ആശാന്‍ എന്ന ഇതിഹാസം

കേരളത്തിന്റെ നവോത്ഥാന ചരിത്രപോരാട്ടങ്ങളില്‍ ഒരിക്കലും മറക്കാനാവാത്ത, മായാത്ത ചിത്രമാണ് മഹാകവി കുമാരനാശാന്‍. പുരോഗമന ആശയങ്ങളുടെ തീചൂളയില്‍ വാര്‍ത്തെടുത്ത അക്ഷരങ്ങള്‍ അഗ്‌നിയാക്കി അതിന്റെ ശോഭയില്‍, അടിച്ചമര്‍ത്തപ്പെട്ട ഒരുവലിയ സമൂഹത്തിന്റെ ഉന്നമനത്തിനായി പോരാടിയ വലിയൊരു വിപ്ലവകാരി കൂടിയായിരുന്നു മഹാകവികുമാരനാശാന്‍.

author-image
webdesk
New Update
ആശാന്‍ എന്ന ഇതിഹാസം

കേരളത്തിന്റെ നവോത്ഥാന ചരിത്രപോരാട്ടങ്ങളില്‍ ഒരിക്കലും മറക്കാനാവാത്ത, മായാത്ത ചിത്രമാണ് മഹാകവി കുമാരനാശാന്‍. പുരോഗമന ആശയങ്ങളുടെ തീചൂളയില്‍ വാര്‍ത്തെടുത്ത അക്ഷരങ്ങള്‍ അഗ്‌നിയാക്കി അതിന്റെ ശോഭയില്‍, അടിച്ചമര്‍ത്തപ്പെട്ട ഒരുവലിയ സമൂഹത്തിന്റെ ഉന്നമനത്തിനായി പോരാടിയ വലിയൊരു വിപ്ലവകാരി കൂടിയായിരുന്നു മഹാകവികുമാരനാശാന്‍. പല്ലനയാറ്റിലെ ആകസ്മികമായ ഒരു ബോട്ടു ദുരന്തത്തിലൂടെ ഈ മഹാപ്രതിഭയുടെ ജീവന്‍ പൊലിഞ്ഞിട്ട് ഇന്ന് 100 വര്‍ഷം തികയുകയാണ്. മലയാളിക്ക് വെറുമൊരു കവിയല്ല കുമാരനാശാന്‍ മറിച്ച് ചരിത്രം തിരുത്തിയെഴുതിയ ഒരു ഇതിഹാസം തന്നെയായിരുന്നു.

പുരോഗമനവാദിയായ അദ്ദേഹം കണ്‍മുന്നില്‍ കണ്ടതും തനിക്ക് നേരിട്ട് അനുഭവപ്പെട്ടതുമായ ക്രൂരമായ ജാതി വ്യവസ്ഥയുടെ തിന്മകള്‍ക്കെതിരെയുള്ള പോരാട്ടം അദ്ദേഹം ആരംഭിക്കുന്നത് ഗുരുദേവ ഉപദേശങ്ങള്‍ കൂടി കേട്ടാണ്. ജന്തുക്കള്‍ക്ക് പോലും ലഭിക്കുന്ന നീതിയും കരുണയും പോലും ലഭിക്കാതെ സവര്‍ണ്ണ മേലാളന്മാരുടെ ക്രൂരമായ പീഡനങ്ങള്‍ക്കും വിവേചനത്തിനും ഇരയായി കൊണ്ടിരുന്ന വലിയൊരു സമൂഹത്തില്‍ പ്രതീക്ഷയുടെ നാമ്പുകള്‍ കത്തിച്ച ആശാന്റെ കവിതകള്‍ ആ കാലഘട്ടത്തില്‍ വലിയ ആവേശമായി മാറിയത് സ്വാഭാവികമായിരുന്നു.

