ങള്‍ ലഭ്യമാകുന്നതാണ്. നിലവില്‍ പാസ്‌പോര്‍ട്ട് എടുത്തവര്‍ക്ക് അതിന്റെ കാലാവധി കഴിയുന്നതുവരെ നിലവിലുള്ള രീതിയില്‍ ഉപയോഗിക്കാവുന്നതാണ്.


OTHER SECTIONS