ചീറ്റപ്പുലികളില്‍ ഒന്ന് ഗര്‍ഭിണി? വാര്‍ത്ത നിഷേധിച്ച് പാര്‍ക്ക് അധികൃതര്‍

By Shyma Mohan.01 10 2022

imran-azhar

 


ഭോപ്പാല്‍: സെപ്തംബര്‍ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തില്‍ കുനോ ദേശീയ ഉദ്യാനത്തിലേക്ക് തുറന്നുവിട്ട ചീറ്റകളില്‍ ഒന്ന് ഗര്‍ഭിണിയെന്ന് റിപ്പോര്‍ട്ടുകള്‍.

 

ആഷ എന്ന പെണ്‍ചീറ്റയാണ് ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്. അവള്‍ ഗര്‍ഭിണിയായിരിക്കാം. ഞങ്ങള്‍ ഉറപ്പിച്ച് പറയാന്‍ കഴിയില്ല. പക്ഷേ അങ്ങനെയാണ് വിശ്വസിക്കുന്നതെന്ന് ചീറ്റ കണ്‍സര്‍വേഷന്‍ ഫണ്ടിലെ ഡോ.ലോറി മാര്‍ക്കര്‍ പറഞ്ഞു. അടുത്തതായി എന്ത് സംഭവിക്കുമെന്ന് കാണാന്‍ കാത്തിരിക്കുകയാണ് ഞങ്ങള്‍. സിസിഎഫ് ഉള്‍പ്പെടുന്ന കുനോയിലെ പ്രോജക്ട് ചീറ്റ ടീം ഒരുങ്ങുന്നുണ്ട്. അവള്‍ക്ക് കുഞ്ഞുങ്ങളുണ്ടെങ്കില്‍ നമീബിയയില്‍ നിന്നുള്ള മറ്റൊരു സമ്മാനമായിരിക്കുമെന്നും ഡോ.ലോറി മാര്‍ക്കര്‍ പറഞ്ഞു.

 

എന്നാല്‍ കുനോ ദേശീയ പാര്‍ക്കിലെ ഉദ്യോഗസ്ഥനായ പ്രകാശ് കുമാര്‍ വര്‍മ്മ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചു. പെണ്‍ചീറ്റ ഗര്‍ഭിണിയാണെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമാണ്. നമീബിയയില്‍ നിന്ന് ഒരു പരിശോധനയും നടത്തിയിട്ടില്ല. ഗര്‍ഭധാരണ റിപ്പോര്‍ട്ടും നല്‍കിയിട്ടില്ല. ഈ വാര്‍ത്ത എങ്ങനെയാണ് പ്രചരിച്ചതെന്ന് എനിക്കറിയില്ലെന്നായിരുന്നു പ്രകാശ് കുമാര്‍ പ്രതികരിച്ചത്.

 

ആഷ എന്ന പെണ്‍ചീറ്റയെ കൂടാതെ ഫ്രെഡി, എല്‍ട്ടണ്‍, ഒബാന്‍ എന്നീ മൂന്ന് ആണ്‍ചീറ്റകളും സിയായ, സാഷ, ടിബിലിസി, സവന്ന എന്നീ നാല് പെണ്‍ചീറ്റകളും നമീബിയയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ഇന്ത്യയില്‍ എത്തിച്ചവയാണ്.

 

OTHER SECTIONS