കവിതകളിലൂടെ രക്തരഹിതവിപ്ലവം ജനിപ്പിച്ചു എന്നതാണ് ആശാന്റെ ഏറ്റവും വലിയ പ്രത്യേകത. അതിനദ്ദേഹം പൗരാണിക സംസ്‌കാരത്തെയും ബുദ്ധ പാരമ്പര്യത്തെയും ഒക്കെ സമന്വയിപ്പിച്ചു.ആ സ്‌നേഹഗീതികള്‍ ഒരു അധമ സംസ്‌ക്കാരത്തെ മാറ്റിമറിച്ചു.അതിനുമപ്പുറം തന്റെ മാനവിക വീക്ഷണം അത് തോതില്‍ ഉയര്‍ത്തിപ്പിടിക്കാന്‍ സഹജീവികളോട് ആഹ്വാനം ചെയ്ത കവി, മാറ്റുവിന്‍ ചട്ടങ്ങളെ സ്വയം അല്ലെങ്കില്‍ മാറ്റുമതികളീ നിങ്ങളെ താന്‍ എന്ന് ദുരവസ്ഥ എന്ന കവിതയിലൂടെ ഗര്‍ജ്ജിച്ചു.ആ ഗര്‍ജ്ജനം ജാതി കോമരങ്ങളുടെ കോട്ടകൊത്തളങ്ങളില്‍ പ്രതിധ്വനിച്ചു. ആ മാറ്റൊലി അധികാര കേന്ദ്രങ്ങളെ പോലും വിറപ്പിച്ചു.

ഒരു പക്ഷേ ജനസാമാന്യത്തില്‍ ഇത്രയും ആഴത്തില്‍ സ്പര്‍ശിച്ച നവആശയങ്ങളുമായി മറ്റൊരു ജനകീയ കവിയും മലയാളത്തില്‍ ഇതേവരെ ഉണ്ടായിട്ടില്ല എന്ന് പറയുന്നതാവും കൂടുതല്‍ ഉചിതം.തന്റെ രചനകള്‍ കൊണ്ട് തനിക്ക് ചുറ്റുമുള്ള ഒരു ലോകത്തിന്റെ കണ്ണുതുറപ്പിക്കാനായി എന്നതാണ് ആശാന്റെ ഏറ്റവും വലിയ സംഭാവന.കവി എല്ലായിപ്പോഴും ഒരു നവസമൂഹ സൃഷ്ടിയുടെ അമരക്കാരന്‍ ആണെങ്കില്‍ ആ പദവിക്ക് അര്‍ഹനായ ഏക മലയാളകവിയും കുമാരനാശാന്‍ തന്നെയാണ്.തികച്ചും ലളിതമായ ഭാഷയില്‍ സംസ്‌കൃതത്തിന്റെ സ്വാധീനത്തില്‍ നിന്ന് ഏറെക്കുറെ മുക്തമാക്കിയ മലയാളത്തില്‍ ഏറ്റവും അര്‍ത്ഥസമ്പുഷ്ടമായ രീതിയില്‍ വായനക്കാരന് മുന്നിലെത്തിക്കാന്‍ കുമാരനാശാന് കഴിഞ്ഞു എന്ന് തന്നെ പറയാം.

ഈ കാലഘട്ടത്തില്‍ പോലും പ്രസക്തമാകുന്ന ആശയങ്ങള്‍ മുന്നോട്ടുവച്ചു എന്നതും കവിയുടെ മറ്റൊരു പ്രത്യേകതയായി മാറുന്നുണ്ട്.അതുകൊണ്ടുതന്നെ കുമാരനാശാന്‍ എപ്പോഴും പുനര്‍വായനയ്ക്ക് വിധേയനായി കൊണ്ടിരിക്കുന്നു. സാംസ്‌കാരിക സാമൂഹ്യ അധപതനങ്ങള്‍ക്കെതിരെ നിരന്തരം കലഹിക്കുന്ന ഒരു വ്യക്തിയെയാണ് ആശാന്റെ കവിതകളില്‍ നമുക്ക് കാണാന്‍ ആകുന്നത്. പലപ്പോഴും അത് ഉപദേശങ്ങളായും മുന്നറിയിപ്പുകളായും നമ്മുടെ മുന്നിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.

പിന്നാക്ക വിഭാഗത്തെ പ്രതിനിധീകരിക്കുന്ന വലിയൊരു ജനവിഭാഗത്തിന് സാമൂഹികമായ മുന്നേറ്റത്തില്‍ നിര്‍ണായക പങ്കുവയ്ക്കാന്‍ കഴിഞ്ഞു എന്നതാണ് ആശാന്‍ കവിതകളുടെ പ്രത്യേകത. ഒരുപക്ഷേ സമാനരീതിയിലുള്ള കവി ജന്മങ്ങള്‍ ലാറ്റിനമേരിക്കയിലും യൂറോപ്പിലും മാത്രമേ നമുക്ക് കാണുവാന്‍ സാധിക്കുകയുള്ളൂ. സാഹിത്യപരമായി വളരെ മികവ് പുലര്‍ത്തുമ്പോഴും അതിന് തത്തുല്യമായോ അതിനപ്പുറമോ ആശയഗംഭീര്യം നിറഞ്ഞ ആശാന്റെ കവിതകള്‍ വിദേശരാജ്യങ്ങളില്‍ പോലും സ്വീകരിക്കപ്പെടുന്നതിന്റെ പ്രത്യേകതയും നാം ഇവിടെ ശ്രദ്ധിക്കേണ്ടതായുണ്ട്.

