കുപ്പിവെള്ളത്തില്‍ വന്‍ തോതില്‍ പ്ലാസറ്റിക് മാലിന്യങ്ങള്‍ കലര്‍ന്നതായി റിപ്പോര്‍ട്ട്

By Ambily chandrasekharan.16 Mar, 2018

imran-azhar


മിയാമി: കടുത്ത ചൂടില്‍ ദാഹശമനത്തിനായി കുപ്പിവെളളം ആശ്രയിക്കുന്നവരാണ് നമ്മളില്‍ പലരും. ദൂരെ യാത്രകളില്‍ പലരും ദാഹജലത്തിനായി ആശ്രയിക്കുന്നത് കുപ്പി വെള്ളത്തെ തന്നെയാണ്. പ്രത്യകിച്ച് മലയാളികള്‍ക്കും ഒഴിച്ചു കുടാനാവാത്തതായി മാറിയ കുപ്പിവെള്ളത്തില്‍ വന്‍ തോതില്‍ പ്ലാസറ്റിക് മാലിന്യങ്ങള്‍ കലര്‍ന്നതായി റിപ്പോര്‍ട്ട് പുറത്ത് വ്ന്നിരിക്കുകയാണ്. ഇന്ത്യയടക്കം ഒമ്പത് രാഷ്ട്രങ്ങളില്‍ നടത്തിയ പഠനത്തിലാണ് 93% സാമ്പിളുകളിലും പ്ലാസ്റ്റികിന്റെ അംശം കണ്ടെത്തിയതായി ഞെട്ടിക്കുന്ന ഈ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്.

അക്വാ, അക്വാഫിന, ഡസാനി, എവിയാന്‍, നെസ്ലെ പ്യൂര്‍ ലൈഫ് ,ബിസ് ലേരി, എപുറ, ജെറോള്‍സ്റ്റെയ്‌നര്‍, മിനല്‍ബ, വഹാഹ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകള്‍ ഇതില്‍ ഉള്‍പ്പെടുന്നവയുമാണ്. ന്യൂയോര്‍ക്ക് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ മൈക്രോപ്ലാസ്റ്റിക് റിസേര്‍ച്ചര്‍ ഷെരി മാസണിന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്.
കുപ്പികളില്‍ വെള്ളം നിറച്ച ശേഷം മൂടിയിടുന്ന നിര്‍മ്മാണ പ്രക്രിയയിലാണ് പ്ലാസ്റ്റിക് ശകലങ്ങള്‍ കടന്നുകൂടുന്നതെന്നാണ് പഠനം നിരീക്ഷിക്കുന്നത്.

വെള്ളം മൂടിയിടാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് മൂടികള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ വകഭേദമായ പോളി പ്രൊപ്പലിന്‍, നൈലോണ്‍, പോളി എത്തിലിന്‍ ട്രെപ്താലെറ്റ് എന്നിവയാണ് വെള്ളത്തില്‍ കലരുന്നത്. ലഭിച്ചവയില്‍ 65%വും പ്ലാസ്റ്റിക് ശകലങ്ങളാണ് പകരം പ്ലാസ്റ്റിക് നാരുകളല്ലെന്നും പഠനത്തില്‍ വ്യക്തമായി തെളിയുന്നു.ഒരൊറ്റ കുപ്പിയില്‍ പൂജ്യം മുതല്‍ 1000 ശകലങ്ങള്‍ വരെ കണ്ടെത്തി.ഒരു ലിറ്ററില്‍ ശരാശരി 325 എന്ന കണക്കിലാണ് പ്ലാസ്റ്റിക് മാലിന്യം കടന്നു കൂടിയിരിക്കുന്നത്. ഇത്തരത്തില്‍ പ്ലാസ്റ്റിക് മാലിന്യം കലര്‍ന്ന കുപ്പിവെള്ളം കുടിക്കുന്നത് ഓട്ടിസം, കാന്‍സര്‍, പുരുഷന്മാരിലെ വന്ധ്യത എന്നിവയ്ക്ക് കാരണമായേക്കാം.