പെൺകുട്ടിക്കോ കുടുംബത്തിനോ പരാതിയില്ല; വിവാദ സംഭവത്തിൽ ന്യായീകരണവുമായി സമസ്ത

By santhisenanhs.14 05 2022

imran-azhar

 

പൊതുവേദിയിൽ വിദ്യാർത്ഥിനിയെ അപമാനിച്ചതിനെ തുടർന്നുണ്ടായ വിവാദത്തിൽ ന്യായീകരണവുമായി സമസ്ത. വിവാദ നടപടിയെ പൂർണമായും ന്യായീകരിച്ച് ജിഫ്രി മുത്തുക്കോയ തങ്ങൾ രംഗത്തെത്തി. പെൺകുട്ടിക്ക് മാനസിക പ്രശ്നം ഉണ്ടാകുമെന്ന് കരുതിയാണ് മാറ്റിനിർത്തിയത്. അപമാനിക്കാനാണ് ഉദ്ദേശമെങ്കിൽ പുരസ്കാരം നൽകില്ലായിരുന്നു. പെൺകുട്ടിക്കോ കുടുംബത്തിനോ സമസ്തയ്ക്കെതിരെ പരാതിയില്ലെന്നും സംഭവം വിവാദമാക്കേണ്ട കാര്യമില്ലെന്നുമാണ് ജിഫ്രി മുത്തുക്കോയ തങ്ങൾ വിശദീകരിക്കുന്നത്.

 

പെൺകുട്ടിയെ വേദിയിൽ അപമാനിച്ചിട്ടില്ലെന്ന് എംടി അബ്ദുള്ള മുസ്ലിയാർ പറഞ്ഞു. പെൺകുട്ടിക്ക് ലജ്ജ തോന്നിയതിനെ തുടർന്നാണ് പെൺകുട്ടിയെ വേദിയിൽ നിന്ന് ഇറക്കിവിട്ടതെന്നാണ് സമസ്തയുടെ പുതിയ വിശദീകരണം. സമസ്തയുടെ നിലപാടുകൾ കാലോചിതമായി പരിഷ്കരിച്ചവയാണെന്നും ബാലാവകാശ കമ്മിഷന്റെ കേസിനെ നിയമപരമായി നേരിടുമെന്നും സമസ്ത വ്യക്തമാക്കി.

 

വിവാദത്തിൽ സമസ്ത സെക്രട്ടറിയെ പിന്തുണച്ച് സുന്നി യുവജന സംഘം (എസ്.വൈ.എസ്. ) സംസ്ഥാന ജനറൽ സെക്രട്ടറി, വർക്കിങ് സെക്രട്ടറി, സെക്രട്ടറി എന്നിവർ രംഗത്തെത്തിയിരുന്നു. വിഷയത്തിൽ മതപണ്ഡിതനെ ഒറ്റപ്പെടുത്തുന്നത് ചെറുക്കും. പെൺകുട്ടികളെ പരപുരുഷന്മാർക്ക് മുന്നിൽ പ്രദർശിപ്പിക്കരുതെന്ന് പറയുന്നത് സ്ത്രീ സംരക്ഷണത്തിനാണ്. ഇസ്ലാമിലെ ഹിജാബ് നിയമം സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ളതാണ്. ഹിജാബ് നിയമം ഉള്ളിടത്ത് പീഡനമില്ലെന്നും എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രതികരിച്ചിരുന്നു.

 

പെൺകുട്ടിയെ വിലക്കിയ സംഭവം മതനിയമമാണെന്ന് സുന്നി യുവജനസംഘം നേതാവ് സത്താർ പന്തല്ലൂർ ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചിട്ടുണ്ട്. അന്യ സ്ത്രീ പുരുഷൻമാർ തമ്മിൽ ഇടകലരാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക എന്നതാണ് ഇതിന്റെ മതതാത്പര്യം. ആര് അപരിഷ്‌കൃതം എന്ന് വിളിച്ചാലും ഇതാണ് മതനിയമം എന്ന് അഭിമാനത്തോടെ പറയും. മതപണ്ഡിതർ വിശ്വാസികൾക്കിടയിൽ നടത്തുന്ന ഉദ്‌ബോധനങ്ങളും ശാസനകളും പുറമെയുള്ളവർക്ക് ഉൾക്കൊള്ളാൻ പ്രയാസമാവുക സ്വാഭാവികമാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു.

 

പെരിന്തൽമണ്ണയിൽ മദ്രസ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ സർട്ടിഫിക്കറ്റ് ദാന ചടങ്ങിലേക്ക് ക്ഷണിച്ചതിൽ സമസ്ത നേതാവ് എതിർപ്പുന്നയിച്ചതാണ് വിവാദമായത്. സംഭവത്തിൽ വ്യാപകമായ വിമർശനങ്ങളാണ് ഉയർന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉൾപ്പെടെയുള്ളവർ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

OTHER SECTIONS