അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് പ്രണബ് മുഖര്‍ജി രാഹുല്‍ ഗാന്ധി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍

By Shyma Mohan.13 Jun, 2018

imran-azhar


    ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ആതിഥേയത്വം വഹിക്കുന്ന ഇഫ്താര്‍ വിരുന്നിന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് ക്ഷണമില്ലെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് പ്രണബ് മുഖര്‍ജി ഇഫ്താര്‍ വിരുന്നില്‍. പ്രണബ് മുഖര്‍ജിക്ക് പുറമെ മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിക്കും ക്ഷണമില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഹമീദ് അന്‍സാരിയും വിരുന്നില്‍ പങ്കെടുത്തി. ആര്‍എസ്എസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പങ്കെടുത്ത പ്രണബ് മുഖര്‍ജിയുടെ നടപടി കോണ്‍ഗ്രസിനുള്ളില്‍ ഏറെ പ്രതിഷേധം സൃഷ്ടിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇഫ്താറിലേക്ക് പ്രണബിന് ക്ഷണമില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടും ഉണ്ടായിരുന്നു. പ്രണബിനും ഹമീദ് അന്‍സാരിക്കും പുറമെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, മുന്‍ രാഷ്ട്രപതി പ്രതിഭ പാട്ടീല്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ജനതാദള്‍ യുണൈറ്റഡ് വിമത നേതാവ് ശരദ് യാദവ്, ജനതാദള്‍ സെക്യുലര്‍ നേതാവ് ഡാനിഷ് അലി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ദിനേഷ് ത്രിവേദി, ബിഎസ്പിയുടെ സതീഷ് ചന്ദ്ര മിശ്ര എന്നിവരും വിരുന്നില്‍ പങ്കുകൊണ്ടു. കോണ്‍ഗ്രസ് നേതാക്കളായ പി.ചിദംബരത്തിനും എ.കെ ആന്റണിക്കുമൊപ്പം എന്‍സിപി നേതാവ് ഡിപി ത്രിപാഠി, ഡിഎംകെയുടെ കനിമൊഴി, രാഷ്ട്രീയ ജനതാദള്‍ എംപി മനോജ് ഝാ, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ ഹേമന്ത് സോറന്‍ എന്നീ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും വിരുന്നിനെത്തി.