ലാലുവിന്റെ ആര്‍.ജെ.ഡിക്കൊപ്പമില്ലെന്ന് കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടി

By Shyma Mohan.07 Dec, 2017

imran-azhar


    ന്യൂഡല്‍ഹി: അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെടാനുള്ള ലാലു പ്രസാദ് യാദവിന്റെ ആര്‍.ജെ.ഡിയുടെ നീക്കം തള്ളി എ.എ.പി.  2019 പൊതുതിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ എ.എ.പിയെയും കോണ്‍ഗ്രസിനെയും ഒറ്റപന്തലിലെത്തിക്കാനുള്ള ലാലുവിന്റെ നീക്കങ്ങളെയാണ് എ.എ.പി വക്താവ് രാഘവ് ചദ തള്ളിക്കളഞ്ഞത്. ആര്‍.ജെ.ഡിയുമായി സഖ്യത്തിലാകാനുള്ള സാധ്യതകളൊന്നുമില്ലെന്ന് ചദ പത്രസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞയാഴ്ച ബി.ജെ.പിയുടെ ഏകാധിപത്യത്തിനെതിരെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളോടും ഐക്യപ്പെടണമെന്ന് ആര്‍.ജെ.ഡി വക്താവ് മനോജ് ഝാ ആവശ്യപ്പെട്ടിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാളിനെ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ച് കണ്ട ലാലുവിന്റെ മകന്‍ തേജസ്വി യാദവും മുഖ്യമന്ത്രി കെജ്‌രിവാളിനോട് ഇതേ ആവശ്യം ഉന്നയിക്കുകയുണ്ടായി. ആര്‍.ജെ.ഡിയും എ.എ.പിയും ഒരുമിച്ചു വരുന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്ന് എ.എ.പി സ്ഥാപക നേതാവായ കുമാര്‍ വിശ്വാസും പറയുകയുണ്ടായി. 2015ലെ ബീഹാര്‍ അസംബ്ലി തിരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡിയോടൊപ്പം വിശാല സഖ്യത്തിലുണ്ടായിരുന്ന നിതീഷ് കുമാറിനായി വോട്ട് രേഖപ്പെടുത്തണമെന്ന് കെജ്‌രിവാള്‍ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ തനിക്കുനുവേണ്ടി പ്രചാരണത്തിനിറങ്ങണമെന്ന് നിതീഷിന്റെ ആവശ്യം കെജ്‌രിവാള്‍ തള്ളിക്കളഞ്ഞിരുന്നു. 2013ല്‍ കാലിത്തീറ്റ കുംഭകോണത്തില്‍ ശിക്ഷിക്കപ്പെട്ട ലാലുവിനൊപ്പം അണിചേരാന്‍ എ.എ.പിക്കാവില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചത്.  

OTHER SECTIONS