അടിവസ്ത്രം നിര്‍ബന്ധമാക്കി ഡ്രസ് കോഡ്: ബുള്ളറ്റിന്‍ പിന്‍വലിച്ച് വിമാനക്കമ്പനി

By Shyma Mohan.30 09 2022

imran-azhar

 

ഇസ്ലാമാബാദ്: ക്യാബിന്‍ ക്രൂവിന് വിചിത്രമായ ഡ്രസ് കോഡിന് നിര്‍ദ്ദേശം നല്‍കി മണിക്കൂറുകള്‍ക്കകം വിശദീകരണത്തിന് നിര്‍ബന്ധിതരായി പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്.

 

യൂണിഫോമിന് താഴെ അടിവസ്ത്രം ധരിക്കുന്നത് നിര്‍ബന്ധമാണെന്ന നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനി ജീവനക്കാര്‍ക്ക് നല്‍കിയത്. ശരിയായ വസ്ത്രധാരണത്തിന്റെ അഭാവം എയര്‍ലൈനിനെക്കുറിച്ച് മോശമായ മതിപ്പുണ്ടാക്കുമെന്നും ഒരു നെഗറ്റീവ് ഇമേജ് ചിത്രീകരിക്കുമെന്നാണ് എയര്‍ലൈന്‍ ക്രൂവിന് നല്‍കിയ അറിയിപ്പ്.

 

ഇന്റര്‍സിറ്റി യാത്ര ചെയ്യുമ്പോഴും ഹോട്ടലുകളില്‍ താമസിക്കുമ്പോഴും വിവിധ ആവശ്യക്കാര്‍ സന്ദര്‍ശിക്കുമ്പോഴും കുറച്ച് ക്യാബിന്‍ ക്രൂ അശ്രദ്ധമായി വസ്ത്രം ധരിക്കുന്ന പ്രവണത വളരെ ആശങ്കയോടെയാണ് കാണുന്നത്. അത്തരം വസ്ത്രധാരണം കാഴ്ചക്കാരില്‍ ഒരു മോശം മതിപ്പ് സൃഷ്ടിക്കുകയും വ്യക്തിയുടെ മാത്രമല്ല, സ്ഥാപനത്തിന് തന്നെ നെഗറ്റീവ് ഇമേജ് സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നാണ് പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ജനറല്‍ മാനേജര്‍ ഫ്‌ളൈറ്റ് സര്‍വ്വീസസ് ആമിര്‍ ബഷീര്‍ വിജ്ഞാപനത്തില്‍ നിര്‍ദ്ദേശിച്ചത്. ശരിയായ അടിവസ്ത്രങ്ങള്‍ക്ക് മുകളില്‍ ഔപചാരികമായ വസ്ത്രം ധരിക്കാനും നിര്‍ദ്ദേശത്തില്‍ ആവശ്യപ്പെട്ടിരുന്നു.

 

എന്നാല്‍ സംഭവത്തില്‍ പല കോണുകളില്‍ നിന്നും വ്യാപക വിമര്‍ശനം വന്നതിന് പിന്നാലെ വിമാനക്കമ്പനി ഉടന്‍ തന്നെ ബുള്ളറ്റിന്‍ പിന്‍വലിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി 24 മണിക്കൂറുകള്‍ തികയും മുന്‍പാണ് ദേശീയ വിമാനക്കമ്പനി ഉത്തരവില്‍ വ്യക്തത വരുത്തി രംഗത്തുവന്നിരിക്കുന്നത്.

 

OTHER SECTIONS