പാല്‍ഘറിലെ പ്രതിപക്ഷ തന്ത്രം വിജയിക്കുമോ?

By Online Desk.19 10 2019

imran-azhar

 

 

പാല്‍ഘറില്‍ ബി.ജെ.പി-ശിവസേന സഖ്യത്തെ തറപറ്റിക്കാന്‍ പ്രതിപക്ഷത്തിന്റെ സഹകരണം. പാല്‍ഘര്‍ ലോക്സഭ മണ്ഡലത്തിന് കീഴിലുള്ള ആറുസീറ്റുകളില്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടുനേടിയ പ്രതിപക്ഷ കക്ഷികള്‍ മത്സരിക്കുകയും മറ്റ് പ്രതിപക്ഷ കക്ഷികള്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ സഹകരിക്കുകയും ചെയ്യുന്ന തന്ത്രമാണ് സ്വീകരിച്ചിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ വോട്ടുവിഭജിക്കപ്പെടാതെ, ബി.ജെ.പി ശിവസേന സഖ്യത്തിന്റെ സീറ്റുകള്‍ കുറയ്ക്കുകയെന്നതാണ് പ്രതിപക്ഷകക്ഷികളുടെ കൂട്ടായ്മ ലക്ഷ്യമിടുന്നത്്. കോണ്‍ഗ്രസും എന്‍.സി.പിയും ഇതിനെ സഖ്യമെന്ന് പറയുമ്പോള്‍ സി.പി.എം അടക്കമുള്ള മറ്റുപ്രതിപക്ഷ കക്ഷികള്‍ ഇത് ബി.ജെ.പിക്കെതിരായ മതേതരപാര്‍ട്ടികളുടെ സഹകരണമെന്ന നിലയിലാണ് വിലയിരുത്തുന്നത്.


ഡഹാണു, വിക്രംഗഡ്, പാല്‍ഘര്‍, ബോയിസര്‍ എന്നീ സംവരണമണ്ഡലങ്ങളും നലസോപാര്‍, വസായ് എന്നീ ജനറല്‍ മണ്ഡലങ്ങളുമാണ് പാല്‍ഘര്‍ ലോക്സഭ മണ്ഡലത്തിന് കീഴിലുളളത്. എല്ലാപാര്‍ട്ടികളും ഒറ്റയ്‌ക്കൊറ്റക്ക് മത്സരിച്ച 2014ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഡഹാണു, വിക്രംഗഡ് സീറ്റുകളില്‍ ബി.ജെ.പിയും പാല്‍ഘര്‍ സീറ്റില്‍ ശിവസേനയും വിജയിച്ചപ്പോള്‍ ബോയിസര്‍, നലസോപാര, വസായ് മണ്ഡലങ്ങളില്‍ ബഹുജന്‍ വികാസ് ആഘാഡിയാണ് വിജയിച്ചത്. പാല്‍ഘര്‍ നിയമസഭ മണ്ഡലത്തില്‍ 2016ല്‍ ഉപതിരഞ്ഞെടുപ്പ് നടന്നപ്പോഴും ബി.ജെ.പി പിന്തുണയില്‍ ശിവസേന വിജയം ആവര്‍ത്തിച്ചിരുന്നു. 2014ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ പാല്‍ഘറില്‍ വിജയം ബി.ജെ.പി-ശിവസേന സഖ്യത്തിനൊപ്പമായിരുന്നു. 2018ല്‍ പാല്‍ഘര്‍ ലോക്സഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പിയും ശിവസേനയും പരസ്പരം മത്സരിച്ച സാഹചര്യം മുതലെടുക്കാന്‍ പ്രതിപക്ഷത്തിന് സാധിച്ചിരുന്നില്ല. ബി.ജെ.പി ഒന്നാം സ്ഥാനത്തും ശിവസേന രണ്ടാം സ്ഥാനത്തും വന്ന ഇവിടെ പ്രതിപക്ഷത്തിന് ഐക്യസ്ഥാനാര്‍ത്ഥിയുണ്ടായിരുന്നെങ്കില്‍ വിജയം സുനിശ്ചിതമായിരുണെന്ന് വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. 2018ലെ ഉപതിരഞ്ഞെടുപ്പില്‍ പാല്‍ഘറില്‍ നിന്ന് വിജയിച്ച രാജേന്ദ്രഗാവത്ത് രാജി വച്ച് ശിവസേനയില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ പാല്‍ഘര്‍ സീറ്റ് ശിവസേനയ്ക്ക് ബി.ജെ.പി വിട്ടു നല്‍കുകയായിരുന്നു. രാജേന്ദ്രഗാവത്ത് ഇവിടെ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. ഈയൊരു സാഹചര്യത്തിലാണ് പാല്‍ഘറിലെ ബി.ജെ.പി-ശിവസേന സഖ്യത്തിന്റെ ആധിപത്യം അവസാനിപ്പിക്കാനായി നിയമസഭ തിരഞ്ഞെടുപ്പില്‍ സഹകരിക്കാ പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്.

