ശിശു ദിനത്തില്‍ അഡല്‍റ്റ് ചിത്രം കണ്ടതിന്റെ അനുഭവം പങ്കുവെച്ച് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍

By Shyma Mohan.14 Nov, 2017

imran-azhar


    പനാജി: ശിശുദിനത്തില്‍ തന്റെ യൗവ്വന കാലത്ത് അഡല്‍റ്റ് ചിത്രം കണ്ടതിന്റെ അനുഭവം സ്‌കൂള്‍ കുട്ടികളുമായി പങ്കുവെച്ച് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. യൗവ്വനത്തില്‍ എങ്ങനെയുള്ള ചിത്രങ്ങളാണ് മുഖ്യമന്ത്രി കണ്ടിരുന്നതെന്ന കുട്ടികളുടെ ചോദ്യത്തിന് ഞങ്ങള്‍ കേവലം ചിത്രങ്ങള്‍ മാത്രമല്ല കണ്ടിരുന്നതെന്നും അക്കാലത്തെ അഡല്‍റ്റ് ചിത്രങ്ങളും കണ്ടിരുന്നതായി പരീക്കര്‍ മറുപടി പറഞ്ഞു.
    അക്കാലത്ത് അഡല്‍റ്റ് ചിത്രങ്ങളില്‍ കാണിക്കുന്നതിനെക്കാള്‍ കൂടുതല്‍ ഇന്ന് ടിവിയില്‍ കാണാമെന്നും മനോഹര്‍ പരീക്കര്‍ പറഞ്ഞു. തന്റെ യൗവന സമയത്ത് ജനപ്രീതിയാര്‍ജ്ജിച്ച ഒരു അഡല്‍റ്റ് ചിത്രമുണ്ടായിരുന്നെന്നും അത് കാണാന്‍ സഹോദരനുമൊത്ത് താന്‍ പോയിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ഇന്റര്‍വെല്‍ സമയത്ത് തിയേറ്ററിനകത്ത് പ്രകാശം പടര്‍ന്നപ്പോള്‍ തന്റെ തൊട്ടടുത്ത് അയല്‍വാസി ഇരിക്കുന്നത് ശ്രദ്ധയില്‍പെട്ടതായും തന്റെ അമ്മയോട് എല്ലാ വൈകുന്നേരങ്ങളിലും അയാള്‍ കുശലാന്വേഷണം നടത്താറുണ്ടായിരുന്നെന്നും മനോഹര്‍ പരീക്കര്‍ പറഞ്ഞു. താനും തന്റെ സഹോദരന്‍ അവ്ദൂദും ഇടയ്ക്കുവെച്ച് സിനിമ കാണല്‍ നിര്‍ത്തി തിയേറ്ററില്‍ നിന്നും പുറത്തുപോയി.
    രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം ആലോചിക്കുകയും വീട്ടിലെത്തിയാലുള്ള ദുരന്തം മുന്‍കൂട്ടി തടയുന്നതിനായി വീട്ടിലെത്തിയ ശേഷം അമ്മയോട് ചിത്രം കാണാന്‍ പോയിരുന്നതായും അത് സത്യമല്ലാത്തതുകൊണ്ട് ഇടയ്ക്കുവെച്ച് തിയേറ്ററില്‍ നിന്ന് മടങ്ങിയതായും അമ്മയോട് പറഞ്ഞതായി പരീക്കര്‍ പറഞ്ഞു. കൂടാതെ വളരെ സാധാരണ രീതിയില്‍ തന്റെ അയല്‍വാസിയെയും തിയേറ്ററില്‍ കണ്ടിരുന്നതായി പരീക്കര്‍ അമ്മയോട് പറഞ്ഞു. തൊട്ടടുത്ത ദിവസം അയല്‍വാസി അമ്മയെ വിളിച്ച് താനും അവ്ദൂദും അഡല്‍റ്റ് ചിത്രം കാണാന്‍ പോയതായി പരാതിപ്പെട്ടു. എന്നാല്‍ ഏത് ചിത്രമാണ് കാണാന്‍ പോയതെന്ന് തനിക്ക് അറിയാമെന്നും നിങ്ങള്‍ എന്തിനാണ് ആ ചിത്രം കാണാന്‍ പോയതെന്ന് അമ്മ അയാളോട് തിരിച്ചു ചോദിച്ചതായും പരീക്കര്‍ പറഞ്ഞു. മുന്‍കൂട്ടി അപകടം തടയേണ്ടത് ചിലപ്പോള്‍ വളരെ ആവശ്യമായി വരുമെന്ന് മുഖ്യമന്ത്രി കുട്ടികളോട് പറഞ്ഞു.


OTHER SECTIONS