പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏകജാലക സംവിധാനം പരിഗണിക്കും -മുഖ്യമന്ത്രി

By online desk .23 01 2021

imran-azhar

 

തിരുവനന്തപുരം : പ്രവാസികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടപ്പാക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും ഏകജാലക സംവിധാനം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രവാസി മലയാളികളുമായി മാസ്‌കറ്റ് ഹോട്ടലിൽ നടത്തിയ ആശയവിനിമയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ തദ്ദേശസ്ഥാപനത്തിലെയും പ്രവാസികളുടെ പട്ടിക തയാറാക്കി അവരുടെ യോഗം വിളിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുവഴി നാട്ടിലെ പദ്ധതികളിൽ പ്രവാസികൾക്ക് സഹകരിക്കാൻ കഴിയും. നാടും പ്രവാസികളുമായുള്ള ബന്ധം ഇതിലൂടെ ശക്്തമാകും.വികസനപദ്ധതികൾക്ക് 15 ഏക്കർ എന്ന സ്ഥലപരിധി തടസ്സമായി വരില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ ആവശ്യമായ ഇളവിന്റെ കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ടെന്നും ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു.


ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഇതിനായി ബജറ്റിൽ പറഞ്ഞ കാര്യങ്ങൾക്ക് പുറമേ കൂടുതൽ പദ്ധതികൾ ആവിഷ്‌കരിക്കും. യൂണിവേഴ്സിറ്റികളിലും കലാലയങ്ങളിലും വലിയതോതിൽ അടിസ്ഥാനസൗകര്യങ്ങളും ഫാക്കൽറ്റിയും വിപുലമാക്കും.സംസ്ഥാനത്ത് കോഴ്സുകൾ ലഭ്യമാകാത്തതിനാൽ പുറത്തുപോയി പഠിക്കേണ്ടിവരുന്ന അവസ്ഥ മാറ്റും. മറ്റു സംസ്ഥാനങ്ങളിൽനിന്നും രാജ്യങ്ങളിൽ നിന്നും ഇവിടേക്ക് വിദ്യാർഥികളെ ആകർഷിക്കുന്ന രീതിയിലുള്ള വളർച്ചയാണ് ഉദ്ദേശിക്കുന്നത്.


ടൂറിസം മേഖലയുടെ അഭിവൃദ്ധിക്കായി ഇൻഫ്രാസ്ട്രക്ചർ കമ്പനിയുൾപ്പെടെയുള്ള പ്രത്യേക സംവിധാനങ്ങൾ വേണമെന്നതിന്റെ സാധ്യതയും പരിശോധിക്കും.മെഡിക്കൽ ടൂറിസം രംഗത്തെ സാധ്യതകൾ കേരളം ഉപയോഗപ്പെടുത്തുന്നത് ഗൗരവമായി പരിശോധിക്കും. ആരോഗ്യരംഗത്ത് പോഷണക്കുറവും വളർച്ചക്കുറവും വിളർച്ചയും പരിഹരിക്കാൻ നടപടിയുണ്ടാകും. കേരളത്തിൽ മരുന്നുനിർമാണ യൂണിറ്റുകൾക്ക് നല്ല സാധ്യതയുണ്ട്.വിപുലമായ മെഡിക്കൽ ഹെൽപ്പ്ലൈൻ വേണമെന്ന ആശയവും പരിഗണിക്കും. കോവിഡ് കാലത്ത് ഓൺലൈൻ ട്രീറ്റ്മെൻറ് സൗകര്യം ഒരുക്കിയിരുന്നു.


കേരളത്തിലെ നദികളുടെ വെള്ളം ശുദ്ധമാക്കി നിലനിർത്താനുള്ള നടപടികൾ ഹരിതകേരളം മിഷന്റെ ഉൾപ്പെടെ ഭാഗമായി തുടരും. ഇതിനു പ്രാമുഖ്യം തുടരുന്നതിനൊപ്പം കുടിവെള്ള പദ്ധതികളും ആലോചിക്കും. ഭൂമി തരിശുകിടക്കാതെ കൃഷി വർധിപ്പിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ട്. ഇതിൽ കൂടുതൽ ശ്രദ്ധ നൽകും. എല്ലാം വീടുകളിലും ശുദ്ധജലം ടാപ്പിലൂടെ ലഭ്യമാക്കുന്ന വലിയ മാറ്റമാണ് നടപ്പാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്പോർട്സ് രംഗവുമായി ബന്ധപ്പെട്ട വികസനവും പരിഗണനയിലുണ്ട്.
പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന തൊഴിൽ സംസ്‌കാരം സംസ്ഥാനത്ത് വന്നിട്ടുണ്ട്. ഇത് കൂടുതൽ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ നോർക്ക റൂട്ട്സിന്റെ ഇ-ന്യൂസ് ബുള്ളറ്റിന്റെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു.

 

OTHER SECTIONS