മോദിയുടെ വിമാന യാത്രക്ക് 2.86 ലക്ഷത്തിന്റെ ബില്ലിട്ട് പാകിസ്ഥാന്‍

By Shyma Mohan.18 Feb, 2018

imran-azhar


    ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യ, അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ഖത്തര്‍ യാത്രക്കിടയില്‍ ലാഹോറില്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിമാനം ഇറക്കിയതിന് റൂട്ട് നാവിഗേഷന്‍ ചാര്‍ജായി 2.86 ലക്ഷം രൂപ ചുമത്തി പാകിസ്ഥാന്‍. ആക്ടിവിസ്റ്റ് കമോഡോര്‍(റിട്ട.) ലോകേഷ് ബത്ര സമര്‍പ്പിച്ച വിവരാവകാശ അപേക്ഷ പ്രകാരം ലഭിച്ച മറുപടിയിലാണ് പാകിസ്ഥാന്‍ 2.86 ലക്ഷം രൂപ ഇന്ത്യയില്‍ നിന്ന് ആവശ്യപ്പെട്ടതായി വെളിപ്പെട്ടിരിക്കുന്നത്.
    നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ഖത്തര്‍, ഓസ്‌ട്രേലിയ, പാകിസ്ഥാന്‍, റഷ്യ, ഇറാന്‍, ഫിജി, സിംഗപ്പൂര്‍ തുടങ്ങിയ 20 രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് 2016 ജൂണ്‍ വരെ പ്രധാനമന്ത്രി മോദി ഉപയോഗിച്ചിരുന്നത് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിമാനമായിരുന്നു. 2015 ഡിസംബര്‍ 25ന് മോദി യാത്രക്കിടയില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ലാഹോറില്‍ ഇറങ്ങുകയുണ്ടായി. പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ നിന്നും വിവരാവകാശ പ്രകാരം ലഭ്യമായ രേഖകള്‍ അനുസരിച്ച് 1.49 ലക്ഷം രൂപയാണ് പാകിസ്ഥാന്‍ റൂട്ട് നാവിഗേഷന്‍ ചാര്‍ജായി ഇന്ത്യക്ക് നല്‍കിയത്.
    റഷ്യയിലെ ദ്വിദിന സന്ദര്‍ശനത്തിനുശേഷം ഒരുദിവസത്തെ അഫ്ഗാന്‍ പര്യടനം നടത്തി മടങ്ങുകയായിരുന്ന പ്രധാനമന്ത്രി മോദിയെ ലാഹോറിലെ അലാമ ഇക്ബാല്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് സ്വീകരിക്കുകയുണ്ടായി. പ്രധാനമന്ത്രിയുടെ പ്രത്യേക ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ബോയിംഗ് 737 വിമാനം വൈകിട്ട് 4.50ന് എയര്‍പോര്‍ട്ടില്‍ ഇറങ്ങുകയും പ്രധാനമന്ത്രി മോദിക്ക് ചുവപ്പ് പരവതാനി വിരിച്ച് സ്വീകരണം ഒരുക്കുകയുമുണ്ടായി. അവിടെ നിന്നും ഹെലികോപ്ടര്‍ മാര്‍ഗ്ഗം ലാഹോറിന് പുറത്തുള്ള ഷെരീഫിന്റെ റായ് വിന്റ് വസതിയിലെത്തി പാക് പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷങ്ങളില്‍ മോദി പങ്കെടുത്തു.
    2016 മെയ് 22, 23 തിയതികളില്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിമാനത്തില്‍ മോദി ഇറാന്‍ സന്ദര്‍ശനം നടത്തിയപ്പോഴത്തെ റൂട്ട് നാവിഗേഷന്‍ ചാര്‍ജായി 77215 രൂപയും പാകിസ്ഥാന്‍ ബില്ലിട്ടിട്ടുണ്ട്. 2016 ജൂണ്‍ 4 മുതല്‍ 6 വരെയുള്ള തിയതികളില്‍ മോദിയുടെ ഖത്തര്‍ പര്യടനത്തിലുള്ള റൂട്ട് നാവിഗേഷന്‍ ചാര്‍ജായി മറ്റൊരു 59215 രൂപയും ഈടാക്കിയിട്ടുണ്ട്. രണ്ട് യാത്രകളിലും മോദി പറന്നത് പാകിസ്ഥാന് മുകളിലൂടെയായിരുന്നു.
   

OTHER SECTIONS