ഓണം വാരാഘോഷത്തിന് ഇന്ന് തിരിതെളിയും

By SUBHALEKSHMI B R.03 Sep, 2017

imran-azhar

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരിന്‍റെ ഓണം വാരാഘോഷത്തിന് ഇന്ന് തലസ്ഥാനനഗരിയില്‍ തിരിതെളിയും. നിശാഗന്ധിയില്‍ വൈകിട്ട് 6.15ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. നഗരത്തിനകത്തും പുറത്തുമായി 30 വേദികളിലാണ് പരിപാടി. മമ്മൂട്ടി, മഞ്ജുവാര്യര്‍ എന്നിവരുടെ സാന്നിധ്യം ഉദ്ഘാടനദിനമായ ഇന്ന് പരിപാടിക്ക് മാറ്റുകൂട്ടും. സ്പീക്കര്‍ ശ്ര ീരാമകൃഷ്ണന്‍ ഓണസന്ദേശം നല്‍കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് മഞ്ജുവാര്യര്‍, വിജയ്യേശുദാസ് എന്നിവരുടെ നേതൃത്വത്തില്‍ നൃത്തസംഗീതവിരുന്ന് നടക്കും.

 

ഓണാഘോഷത്തിന്‍റെ ഭാഗമായി നഗരവീഥികളെല്ലാം ദീപപ്രഭയില്‍ മുങ്ങിക്കഴിഞ്ഞു. കവടിയാര്‍ മുതല്‍ മണക്കാട് വരെയാണ് ഇത്തവണ ഓണക്കാഴ്ച. നഗരത്തിലെ വിവിധ കോളജുകളിലും കനകക്കുന്നിലും വിവിധ കലാപരിപാടികള്‍ അരങ്ങേറും. കെടിഡിസി ഭക്ഷ്യമേളയും കനകക്കുന്ന് സൂര്യകാന്തിയിലെ വ്യാപാരമേള , സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി ശംഖുമുഖത്തെ പ്രത്യേകവേദി എന്നിങ്ങനെ ഇത്തവണയും സര്‍ക്കാരിന്‍റെ ഓണം വാരാഘോഷം പൊടിപൊടിക്കും. സെപ്തംബര്‍ ഒന്‍പതിന് ഘോഷയാത്രയോട് കൂടി വാരാഘോഷം സമാപിക്കും.