മക്കൾക്ക് ചികിത്സയ്ക്ക് പണമില്ല : അവയവം വിൽക്കാനുണ്ടെന്ന ബോർഡ് സ്ഥാപിച്ച് വീട്ടമ്മയുടെ വ്യത്യസ്ത സമരം

By online desk .21 09 2020

imran-azhar

 


കൊച്ചി: സ്വന്തം ബന്ധുക്കളുടെയോ കൂടപ്പിറപ്പുകളുടെയോ ചികിത്സയ്ക്ക് പോലും പണമില്ലാതെ സഹായം അഭ്യർത്ഥിച്ചു കൊണ്ടുള്ള ധാരാളം വാർത്തകൾ നാം കാണാറും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുമുണ്ട്. എന്നാൽ, മക്കളുടെ ചികിത്സയ്ക്ക് പണം ലഭിക്കാതെ എല്ലാ വാതിലുകളും അടഞ്ഞപ്പോൾ ശാന്തി എന്ന വീട്ടമ്മ പ്രതിഷേധവുമായി തെരുവിലിറങ്ങി. പ്രതിഷേധത്തിന് വീട്ടമ്മ സ്വീകരിച്ച വ്യത്യസ്ത രീതിയാണ് ഈ സമരത്തെ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമാക്കിയത്. ചികിത്സയ്ക്ക് പണം ലഭിക്കാനായി അവയവങ്ങൾ വിൽക്കാനുണ്ട് എന്നെഴുതിയ ബോർഡ് സ്ഥാപിച്ചാണ് ശാന്തി തന്റെ മക്കളോടൊപ്പം സമരം ചെയ്യുന്നത്.

 

മക്കളുടെ ചികിത്സയ്ക്ക് പോലും പണം കണ്ടെത്താനാവാതെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് വാടകവീടും ഒഴിയേണ്ടി വന്നത്. തുടർന്ന്, കൊച്ചി കണ്ടെയ്നർ റോഡിൽ രോഗബാധിതരായ മക്കൾക്കൊപ്പം ശാന്തി എന്ന വീട്ടമ്മ കുടിൽ കെട്ടി സമരം ആരംഭിച്ചു. മൂന്നു മക്കൾക്കും ശസ്ത്രക്രിയയ്ക്ക് പണം ലഭിക്കാതെ ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ് വാടകവീടും ഒഴിഞ്ഞു കൊടുക്കേണ്ടി വന്നത്. ഇതോടെ മക്കളുടെ ചികിത്സയ്ക്കു കടം വീട്ടാനായി അവയവങ്ങൾ വിൽക്കാനുണ്ടെന്ന ബോർഡ് ശാന്തി സ്ഥാപിച്ചു. കടുത്ത സാമ്പത്തിക പ്രശ്നത്തിൽ നിന്നും കര കയറാൻ പല വഴികൾ നോക്കിയെങ്കിലും നടന്നില്ല. ഏറ്റവും അവസാനമാണ് ഇത്തരമൊരു സമരരീതി തിരഞ്ഞെടുത്തത്. മൂത്തമകന് തലയ്ക്കും, രണ്ടാമത്തെ മകന് വയറിലും, മകൾക്ക് കണ്ണിലും ആണ് ശസ്ത്രക്രിയ വേണ്ടി വന്നത്. ഹൃദയം അടക്കമുള്ള അവയവങ്ങൾ വില്പനയ്ക്ക് എന്നെഴുതിയാണ് ബോർഡ് സ്ഥാപിച്ചത്. റോഡിൽ സമരം ചെയ്ത ഈ അമ്മയെയും മക്കളെയും പോലീസും ചൈൽഡ് ലൈൻ അധികൃതരും എത്തി പിന്നീട് മുളവുകാട് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

 

കുട്ടികളുടെ ചികിത്സയ്ക്ക് ആവശ്യമായ സഹായങ്ങൾ നൽകാമെന്ന് അധികൃതരും ഉറപ്പുനൽകിയിട്ടുണ്ട്. ഇന്നലെയാണ് ഹൃദയം ഉൾപ്പെടെയുള്ള തന്റെ അവയവങ്ങൾ വില്പനയ്ക്ക് എന്ന ബോർഡുമായി കൊച്ചി കണ്ടെയ്നർ റോഡിൽ ശാന്തി എന്ന വീട്ടമ്മ സമരം ആരംഭിച്ചത്, ഓ നെഗറ്റീവ് രക്ത ഗ്രൂപ്പ് ആണ് തന്റേതെന്നും കടുത്ത കടബാധ്യത യാൽ മക്കളുടെ ചികിത്സയ്ക്ക് പോലും മറ്റുമാർഗങ്ങൾ ഇല്ലെന്നും വ്യക്തമാകുന്ന തരത്തിൽ ആണ് ഫോൺ നമ്പർ അടക്കം ബോർഡ് സ്ഥാപിച്ചത്.

 

 

OTHER SECTIONS