പിഎന്‍ബി തട്ടിപ്പ്: മോദിയുടെയും ചോക്‌സിയുടെയും പാസ്‌പോര്‍ട്ടുകള്‍ റദ്ദ് ചെയ്തു

By Shyma Mohan.24 Feb, 2018

imran-azhar


    ന്യൂഡല്‍ഹി: പി.എന്‍.ബി തട്ടിപ്പുകേസില്‍ കുറ്റാരോപിതരായ നീരവ് മോദിയുടെയും മെഹുല്‍ ചോക്‌സിയുടെയും പാസ്‌പോര്‍ട്ടുകള്‍ വിദേശകാര്യ മന്ത്രാലയം പിന്‍വലിച്ചു. 11400 കോടിയുടെ തട്ടിപ്പുകേസില്‍ കുറ്റാരോപിതരായ ഇരുവരുടെയും പാസ്‌പോര്‍ട്ടുകളുടെ കാലാവധി നാലാഴ്ചത്തേക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ശുപാര്‍ശയെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി 16ന് സസ്‌പെന്റ് ചെയ്തിരുന്നു. ഇരുവരുടെയും പാസ്‌പോര്‍ട്ടുകള്‍ കണ്ടുകെട്ടുകയോ പിന്‍വലിക്കുകയോ എന്തുകൊണ്ട് ചെയ്തുകൂടാ എന്നതില്‍ പ്രതികരണം അറിയിക്കാന്‍ ഒരാഴ്ചത്തെ സമയം അവര്‍ക്ക് നല്‍കിയിരുന്നു. പ്രതികരിക്കാത്ത പക്ഷം പാസ്‌പോര്‍ട്ടുകള്‍ റദ്ദാക്കുമെന്നും വിദേശകാര്യ മന്ത്രാലയം മോദിയെയും ചോക്‌സിയെയും നേരത്തെ അറിയിച്ചിരുന്നതായി മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. അന്വേഷണ ഏജന്‍സികളുടെ ഉപദേശം അനുസരിച്ച് തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. പി.എന്‍.ബി കേസില്‍ മോദിക്കും ചോക്‌സിക്കുമെതിരെ സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും രണ്ട് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇരുവര്‍ക്കുമെതിരെ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പുതന്നെ ഇവര്‍ രാജ്യം വിട്ടിരുന്നു.


OTHER SECTIONS