സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യില്ലെന്ന് നഴ്​​സിംഗ് വിദ്യാര്‍ഥികള്‍

By Subha Lekshmi B R.17 Jul, 2017

imran-azhar

കണ്ണൂര്‍: സ്വകാര്യ ആശുപത്രികളില്‍ ഡ്യൂട്ടി നോക്കാനുള്ള കണ്ണൂര്‍ കളക്ടറുടെ ഉത്തരവില്‍ പ്രതിഷേധിച്ച് പരിയാരം മെഡിക്കല്‍ കോളജിലെ നഴ്സിംഗ് വിദ്യാര്‍ഥികള്‍ ക്ളാസ് ബഹിഷ്കരിച്ചു. കളക്ടറുടെ ഉത്തരവ് പ്രകാരം സ്വകാര്യ ആശുപത്രികളില്‍ ജോലിക്ക് കയറാന്‍ കഴിയില്ളെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. നഴ്സുമാരുടെ സമരം നേരിടാനായിരുന്നു കളക്ടര്‍ വിദ്യാര്‍ഥികളെ ജോലിക്ക് നിയോഗിച്ചുകൊണ്ട് ഉത്തരവിറക്കിയത്.

 

സമരം നടക്കുന്ന ജില്ളയിലെ സ്വകാര്യ ആശുപത്രികളിലേക്ക് 10 വീതം നഴ്സിംഗ് വിദ്യാര്‍ഥികളെ അയക്കാനാണ് ജില്ളാ കളക്ടര്‍ ഞായറാഴ്ച രാത്രി ഉത്തരവ് പുറപ്പെടുവിച്ചത്. ജില്ളയിലെ നഴ്സിംഗ് കോളജുകളിലെ ഒന്നാം വര്‍ഷക്കാര്‍ ഒഴികെയുള്ള വിദ്യാര്‍ഥികളെ സമരം നടക്കുന്ന ആശുപത്രികളിലെത്തിക്കാനായിരുന്നു ജില്ളാ ഭരണകൂടത്തിന്‍റെ ശ്രമം. അഞ്ച് ദിവസത്തേക്കാണ് കളക്ടറുടെ ഉത്തരവ്. യാത്രാ ചെലവിനും ഭക്ഷണത്തിനുമായി ഒരു വിദ്യാര്‍ഥിക്ക് ദിവസം 150 രൂപ വീതം നല്‍കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചിരുന്നു. ജില്ളയിലെ ഒന്‍പത് ആശുപത്രികളിലാണ് നഴ്സിംഗ് വിദ്യാര്‍ഥികളെ നിയോഗിച്ചിരുന്നത്.

 

ആശുപത്രികളില്‍ എത്തുന്ന വിദ്യാര്‍ഥികളുടെ ജോലിക്ക് തടസമുണ്ടാകാതിരിക്കാന്‍ ഒന്‍പത് സ്വകാര്യ ആശുപത്രികളുടെയും പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ആശുപത്രികളുടെ പരിസരത്ത് പൊലീസ് സേനയെയും നിയോഗിച്ചിട്ടുണ്ട്.

 

നഴ്സുമാരുടെ സമരത്തെ തുടര്‍ന്ന് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ളകളിലെ സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം സ്തംഭിച്ചിരിക്കുകയാണ്. നഴ്സുമാരുടെ സമരത്തിന് പിന്തുണയുമായി വിവിധ യുവജന സംഘടനകളും രംഗത്തുണ്ട്.

OTHER SECTIONS