ബ്ലൂ വെയ്ല്‍: ആത്മഹത്യകളെക്കുറിച്ച് അന്വേഷിക്കാന്‍ പാനല്‍ രൂപീകരിച്ചതായി കേന്ദ്ര സര്‍ക്കാര്‍

By Shyma Mohan.12 Oct, 2017

imran-azhar


    ന്യൂഡല്‍ഹി: കുട്ടികളെയും കൗമാരക്കാരെയും ആത്മഹത്യയിലേക്ക് തള്ളിവിടുന്ന വിവാദ ഓണ്‍ലൈന്‍ ഗെയിമായ ബ്ലൂ വെയ്ല്‍ ചാലഞ്ച് ഗെയിമിനെക്കുറിച്ച് അന്വേഷിക്കാന്‍ കമ്പ്യൂട്ടര്‍ വിദഗ്ധര്‍ അടങ്ങുന്ന സമിതിയെ നിയോഗിച്ചതായി കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍.
    ഗൂഗിള്‍, ഫേസ്ബുക്ക്, വാട്‌സ്അപ്പ്, ഇന്‍സ്റ്റാഗ്രാം, മൈക്രോ സോഫ്റ്റ്, യാഹൂ എന്നീ പ്രമുഖ ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ബ്ലൂ വെയ്‌ലും അതുപോലുള്ള മറ്റ് ഗെയിമുകളിലേക്കുമുള്ള ലിങ്കുകള്‍ നീക്കം ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായും ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഗീതാ മിത്തലിന്റെയും ജസ്റ്റിസ് സി.ഹരിശങ്കറിന്റെയും ബെഞ്ചിന് മുമ്പാകെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സഞ്ജയ് ജെയിന്‍ അറിയിച്ചു.
    സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയ എല്ലാ ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമുകളും നിര്‍ദ്ദേശം പാലിക്കുമെന്ന് ഉറപ്പുനല്‍കിയതായും സഞ്ജയ് ജെയിന്‍ കോടതിയെ അറിയിച്ചു. കൂടാതെ അന്താരാഷ്ട്ര തലത്തില്‍ ബ്ലൂ വെയ്ല്‍ ഗെയിമിന്റെ ഉത്ഭവത്തെക്കുറിച്ചും അതിന്റെ വ്യാപനം, പ്രചാരണം തുടങ്ങിയ വസ്തുതകളെക്കുറിച്ച് അറിയാന്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുന്നുണ്ടെന്നും സഞ്ജയ് ജെയിന്‍ കോടതിയെ അറിയിച്ചു.
    കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന്റെ (സെര്‍ട്ട്-ഇന്‍) ഡയറക്ടര്‍ ജനറലിന്റെ അധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതി ബ്ലൂ വെയ്‌ലുമായി ബന്ധപ്പെട്ടു നടന്ന എല്ലാ ആത്മഹത്യകളും അന്വേഷിക്കുമെന്നും ജെയിന്‍ പറഞ്ഞു. ബ്ലൂ വെയ്ല്‍ ഗെയിമിലൂടെ ആളുകള്‍ ആത്മഹത്യ ചെയ്തതായി നിരവധി പരാതികള്‍ ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്ന് ലഭിച്ചതിനെ തുടര്‍ന്നാണ് എല്ലാ ടെക്‌നോളജി പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ബ്ലൂ വെയ്ല്‍ ചാലഞ്ചുമായി ബന്ധപ്പെട്ട ലിങ്കുകള്‍ അടിയന്തിരമായി നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയത്.

 

OTHER SECTIONS