മന്ത്രി കെ.ടി ജലീൽ രാജിവെക്കണമെന്ന് പ്രതിപക്ഷം; ജലീൽ ചോദ്യംചെയ്യലിന് വിധേയനായത് സംസ്ഥാനത്തിന് നാണക്കേടെന്ന് ചെന്നിത്തല

By online desk .17 09 2020

imran-azhar

 


തിരുവനന്തപുരം: കെ.ടി ജലീലിനെ ചോദ്യം ചെയ്യുന്ന സാഹചര്യത്തിൽ മന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷം. ശിവശങ്കറിനെ മാറ്റിനിർത്തിയത് എൻഐഎ ചോദ്യംചെയ്തപ്പോഴാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മന്ത്രി എൻഐഎയുടെ ചോദ്യം ചെയ്യലിന് വിധേയനായി എന്ന് പറയുന്നത് കേരളത്തിന് തന്നെ നാണക്കേടാണ്. കേരള ജനതയ്ക്ക് അപമാനകരമായ സംഭവമാണ്. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു മന്ത്രിയെ എൻഐഎ ചോദ്യം ചെയ്യുന്നത്. ഇനിയെങ്കിലും മുഖ്യമന്ത്രി ഈ മന്ത്രിയുടെ രാജി വാങ്ങുമോ എന്നും ചെന്നിത്തല ചോദിച്ചു.


ഗവൺമെന്റിനു അധികാരത്തിൽ തുടരാനുള്ള അവകാശം നഷ്ടപ്പെട്ടിരിക്കുകയാണ്. ഓരോ ദിവസം കഴിയുംതോറും ഓരോ അഴിമതികളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അഴിമതിയിൽ മുങ്ങിത്താഴ്ന്ന ഗവൺമെന്റിന്റെ ഇനി ആർക്കും രക്ഷിക്കാൻ കഴിയില്ല. മുഖ്യമന്ത്രി അഴിമതിക്കാരെ മുഴുവൻ ന്യായീകരിക്കുന്നു. അഴിമതി മൂടിവെക്കാൻ ശ്രമിക്കുന്നു എന്നും ചെന്നിത്തല ആരോപിച്ചു.

 

ജലീൽ രാജിവെക്കേണ്ട എന്ന് മുഖ്യമന്ത്രി പറയുന്നത് നാളെ അന്വേഷണം തന്റെ ഓഫീസിലേക്ക് നീങ്ങും, തന്നിലേക്ക് നീങ്ങും എന്ന ഭയം കൊണ്ടാണ് എന്ന് ജനങ്ങൾ സംശയിക്കുന്നു. ജലീലിന്റെ കാര്യത്തിൽ മാത്രം എന്തുകൊണ്ടാണ് ധാർമികത ഉയർത്തി പിടിക്കാത്തത്. പ്രതിപക്ഷം കൂടുതൽ ശക്തമായ പോരാട്ടങ്ങളുമായി മുന്നോട്ടു പോകും. സർക്കാറിന് തന്നെ അധികാരത്തിൽ തുടരാനുള്ള ധാർമിക അവകാശം ഇല്ല. ഗവൺമെന്റ് രാജിവെച്ച് ജനവിധി തേടണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

 

 

 

OTHER SECTIONS