സ്വന്തമായി റിസർവ്ബാങ്ക് ഉള്ള സുരാജിനെ കടത്തിവെട്ടി നിത്യാനന്ദ

By ആതിര മുരളി.25 08 2020

imran-azhar

 


സ്വന്തമായി മൂന്ന് റിസർവ് ബാങ്കുകൾ ഉള്ള ഹംസൻ എംബിബിഎസിനെ അത്രപെട്ടെന്നൊന്നും മലയാളികൾ മറക്കില്ല. ഹംസൻ ആയി വന്ന സുരാജിനെയും. മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിൽ ദിലീപിനൊപ്പം കോടീശ്വരനായി വേഷമണിഞ്ഞെത്തുന്ന ഹംസൻ എംബിബിഎസ് എന്ന സുരാജ് കഥാപാത്രം ഉടനീളം മണ്ടത്തരങ്ങൾ പറഞ്ഞു കൊണ്ട് പ്രേക്ഷകനെ ചിരിപ്പിച്ച ഒന്നായിരുന്നു. ഹംസയെ പരിചയപ്പെടുത്തുമ്പോൾ ദിലീപിന്റെ കഥാപാത്രം ഇയാൾക്ക് സ്വന്തമായി റിസർബാങ്ക് വരെ ഉണ്ട് എന്ന് പറയുന്നതിനിടെ മൂന്നെണ്ണം എന്ന് വീമ്പിളക്കുന്ന സുരാജ് ഏവരെയും പൊട്ടിച്ചിരിപ്പിച്ചു.

 

എന്നാൽ, സ്വന്തമായി റിസർബാങ്ക് ഉള്ള ഒരു വ്യക്തി ഉണ്ട് ഇന്ത്യയിൽ, ഇന്ത്യയിൽ അല്ല അങ്ങ് കൈലാസത്തിൽ. ആൾദൈവം എന്ന് സ്വയം വിശേഷിപ്പിച്ച നിത്യാനന്ദ. ആൾക്ക് ഇപ്പോൾ സ്വന്തമായി ഒരു റിസർബാങ്ക് ഉണ്ട്. 'റിസർബാങ്ക് ഓഫ് കൈലാസ' എന്ന പേരിൽ പുതുതായി ഒരു ബാങ്ക് തന്നേ താൻ പുറത്തിറക്കിയതാണ് നിത്യാനന്ദ ഫേസ്ബുക്കിൽ പങ്കിട്ട വീഡിയോയിൽ അറിയിച്ചത്. വിനായക ചതുർത്ഥിയിൽ ഗണപതിക്കുള്ള സമർപ്പണമായാണ് കൈലേഷ് ഡോളർ എന്നു പേരിട്ടിരിക്കുന്ന നിത്യാനന്ദയുടെ കറൻസിയും റിസർവ് ബാങ്ക് ഓഫ് കൈലാസ എന്ന ബാങ്കും അവതരിപ്പിച്ചത്. ഇത് ചരിത്ര നിമിഷമാണെന്നും ലോകമെമ്പാടുമുള്ള ഹിന്ദുക്കൾ ലോകത്ത് നിലവിലുള്ള ഒരേ ഒരു ഹിന്ദു രാഷ്ട്രമായ കൈലാസയുടെ പുതിയ സംരംഭത്തിൽ ആനന്ദിക്കുമെന്നും നിത്യാനന്ദ പറയുന്നു. 300 പേജുള്ള സാമ്പത്തികനയം താൻ ഇതിനോടകം തയ്യാറാക്കിയിട്ടുണ്ടെന്നും ആൾ ദൈവം നേരത്തെ പ്രഖ്യാപിച്ചിരുന്നു. തന്റെ ബാങ്കിന്റെ ആതിഥേയത്വം വഹിക്കാൻ മറ്റു രാജ്യങ്ങളുമായി കരാറൊപ്പിട്ടു എന്നും നിത്യാനന്ദ അവകാശപ്പെടുന്നു.