ലോകത്ത് എവിടെയായാലും അടിച്ചമര്‍ത്തപ്പെട്ടവന് പട്ടിണിയും വിവേചനവും നേരിടേണ്ടി വരുന്നു എന്നും അവന്റെ അസ്ഥിമാടങ്ങള്‍ക്ക് മുകളില്‍ അധികാരവ്യവസ്ഥകളുടെ കാല്‍ ബലമായി കയറ്റി വെച്ചിരിക്കുന്നതും വളരെ രോഷത്തോടെയാണ് ആശാന്‍ തന്നെ പല കവിതകളിലും വിമര്‍ശിച്ചിട്ടുള്ളത്.

ആ രോഷം ആവാഹിച്ചുകൊണ്ടുതന്നെയാണ് കേരളത്തില്‍ വലിയ പ്രകമ്പനം സൃഷ്ടിച്ച നവോത്ഥാന മുന്നേറ്റം ഉണ്ടായത് എന്ന കാര്യം നിസ്തര്‍ക്കമാണ.

അതുകൊണ്ടുതന്നെ കുമാരനാശാന്‍ ഇതിഹാസ തുല്യനായ കവിയായി മാറുന്നു

അധര്‍മ്മത്തിന്റെ വേലിക്കെട്ടുകള്‍ തകര്‍ത്ത് മുന്നേറാന്‍ തുടിക്കുന്ന ഒരു പുരോഗമന സമൂഹത്തിന് എന്നും ആവേശമായി ആശാന്റെ കവിതകള്‍ നിലകൊള്ളുന്നു.

ഇന്ന് ഉണ്ടായിട്ടുള്ളസാമൂഹിക മാറ്റങ്ങളില്‍ ഒരുപക്ഷേ മലയാളനാട് ഏറെ നന്ദിയോടെ സ്മരിക്കേണ്ട പേര് തന്നെയാണ് കുമാരനാശാന്‍.അക്ഷരങ്ങള്‍ക്ക് അഗ്‌നിയുടെ ചൂട് ഉണ്ട് എന്ന തിരിച്ചറിഞ്ഞതും ആ ജ്വലയില്‍ അനാചാര വിത്തുകളും വിഷവൃക്ഷങ്ങളും കത്തിച്ചാമ്പലാക്കാന്‍ കഴിഞ്ഞതുമാണ് കുമാരനാശാന്റെ കരുത്ത് സാമൂഹിക പരിവര്‍ത്തനം ഏറ്റവും വലിയ ധര്‍മ്മമായി കണ്ട കവി ഇവിടെ നവോത്ഥാന നായകരില്‍ മുന്നണി പോരാളിയായി മാറുന്നു.ചുരുക്കത്തില്‍ സാഹിത്യത്തില്‍ മാത്രമല്ല സാംസ്‌കാരിക സാമൂഹിക രംഗങ്ങളിലും ഇത്രയേറെ ആഴത്തില്‍ മലയാളിയുടെ മനസ്സിനെ സ്പര്‍ശിച്ച മറ്റൊരു എഴുത്തുകാരന്‍ ഇനി പിറക്കേണ്ടിയിരിക്കുന്നു. അക്ഷരാര്‍ത്ഥത്തില്‍ തൂലിക പടവാള്‍ ആക്കിയ പോരാളി എന്ന പ്രയോഗത്തിന് ഏറ്റവും മികച്ച ദൃഷ്ടാന്തം തന്നെയാണ് ആശാന്‍.

ഒരാവര്‍ത്തി വായനയിലൂടെ തന്നെ അത് ജനഹൃദയങ്ങളെ ഇളക്കിമറിക്കുന്ന ആവേശത്തിരയായി മാറി, ഒരു കാലഘട്ടം അത് നെഞ്ചിലേറ്റി, ആ കവിതയുടെ മാസ്മരികതയില്‍ ലോകം സ്വയം മാറി ,അങ്ങനെ അന്ന് നിലനിന്നിരുന്ന ചട്ടങ്ങളെ മറികടന്ന് ആശാന്‍ അനശ്വരനായി മാറി.അതിന് കാലവും ചരിത്രവും ഒരുപോലെ സാക്ഷിയായി

 

literature poet Latest News kumaranasan newsupdate