ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് പരമ്പര: 5 വിക്കറ്റിന്റെ ഉജ്വല ജയം; റാങ്കിംഗില്‍ ഇന്ത്യ ഒന്നാമത്

By Shyma Mohan.24 Sep, 2017

imran-azhar    ഇന്‍ഡോര്‍: ഓസ്‌ട്രേലിയക്കെതിരായ നിര്‍ണ്ണായക മൂന്നാം ഏകദിനത്തില്‍ 5 വിക്കറ്റിന്റെ ഉജ്വല വിജയം നേടിയ ഇന്ത്യ പരമ്പര സ്വന്തമാക്കി. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ മൂന്നിലും ജയിച്ചതോടെയാണ് കോഹ്‌ലിക്കും സംഘത്തിനും ഏകദിന കപ്പ് സ്വന്തമായത്. ഈ വിജയത്തോടെ ഇന്ത്യ ഏകദിന റാങ്കിംഗില്‍ ഒന്നാമതെത്തി. ആരോണ്‍ ഫിഞ്ചിന്റെ സെഞ്ചുറി മികവില്‍ ഓസ്‌ട്രേലിയ പടുത്തുയര്‍ത്തിയ 294 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 47.5 ഓവറില്‍ ലക്ഷ്യം മറികടന്നു. ഓസീസ് ഉയര്‍ത്തിയ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാരായ അജിങ്ക്യ രഹാനെയും രോഹിത് ശര്‍മ്മയും ചേര്‍ന്ന് സ്വപ്‌ന തുല്യമായ തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് 139 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എട്ടുറണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ രഹാനെയെയും ഇന്ത്യക്ക് നഷ്ടമായെങ്കിലും കോഹ് ലിയും ഹാര്‍ദിക് പാണ്ഡെയും വിക്കറ്റ് കളയാതെ മുന്നോട്ടു നയിച്ചു. രഹാനെ 76 പന്തില്‍ 70 റണ്‍സും രോഹിത് ശര്‍മ്മ 62 പന്തില്‍ 71 റണ്‍സും നേടി. ഇന്ത്യന്‍ സ്‌കോര്‍ 200 കടത്തിയതിനു പിന്നാലെ കോഹ്‌ലിയെയും തുടര്‍ന്നിറങ്ങിയ കേദാര്‍ ജാദവിനെയും പറഞ്ഞയച്ച് ഓസീസ് തിരിച്ചടിച്ചെങ്കിലും അര്‍ദ്ധ സെഞ്ചുറിയുമായി ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയ ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യയെ ലക്ഷ്യത്തിലെത്തിച്ചു. ജയിക്കാന്‍ 10 റണ്‍സ് വേണ്ടിയിരിക്കേ ഹാര്‍ദിക് പാണ്ഡ്യ പുറത്തായെങ്കിലും ധോണിയും മനീഷ് പാണ്ഡെയും ചേര്‍ന്ന് കംഗാരുക്കള്‍ക്കെതിരെ തുടര്‍ച്ചയായ മൂന്നാം ജയം ഇന്ത്യക്ക് സമ്മാനിച്ചു. ഹാര്‍ദിക് പാണ്ഡ്യ 72 പന്തില്‍ 78 റണ്‍സും വിരാട് കോഹ്‌ലി 35 പന്തില്‍ 28 റണ്‍സും നേടി. മനീഷ് പാണ്ഡെയ 32 പന്തില്‍ 36 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഓസീസിനുവേണ്ടി പാറ്റ് കമ്മിന്‍സ് രണ്ടു വിക്കറ്റും കോള്‍ട്ടര്‍ നൈല്‍, റിച്ചാര്‍ഡ്‌സണ്‍, അഗര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
    നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ ഓപ്പണര്‍ ആരോണ്‍ ഫിഞ്ച് നേടിയ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 293 റണ്‍സ് നേടി. മുപ്പതാം ഓവറില്‍ തന്നെ ഓസീസ് സ്‌കോര്‍ 200 കടന്നെങ്കിലും സ്പിന്നര്‍മാരുടെ മികവില്‍ ഇന്ത്യ ഓസീസിന് കൂറ്റന്‍ സ്‌കോര്‍ തടയിടുകയായിരുന്നു. 125 പന്തില്‍ 124 റണ്‍സ് നേടിയ ആരോണ്‍ ഫിഞ്ചാണ് ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് 63 റണ്‍സുമായി മികച്ച പിന്തുണ നല്‍കി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസിന് ഓപ്പണര്‍മാര്‍ ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. 44 പന്തില്‍ 42 റണ്‍സെടുത്ത ഡേവിഡ് വാര്‍ണര്‍ ഓസീസ് സ്‌കോര്‍ 70ല്‍ നില്‍ക്കേ പുറത്തായെങ്കിലും ആരോണ്‍ ഫിഞ്ച് ഓസീസിനെ മുന്നോട്ടു നയിക്കുകയായിരുന്നു. ഇന്ത്യക്കുവേണ്ടി ബുംറയും കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീതവും യുസ്‌വേന്ദ്ര ചാഹല്‍, ഹാര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റ് വീതവും നേടി.

OTHER SECTIONS