 

ഇന്ത്യയിൽ താൻ പിടിയിലാകുമെന്ന സ്ഥിതി ആയപ്പോഴാണ് നിത്യാനന്ദ രാജ്യത്തു നിന്നും മുങ്ങി കഴിഞ്ഞവർഷം കൈലാസം എന്ന പുതിയ രാഷ്ട്രം സ്ഥാപിച്ചു എന്ന വെളിപ്പെടുത്തലുമായി വന്നത്. സ്വന്തം രാജ്യങ്ങളിൽ ഹിന്ദുമതം ആചരിക്കാൻ ഉള്ള അവകാശം നഷ്ടപ്പെട്ട ഹിന്ദുക്കൾ സൃഷ്ടിച്ച അതിർത്തികളില്ലാത്ത രാഷ്ട്രമാണ് ഇതെന്നാണ് കൈലാസയുടെ ഔദ്യോഗിക വെബ്സൈറ്റ് അവകാശപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ഹിന്ദു രാഷ്ട്രം എന്നാണ് കൈലാസയെ അവർ സ്വയം വിശേഷിപ്പിക്കുന്നത്. ഇക്വഡോറിൽ നിത്യാനന്ദ വാങ്ങിയ ഒരു ചെറിയ ദ്വീപിലാണ് ഈ രാഷ്ട്രം സ്ഥിതിചെയ്യുന്നത് എന്ന ഊഹാപോഹങ്ങളും വാർത്തകളും പുറത്തുവന്നിരുന്നു. കൈലാസയ്ക്ക് സ്വന്തമായി പാസ്പോർട്ടും ഫ്ലാഗും സർക്കാരും ഉണ്ടെന്നാണ് നിത്യാനന്ദയുടെ വെളിപെടുത്തൽ. ഹിന്ദുത്വം അംഗീകരിക്കുന്ന അല്ലെങ്കിൽ നിത്യാനന്ദയുടെ കീഴിൽ കൂടുതൽ പരിശീലനം ആഗ്രഹിക്കുന്ന ഒരു ഹിന്ദുവിനാണ് കൈലാസയുടെ പൗരത്വം ലഭിക്കുക.

 

ശനിയാഴ്ച യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത് വീഡിയോയിൽ നിത്യാനന്ദയുടെ സെൻട്രൽ ബാങ്ക് കറൻസികളും നയതന്ത്ര കരാറുകളിൽ ഒപ്പുവെച്ചു രാജ്യങ്ങളിൽ ഉടൻ പ്രവർത്തനക്ഷമമാകും എന്നാണ് പ്രഖ്യാപനം. “ലോകത്തെ പീഡിപ്പിക്കപ്പെടുന്ന എല്ലാ ഹിന്ദുക്കൾക്കും സുരക്ഷിതമായ ഒരു അഭയസ്ഥാനം കൈലാസയിൽ വാഗ്ദാനം ചെയ്യുന്നു. അവിടെ അവർക്ക് സമാധാനപരമായി ജീവിക്കാനും അവരുടെ ആത്മീയത, കല, സംസ്കാരം നിലനിർത്തിക്കൊണ്ട് അക്രമണങ്ങളിൽ നിന്നും സ്വതന്ത്രമായി ജീവിക്കാൻ കഴിയും”.എന്നാണ്
വെബ്‌സൈറ്റിൽ പറയുന്നത്.

 

'കൈലേഷ്യൻ ഡോളർ'


യുട്യൂബിൽ സംപ്രേഷണം ചെയ്ത ഒരു ഗണപതി പൂജ പരിപാടിയ്ക്കിടെ നിത്യാനന്ദ കൈലാസയുടെ പുതിയ കറൻസി ഉയർത്തിപ്പിടിച്ചു കൊണ്ട് അതിന്റെ പ്രത്യേകതകൾ പറയുന്നു. കുറഞ്ഞത് എട്ട് വ്യത്യസ്ത വിഭാഗങ്ങളിലുള്ള 77 തരം സ്വർണ്ണ നാണയങ്ങലാണ് 'കൈലേഷ്യൻ ഡോളർ'.

