ഒരുകോടി ഡോസിന് മുന്‍കൂര്‍ ബുക്കിംഗ്, മൊഡേണ വാക്സിന് 1500 കോടിയുടെ കരാറുമായി അമേരിക്ക

By online desk .13 08 2020

imran-azhar

 


വാഷിങ്ടണ്‍: എത്രയും പെട്ടെന്ന് കോവിഡിനെതിരായ വാക്‌സിന്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ മരുന്ന് കമ്പനിയായ മൊഡേണയുമായി 1500 കോടിയുടെ കരാറില്‍ അമേരിക്ക ഒപ്പിട്ടു. വാക്‌സിന്‍ പൂര്‍ണ സജ്ജമായാല്‍ ഒരുകോടി ഡോസുകള്‍ ലഭ്യമാക്കുന്നതാണ് കരാര്‍. കോവിഡിനെതിരായ വാക്‌സിന്‍ പൗരന്മാര്‍ക്ക് ലഭ്യമാക്കുന്നതിന് സമാനമായ കരാറുകള്‍ അമേരിക്ക മറ്റ് വാക്‌സിന്‍ നിര്‍മ്മാതാക്കളുമായും ഒപ്പുവച്ചിട്ടുണ്ട്. ഓപ്പറേഷന്‍ വാപ് സ്പീഡ് എന്ന പദ്ധതിക്ക് കീഴിലാണ് ഈ നീക്കങ്ങള്‍.


വര്‍ഷാവസാനത്തോടെ വാക്‌സിന്‍ രാജ്യത്ത് ലഭ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. മൊഡേണ വാക്സിന്റെ ഒരു ഡോസിന് അവര്‍ നിശ്ചയിച്ചിരിക്കുന്ന നിരക്ക് 30.5 ഡോളറാണ്. ഒരാള്‍ക്ക് രണ്ട് ഡോസ് വീതം വാക്‌സിനാണ് നല്‍കേണ്ടത്.
വാക്‌സിന്‍ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണ് മൊഡേണ. എംആര്‍എന്‍എ-1273 എന്ന കോഡിലുള്ള വാക്‌സിന്റെ അവസാന ഘട്ട മനുഷ്യരിലെ പരീക്ഷണം സെപ്റ്റംബറിലാണ് പൂര്‍ത്തിയാകുക.


ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, അസ്ട്രാസെന്‍ക, ഫിസെര്‍, ബയോണ്‍ടെക്, സനോഫി, ഗ്ലാക്‌സോസ്മിത്ക്ലിന്‍ തുടങ്ങിയ കമ്പനികളുടെ വാക്‌സിനുകള്‍ക്ക് വേണ്ടിയും ട്രംപ് ഭരണകൂടം മുന്‍കൂര്‍ വ്യാപാര കരാര്‍ ഒപ്പിട്ടിട്ടുണ്ട്. ഈ കരാറുകള്‍ എല്ലാം കൂടി ഏകദേശം അഞ്ച് കോടി വാക്‌സിന്‍ ഡോസുകള്‍ അമേരിക്ക റിസര്‍വ് ചെയ്തിരിക്കുകയാണ്. അമേരിക്കയുടെ ചുവട് പിടിച്ച് ജപ്പാന്‍, യു.കെ, കാനഡ തുടങ്ങിയ രാജ്യങ്ങളും മരുന്നുകമ്പനികളുമായി കരാറിലേര്‍പ്പെടുന്നുണ്ട്.

 

OTHER SECTIONS