 

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഓരോ മണ്ഡലത്തിലും ലഭിച്ച വോട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം പാല്‍ഘറിലെ ആറുസീറ്റുകള്‍ പങ്കിട്ടത്. ദഹാണുവില്‍ ബി.ജെ.പി 16700 വോട്ടിന് വിജയിച്ചപ്പോള്‍ സി.പി.എം രണ്ടാം സ്ഥാനത്തായിരുന്നു. എന്‍.സി.പിയും കോണ്‍ഗ്രസുമായിരുന്നു യഥാക്രമം മൂന്നാമതും നാലാമതും. വിക്രംഗഡില്‍ 3845 വോട്ടിന് ബി.ജെ.പി വിജയിച്ചപ്പോള്‍ ശിവസേന രണ്ടാമതായിരുന്നു. മൂന്നാമതെത്തിയ എന്‍.സി.പിയാണ് ഇത്തവണ വിക്രംഗഡില്‍ പ്രതിപക്ഷത്തിനായി ബി.ജെ.പി-ശിവസേന സഖ്യത്തെ വെല്ലുവിളിക്കുന്നത്. സി.പി.ഐ ഇവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് പ്രതിപക്ഷ വോട്ടുകളില്‍ ഭിന്നിപ്പുണ്ടാക്കുമെന്ന ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പാല്‍ഘറില്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയം ശിവസേനയ്ക്കായിരുന്നു. കോണ്‍ഗ്രസായിരുന്നു ഇവിടെ രണ്ടാം സ്ഥാനത്ത്. മൂന്നാമതെത്തിയ ബി.ജെ.പിയും ശിവസേനയും ചേര്‍ന്ന് ഇവിടെ കോണ്‍ഗ്രസിനെക്കാള്‍ വോട്ടുനേടിയിരുന്നു. ഈ സാഹചര്യത്തില്‍ ഇരുപത്തിമൂവായിരത്തോളം വോട്ടുനേടിയ ബഹുജന്‍ വികാസ് ആഘാഡിയുടെയും അയ്യായിരത്തോളം വോട്ടുള്ള സി.പി.എമ്മിന്റെയും വോട്ടുകള്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിക്ക് നിര്‍ണ്ണായകമാണ്. 2016ല്‍ ഇവിടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ രണ്ടും മൂന്നും സ്ഥാനത്തെത്തിയ കോണ്‍ഗ്രസും ബഹുജന്‍ വികാസ് ആഘാഡിയും ചേര്‍ന്ന് ഇവിടെ ഒന്നാമതെത്തിയ ശിവസേനയെക്കാള്‍ വോട്ടു നേടിയിരുന്നു.