ഇവ പലതരത്തിലുണ്ട് . ഒരു കൈലേഷ്യൻ ഡോളർ, നാലിലൊന്ന് കൈലേഷ്യൻ ഡോളർ, പകുതി കൈലേഷ്യൻ ഡോളർ, മൂന്നിലൊന്ന് കൈലേഷ്യൻ ഡോളർ, പത്ത് കൈലേഷ്യൻ ഡോളർ വരെ. പുരാതന 56 ഹിന്ദു രാഷ്ട്രങ്ങളുടെ കറൻസികളാണ് നാണയങ്ങളുടെ രൂപകൽപ്പനയ്ക്ക് പ്രചോദനമായതെന്നും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറയുന്നു.

 

നിത്യാനന്ദയുമായി ബന്ധപ്പെട്ട വിവാദങ്ങൾ?


വിവാദ നായകനായാണ് നിത്യാനന്ദ അറിയപ്പെട്ടിരുന്നത്. 'നിത്യാനന്ദ ധ്യാനപീതം' എന്ന പേരിൽ ഒരു ഹിന്ദു മതസംഘം സ്ഥാപിച്ച് സ്വയം ദേവനായി പ്രഖ്യാപിച്ചു. തുടർന്ന് ഏറെ കുറ്റകൃത്യങ്ങളിൽ നിത്യാനന്ദയെ പ്രതിചേർത്തിരുന്നു. ബലാത്സംഗം, കുട്ടികളെ തട്ടിക്കൊണ്ടുപോയി തന്റെ ആശ്രമത്തിൽ അനധികൃതമായി തടവിലാക്കൽ എന്നീ കുറ്റങ്ങൾ പോലീസ് നിത്യാനന്ദയ്ക്ക് മേൽ ചുമത്തിയിട്ടുണ്ട്.

 

2010 ൽ ടിവി ന്യൂസ് ചാനലുകളിൽ നിത്യാനന്ദയുടെ ഒരു വീഡിയോ വയറലായിരുന്നു. ഒരു തമിഴ് നടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതായ വീഡിയോ പുറത്തുവന്നതിന് ശേഷം, താൻ ബലഹീനനാണെന്നും കേവലം 'ശവാസന' പരിശീലിക്കുകയാണെന്നും പറഞ്ഞ് ആരോപണങ്ങളെയെല്ലാം നിത്യാനന്ദ നിരാകരിച്ചു.

 

2010 ഏപ്രിലിൽ ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിൽ നിന്ന് പോലീസ് പിടിയിലായ നിത്യാനന്ദ . പിന്നീട് ജാമ്യത്തിലിറങ്ങി. മക്കളെ തട്ടിക്കൊണ്ടുപോയി അഹമ്മദാബാദിലെ ആശ്രമത്തിൽ പാർപ്പിച്ചുവെന്ന് തമിഴ്‌നാട്ടിൽ നിന്നുള്ള ദമ്പതികൾ ആരോപിച്ചതിനെ തുടർന്ന് 2019 ൽ ഇയാൾക്കെതിരെ കേസെടുത്തിരുന്നു . കുട്ടികളെ തട്ടിക്കൊണ്ടുപോകൽ, അനധികൃതമായി തടവിലാക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി പോലീസ് നിത്യാനന്ദയ്‌ക്കെതിരെ കേസെടുത്തു.പിന്നീട് 19 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന കുറ്റവും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

 

50 ലധികം കോടതി ഹിയറിംഗുകളിൽ നിത്യാനന്ദ ഹാജരാകാതിരുന്നതിരുന്നതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ 2019 നവംബറിൽ അയാൾ രാജ്യത്ത് നിന്ന് രക്ഷപ്പെട്ടെന്ന് ഗുജറാത്ത് പോലീസ് അറിയിച്ചു. പിന്നീട് ട്രിനിഡാഡിലേക്കും ടൊബാഗോയിലേക്കും പലായനം ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

 

 

 

 

OTHER SECTIONS