ട്രെയിനുകളില്‍ പാന്‍ട്രി കാര്‍ പിന്‍വലിക്കുന്നു

By Web Desk.20 10 2020

imran-azhar

 

 

കൊച്ചി : കോവിഡിനു ശേഷം സര്‍വീസുകള്‍ പുനഃസ്ഥാപിക്കുമ്പോള്‍ ട്രെയിനുകളില്‍ പാന്‍ട്രി കാറുകളുണ്ടാകില്ല. പാന്‍ട്രി കാറുകള്‍ പിന്‍വലിക്കുമ്പോള്‍ ഭക്ഷണത്തിനായി ബേസ് കിച്ചനുകള്‍ പ്രധാന സ്റ്റേഷനുകളില്‍ ഏര്‍പ്പെടുത്തും. കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, ഷൊര്‍ണൂര്‍, കോഴിക്കോട് എന്നിവടങ്ങളിലാണു ബേസ് കിച്ചനുകള്‍ വരുന്നത്. ഇവിടെ നിന്നു ഭക്ഷണം ലോഡ് ചെയ്യുകയും പ്ലാറ്റ്‌ഫോമുകളില്‍ ട്രെയിന്‍ സൈഡ് വെന്‍ഡിങ് പ്രോല്‍സാഹിപ്പിക്കുകയുമാണു പുതിയ നയമെന്നു ഐആര്‍സിടിസി വ്യക്തമാക്കുന്നു. പാന്‍ട്രി കാര്‍ കോച്ച് പിന്‍വലിക്കുന്നതിനു പകരം ട്രെയിനുകളില്‍ തേഡ് എസി കോച്ച് ഏര്‍പ്പെടുത്തും. കൂടുതല്‍ പേര്‍ക്കു യാത്രാ സൗകര്യം ഒരുക്കുന്നതു വഴി പ്രതിവര്‍ഷം 1400 കോടി രൂപയുടെ വരുമാനമാണു റെയില്‍വേ പ്രതീക്ഷിക്കുന്നത്. 350 ട്രെയിനുകളിലാണു രാജ്യത്തു പാന്‍ട്രി സൗകര്യമുളളത്. പുറംകരാറുകള്‍ വഴി ഈ മേഖലയില്‍ പതിനായിരത്തോളം പേര്‍ ജോലി ചെയ്യുന്നുണ്ടെന്നാണു കണക്ക്.

 

ബേസ് കിച്ചണില്‍ നിന്നുളള ഭക്ഷണം ട്രെയിനില്‍ വിതരണം ചെയ്യാന്‍ ജീവനക്കാരെ ആവശ്യമായതിനാല്‍ പാചകക്കാരെ മാത്രമാകും പുതിയ നീക്കം ദോഷകരമായി ബാധിക്കുക. പാന്‍ട്രി കരാര്‍ രംഗത്തുളളവര്‍ തന്നെ ബേസ് കിച്ചണുകളുടെ കരാര്‍ സ്വന്തമാക്കുന്നതിനാല്‍ തൊഴില്‍ നഷ്ടം കാര്യമായി ബാധിക്കില്ലെന്നു അധികൃതര്‍ പറയുന്നു.റെയില്‍വേയിലെ 2 പ്രബല യൂണിയനുകളാണു പാന്‍ട്രി കാര്‍ ഒഴിവാക്കണമെന്ന നിര്‍ദേശം റെയില്‍വേ ബോര്‍ഡിനു മുന്നില്‍ വച്ചത്. ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്ന മേഖലയാണു പാന്‍ട്രി കരാറുകള്‍. യാത്രക്കാരുടെ ഏറ്റവും അധികം പരാതികളും ഈ മേഖലയിലാണ്. മോശം ഭക്ഷണം നല്‍കുകയും അധിക നിരക്ക് ഈടാക്കുന്നതുമാണു പതിവു സംഭവങ്ങള്‍. ഇത് ഒഴിവാക്കാന്‍ കൂടിയാണു ഇകേറ്ററിങ്, ബേസ് കിച്ചണ്‍, ട്രെയിന്‍ സൈഡ് വെന്‍ഡിങ് എന്നിവ പ്രോല്‍സാഹിപ്പിക്കുന്നത്.

 

OTHER SECTIONS