പിതാവിന്റെ ദീര്‍ഘായുസിന് മൂര്‍ഖന്‍ പാമ്പിനെയും ആനയെയും ഉപയോഗിച്ച് പ്ര്‌ത്യേക പൂജ: പൂജാരി അറസ്റ്റില്‍

By Shyma Mohan.17 May, 2018

imran-azhar

 
     ചെന്നൈ: പിതാവിന്റെ 80ാം ജന്മദിനത്തോടനുബന്ധിച്ച് പ്രത്യേക പൂജ നടത്താന്‍ മൂര്‍ഖന്‍ പാമ്പുകളെയും ആനയെയും അനധികൃതമായി ഉപയോഗിച്ച പൂജാരി അറസ്റ്റില്‍. വന്യജീവി സംരക്ഷണ നിയമം ലംഘിച്ച തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിലുള്ള 45കാരനായ സുന്ദരേശനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പിതാവിന്റെ ദീര്‍ഘായുസിന് പ്രത്യേക പൂജ ഒരുക്കാനാണ് സുന്ദരേശന്‍ മൂര്‍ഖന്‍ പാമ്പുകളെയും ആനയെയും പൂജക്കായി ഉപയോഗിച്ചത്. പാമ്പാട്ടിയുടെ സാന്നിധ്യത്തില്‍ മൂര്‍ഖന്‍ പാമ്പുകള്‍ക്ക് മുന്നില്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കുകയും വേദമന്ത്രങ്ങള്‍ പൂജാരി ഉരുവിടുകയും ചെയ്യുന്നതിന്റെ വീഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് സുന്ദരേശന്റെ അറസ്റ്റുണ്ടായത്.
    മൂര്‍ഖന്‍ പാമ്പുകളെ പൂജക്കോ മറ്റ് ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കുന്നത് വന്യജീവി സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. ആനയെ ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിന് അനുമതി ആവശ്യമാണെന്നും അതില്ലാതെയാണ് സുന്ദരേശന്‍ ആനയെ കൊണ്ടുവന്നതെന്നും അധികൃതര്‍ പറഞ്ഞു. ഇടനിലക്കാര്‍ വഴിയാണ് മൂര്‍ഖന്‍ പാമ്പുകളും സുന്ദരേശന്‍ പൂജക്കായി എത്തിച്ചിരുന്നത്. വനംവകുപ്പ് അധികൃതര്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് സുന്ദരേശന്‍ കുറ്റസമ്മതം നടത്തി. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.OTHER SECTIONS