ബോയിസര്‍ സംവരണ മണ്ഡലത്തില്‍ 2014ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചത് ബഹുജന്‍ വികാസ് ആഘാഡിയായിരുന്നു. 12873 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. അന്ന് ഒറ്റയ്ക്ക് മത്സരിച്ച ബി.ജെ.പിയും ശിവസേനയും ഇവിടെ പ്രതിപക്ഷത്തെ കക്ഷികള്‍ നേടിയതിനെക്കാള്‍ വോട്ടുകള്‍ നേടിയിരുന്നു. അതിനാല്‍ തന്നെ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ബഹുജന്‍ വികാസ് ആഘാഡിയുടെ സിറ്റിംഗ് എം.എല്‍.എയ്ക്ക് ഇവിടെ വിജയിക്കുകയെന്നത് വലിയ വെല്ലുവിളിയാണ്. ബഹുജന്‍ വികാസ് ആഘാഡി 54499 വോട്ടിന് വിജയിച്ച നലസോപാരയില്‍ ഇത്തവണ പ്രതിപക്ഷത്തിനായി അവര്‍ തന്നെയാണ് മത്സരരംഗത്തുള്ളത്. 2014ല്‍ പരസ്പരം മത്സരിച്ച ബി.ജെ.പിയും ശിവസേനയും നേടിയതിനെക്കാള്‍ വോട്ടുകള്‍ ഇവിടെ പ്രതിപക്ഷകക്ഷികള്‍ നേടിയിരുന്നു. സിറ്റിംഗ് സീറ്റായ വൈസിയിലും ഇത്തവണ മത്സരിക്കുന്നത് ബഹുജന്‍ വികാസ് ആഘാഡിയാണ്. 2014ല്‍ ബി.ജെ.പിക്കും ശിവസേനയ്ക്കും സ്വന്തമായി സ്ഥാനാര്‍ത്ഥിയില്ലാതിരുന്ന ഇവിടെ സ്വതന്ത്രനായിരുന്നു രണ്ടാമതെത്തിയത്. 31896 വോട്ടിനായിരുന്നു ഇവിടെ ബി.വി.എയുടെ വിജയം. കോണ്‍ഗ്രസിനും ബഹുജന്‍ വികാസ് ആഘാഡിക്കും കൂടി ഇവിടെ ബി.ജെ.പി-ശിവസേന സഖ്യത്തെ തറപറ്റിക്കാന്‍ സാധിക്കുമെന്നാണ് പ്രതിപക്ഷ സഖ്യം കണക്കു കൂട്ടുന്നത്.

 


വ്യാവസായിക മേഖലയിലെ തൊഴില്‍ നഷ്ടങ്ങളും സാമ്പത്തിക പ്രതിസന്ധിയും കാര്‍ഷിക വിഷയങ്ങളും ആദിവാസി ഭൂമിപ്രശ്നവുമെല്ലാം സജീവമായി ചര്‍ച്ചയാകുന്ന പാല്‍ഘറില്‍ പ്രതിപക്ഷത്തിന്റെ സംയുക്തനീക്കവും ബി.ജെ.പി-ശിവസേന സഖ്യത്തെ പ്രതിരോധത്തിലാക്കുന്നു. ജനകീയ വിഷയങ്ങള്‍ തിരഞ്ഞെടുപ്പു വിഷയമാക്കിയാണ് പ്രതിപക്ഷ സഖ്യം പാല്‍ഘറില്‍ വോട്ടു തേടുന്നത്. ജാതിസംവരണം മുതല്‍ സാമ്പത്തിക പ്രതിസന്ധിവരെ പാല്‍ഘറിലെ പ്രധാന ചര്‍ച്ചവിഷയങ്ങളാണ്. അതിനാല്‍ തന്നെ പ്രതിപക്ഷം ഇവിടെ വിജയിച്ചാല്‍ അത് രാജ്യത്തിന് മുഴുവന്‍ സന്ദേശം നല്‍കാന്‍ കഴിയുന്ന രാഷ്ട്രീയ വിജയമായിരിക്കുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ മോരും മുതിരയും പോലെ വൈരുദ്ധ്യങ്ങളുള്ള പ്രതിപക്ഷത്തിന്റെ സംയുക്തനീക്കം അണികള്‍ക്ക് എത്രമാത്രം ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നതും നിര്‍ണ്ണായകമാണ്. പ്രതിപക്ഷത്തെ ഒരോ കക്ഷിയുടെയും വോട്ടുകള്‍ കൃത്യമായി സഖ്യസ്ഥാനാര്‍ത്ഥിക്ക് ലഭിച്ചാല്‍ മാത്രമേ പാല്‍ഘറില്‍ പ്രതിപക്ഷ സഖ്യത്തിന്റെ തന്ത്രങ്ങള്‍ ഫലം കാണുകയുള്ളു. അതിനാല്‍ തന്നെ പ്രതിപക്ഷ കക്ഷികളുടെ സംയുക്തനീക്കം മഹാരാഷ്ട്രയെ സംബന്ധിച്ച് മാത്രമല്ല രാജ്യത്തെ സംബന്ധിച്ചും നിര്‍ണ്ണായകമാണ്.

 

OTHER SECTIONS