സൂപ്പര്‍ പവര്‍ തനിക്കെന്ന് പറയുന്നു; എന്നാല്‍ ഒന്നും ചെയ്യുന്നില്ല: ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതി

By Shyma Mohan.12 Jul, 2018

imran-azhar


ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനുകളുടെ ചുമതല ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്കായിട്ടും മാലിന്യ കൂമ്പാരം നീക്കം ചെയ്യാന്‍ ആവശ്യമായ നടപടി സ്വീകരിക്കാത്തതില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് സുപ്രീം കോടതി. ജസ്റ്റിസുമാരായ എംബി ലോകൂര്‍, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ചാണ് ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാലിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. മാലിന്യം നീക്കം ചെയ്യുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കുണ്ട്. എന്നാല്‍ അദ്ദേഹം അത് വിനിയോഗിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. താങ്കള്‍ പറയുന്നു മാലിന്യം നീക്കം ചെയ്യല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളുടെ ചുമതലയാണെന്നും അവയ്ക്കുമേല്‍ തനിക്കാണ് അധികാരമെന്നും എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. എന്നാല്‍ താങ്കള്‍ മാലിന്യം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് എത്ര നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചുവെന്നും മാലിന്യക്കൂമ്പാരം നീക്കം ചെയ്യാന്‍ എത്ര സമയമെടുക്കുമെന്നും കോടതി ചോദിച്ചു. ഡല്‍ഹിയിലെ ഒഖ്‌ല, ഭല്‍സ്വ, ഗാസിപൂര്‍ എന്നിവിടങ്ങളിലെ മാലിന്യ കൂമ്പാരം നീക്കം ചെയ്യുന്നത് ആരുടെ ഉത്തരവാദിത്തമാണെന്നും കോടതി ചൊവ്വാഴ്ച ആരാഞ്ഞിരുന്നു. നേരത്തെ ഡല്‍ഹിയില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്കാണോ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള എഎപി സര്‍ക്കാരിനാണോ അധികാരമെന്ന വിഷയത്തില്‍ സുപ്രീം കോടതി കെജ്‌രിവാളിന് അനുകൂല വിധിയായിരുന്നു സ്വീകരിച്ചിരുന്നത്.