അത്യാഹിത വിഭാഗത്തിലെ ഡോക്ടറെ മർദ്ദിച്ച സംഭവം; പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍

By Preethi Pippi.16 10 2021

imran-azhar

 

കൊല്ലം: കിണറ്റിൽ വീണു മരിച്ച വീട്ടമ്മയുടെ മൃതദേഹവുമായി താലൂക്ക് ആശുപത്രിയിലെത്തിയ സംഘം അത്യാഹിത വിഭാഗത്തിലെ ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ കൊല്ലം ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

 

 

കേസില്‍ ആകെ ഏഴു പ്രതികളാണുള്ളത്. ഡിസിസി ജനറല്‍ സെക്രട്ടറി കാഞ്ഞിരംവിള അജയകുമാര്‍, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിതിന്‍ കല്ലട എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീകുമാറിനെ അറസ്റ്റ് ചെയ്യും വരെ ഒപി ബഹിഷ്കരിച്ച് സമരം തുടരുമെന്ന നിലപാടിലായിരുന്നു ഡോക്ടർമാർ.

 

 

വ്യാഴാഴ്ച സന്ധ്യയ്ക്ക് കിണറ്റിൽ വീണ് മരിച്ച ശൂരനാട് വടക്ക് പാതിരിക്കൽ അരിവണ്ണൂർ കളീക്കൽ വീട്ടിൽ സരസമ്മയമ്മ(85)യുടെ മൃതദേഹവുമായാണ് എസ്. ശ്രീകുമാറും സംഘവും താലുക്ക് ആശുപത്രിയിലെത്തിയത്. മരണ സ്ഥിരീകരണത്തിനും പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള തുടർ നടപടികൾക്കുമായാണ് മൃതദേഹം താലൂക്ക് ആശുപത്രിയിലെത്തിച്ചത്.

 

 

ആംബുലൻസിൽ എത്തി പരിശോധന നടത്തണമെന്ന പ്രസിഡന്റിന്റെ നിർദേശം തള്ളിയ ഡോക്ടർ മറ്റു പരിശോധനകൾക്കായി മുറിയിലേക്ക് എത്തിക്കാൻ ആവശ്യപ്പെട്ടു. ഡോക്ടർ ഗണേഷും എസ്. ശ്രീകുമാറും തമ്മിലുണ്ടായ തർക്കം സംഘർഷത്തിലെത്തുകയായിരുന്നു. സംഭവത്തിൽ പരുക്കേറ്റ ഡോക്ടർ ഗണേഷ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

 

 

OTHER SECTIONS