ഓപ്പറേഷന്‍ ബചത് : കെഎസ്എഫ്ഇയില്‍ വന്‍ ക്രമക്കേട്, ബിനാമി പേരുകളില്‍ ജീവനക്കാര്‍ ചിട്ടി പിടിക്കുന്നു

By ബി.വി. അരുണ്‍ കുമാര്‍.28 11 2020

imran-azhar

 

 

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന ധനകാര്യ സ്ഥാപനമായ കെഎസ്എഫ്ഇയിലും ക്രമക്കേട്. ഓപ്പറേഷന്‍ ബചതിന്റെ ഭാഗമായി വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ചിട്ടി നടത്തിപ്പിലും സ്വര്‍ണപ്പണയവും സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് വിജിലന്‍സ് രഹസ്യ പരിശോധന നടത്തിവരികയായിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്നലെ സംസ്ഥാനത്ത് വിവിധയിടങ്ങളിലെ കെഎസ്എഫ്ഇ ശാഖകളില്‍ പരിശോധന നടത്തിയത്. 40 ശാഖകളില്‍ നടത്തിയ പരിശോധനയില്‍ 35 ഇടങ്ങളിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. തൃശൂരിലാണ് ഗുരുതരമായ കണ്ടെത്തല്‍ വിജിലന്‍സ് നടത്തിയിരിക്കുന്നത്. 

 

ഒരാള്‍ക്ക് പത്തു ചിട്ടിയില്‍ കൂടുതല്‍ ചേരാനാകില്ലെന്നാണ് ചട്ടം. എന്നാല്‍ തൃശൂരില്‍ ഒരു ബ്രാഞ്ചിയില്‍ ഒരാള്‍ക്ക് 20 ചിട്ടിയും മറ്റൊരു ശാഖയില്‍ ഒരാള്‍ക്ക് പത്തു ചിട്ടിയുമുണ്ടെന്ന് കണ്ടെത്തി. അതും വലിയ തുകയ്ക്കുള്ള ചിട്ടിയിലാണ് അംഗത്വമെടുത്തിട്ടുള്ളത്. അതിനു പുറമെ ചിറ്റാളന്‍മാര്‍ നല്‍കുന്ന ആദ്യ ഗഡു ട്രഷറിയിലോ ദേശസാല്‍ക്കൃത ബാങ്കിലോ അടയ്ക്കണമെന്നാണ് ചട്ടം. എന്നാല്‍ ബ്രാഞ്ച് മാനേജര്‍മാരോ, മറ്റ് ഉദ്യോഗസ്ഥരോ ഇതു പാലിച്ചിട്ടില്ലെന്നും ഈ പണം വകമാറ്റി ചെലവഴിക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
ചെക്ക് മുഖേനയാണ് കുറിച്ച് ആവശ്യമായ പണം നല്‍കുന്നതെങ്കില്‍ ആ ചെക്ക് ബാങ്കില്‍ ചെന്ന് മാറി വന്നാല്‍ മാത്രമേ ഒരാളെ ലേലത്തിലോ, നറുക്കെടുപ്പിലോ ചേര്‍ക്കാന്‍ പാടുള്ളു. എന്നാല്‍ പലയിടത്തും ചെക്ക് മാറിവരുന്നതിനു മുമ്പുതന്നെ പലരെയും ലേലത്തിലും നറുക്കെടുപ്പുകളിലും ചേര്‍ത്തിരിക്കുന്നു. ചിലയിടങ്ങളില്‍ ചെക്കുകള്‍ പിന്നീട് മാറാതെ മടങ്ങിവന്ന സംഭവങ്ങളും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.


40 പേര്‍ ചേരേണ്ട വലിയ ചിട്ടികളും കെഎസ്എഫി നടത്തുന്നുണ്ട്. ഈ ചിട്ടികളില്‍ 15ഉം 20 പേര്‍ മാത്രമേ ചേര്‍ന്നിട്ടുള്ളുവെന്നും മാനേജര്‍മാര്‍ക്ക് നല്‍കിയിട്ടുള്ള ടാര്‍ജറ്റ് തികയ്ക്കാന്‍ വേണ്ടി ബാക്കി പേരുകള്‍ വെറുതെ എഴുതിയിടുകയാണെന്നും കണ്ടെത്തിയിട്ടുണ്ട്. ജീവനക്കാരുടെ ബന്ധുക്കളെയോ, ബിനാമികളുടെ പേരോ ആണ് ഇത്തരത്തില്‍ എഴുതിയിടാറുള്ളത്. കുറച്ചുമാസം അവരുടെ വിഹിതം അടയ്ക്കാറുണ്ട്.
പിന്നീട് കെഎസ്എഫിഇയുടെ തനതു ഫണ്ടില്‍ നിന്നും ഇവര്‍ക്കു വേണ്ടി പണം അടയ്ക്കുന്നുവെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. ഇത് കെഎസ്എഫ്ഇക്ക് വന്‍ നഷ്ടമാണ് വരുത്തിവയ്ക്കുന്നതെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.

 

ഓഡിറ്റ് നടത്തുന്ന ഒരു സ്ഥാപനത്തില്‍ ഇത്തരം സംഭവങ്ങള്‍ നടന്നിട്ടും എന്തുകൊണ്ടാണ് ഇതുവരെ കണ്ടെത്താത്തതെന്ന ചോദ്യം വിജിലന്‍സ് ഉയര്‍ത്തുന്നുണ്ട്. ഓരോ ചിട്ടികളിലും ചട്ടവിരുദ്ധമായ കാര്യങ്ങള്‍ നടക്കുന്നുണ്ട്. വലിയ തുകയ്ക്കുള്ള ചിട്ടികളും കെഎസ്എഫ്ഇ നടത്തുന്നുണ്ട്. ഇതില്‍ പലതും കള്ളപ്പണം വെളുപ്പിക്കാന്‍ വേണ്ടിയാണോ കൂടുതല്‍ ആളുകളെ ചിട്ടികളില്‍ ചേര്‍ക്കുന്നതെന്നും സംശയമുണ്ട്. പരിശോധനയുടെ കൂടുതല്‍ വിശദാംശങ്ങള്‍ വിജിലന്‍സ് ശേഖരിച്ചു വരുന്നതേയുള്ളു. ഓരോ ജില്ലയില്‍ നിന്നുള്ള എസ്പിമാരുടെ റിപ്പോര്‍ട്ട് ശേഖരിച്ചു വരുന്നതായും ഉടന്‍തന്നെ ഇതുസംബന്ധിച്ച് വിശദാംശങ്ങള്‍ ലഭ്യമാകുമെന്നും വിജിലന്‍സ് ആസ്ഥാനം അറിയിച്ചു.

 

അതേസമയം ചെറിയ ചിട്ടികളില്‍ ചേര്‍ന്നവര്‍ക്ക് യാതൊരു ആശങ്കയും വേണ്ടെന്ന് വിജിലന്‍സ് പറയുന്നു. വന്‍കിട ചിട്ടി ഇടപാടുകളിലാണ് സംശയം ഉള്ളതെന്നും വിജിലന്‍സ് പറഞ്ഞു. മാത്രമല്ല 40 ശാഖകളില്‍ മാത്രമാണ് പരിശോധന നടത്തിയിട്ടുള്ളത്. സംസ്ഥാനത്ത് ഇതിലും കൂടുതല്‍ ശാഖകളുണ്ട്. ഇവിടങ്ങളിലും പരിശോധന നടത്തിവരികയാണെന്നും വിജിലന്‍സ് അറിയിച്ചു.

 

 

OTHER SECTIONS