By parvathyanoop.29 06 2022
തിരുവനന്തപുരം: എന്‍സിപി നേതാവ് കൂടിയായ ലതികാ സുഭാഷ് ഔദ്യോഗിക വാഹനം ഉപയോഗിച്ച് 7,354 കിലോമീറ്റര്‍ സ്വകാര്യയാത്ര നടത്തിയെന്നാണ് എം ഡി നല്കിയ കത്തില്‍ പറയുന്നത്. ഇതിന്റെ നഷ്ടപരിഹാരമായാണ് തുക ആവശ്യപ്പെട്ടത്.ഔദ്യോഗിക വാഹനത്തിലെ സ്വകാര്യയാത്രയുടെ 97,140 രൂപ തിരിച്ചടയ്ക്കണമെന്ന് എംഡിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് വിശദീകരണമായി കേരള വനം വികസന കോര്പ്പറേഷന് ചെയര്‍പേഴ്സണ്‍ ലതികാ സുഭാഷ്. കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി കേരളത്തിന്റെ പൊതുരംഗത്തുള്ള ഒരു വ്യക്തിയാണ് താനെന്നും കേരളത്തിലങ്ങോളമിങ്ങോളം പൊതുപരിപാടികളില്‍ പങ്കെടുക്കുന്ന ആളാണെന്നും ലതികാ സുഭാഷ് പറഞ്ഞു .
കെ എഫ് ഡി സി യുടെ ചെയര്‍പേഴ്സണ്‍ ആയി ചുമതല വഹിച്ചിട്ട് ആറ് മാസമാകുന്നു. കോര്‍പ്പറേഷന്റെ ഉയര്‍ച്ചക്ക് വേണ്ടി അക്ഷീണമായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ തന്നെ വ്യക്തിപരമായി ബാധിക്കുന്ന ഒരു വാര്‍ത്തയാണ് ഈ കുറിപ്പിനാധാരമെന്നും ലതികാ സുഭാഷ് സൂചിപ്പിച്ചു. ഇന്ധന ചിലവ് ഇനത്തില്‍ കൈപ്പറ്റിയ 97,140 രൂപ എന്നില്‍ നിന്നും ഈടാക്കുമെന്നാണ് വാര്‍ത്ത. ചെയര്‍പേഴ്സണ്‍ എന്ന നിലയില്‍ തനിക്ക് പ്രതിമാസ ഓണറേറിയം ടി ഡി എസ് കഴിച്ച് 18,000 രൂപ മാത്രമാണ്. ടി എ / ഡി എ ഇനത്തില്‍ 3500 രൂപയെന്നും .
കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ കേരളത്തിലെ പല പൊതു പരിപാടികളിലും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രമുഖരുടെ മരണാനന്തര ചടങ്ങുകള്‍ ഉള്‍പ്പെടെ പലതിലും സംബന്ധിക്കേണ്ടി വന്നിട്ടുണ്ട്. അത് ഒരു അഴിമതിയോ അപരാധമായോ വിശ്വസിക്കുന്നുമില്ലയെന്നും ലതികാ സുഭാഷ് വ്യക്തമാക്കി. വാഹനം ദുരുപയോഗം ചെയ്തു എന്നുള്ള ആരോപണമാണ് തനിക്കെതിരെ ഉയര്‍ന്നു വന്നിട്ടുള്ളത്. സ്വകാര്യ ആവശ്യത്തിനായി ഇതുവരെ ഞാന്‍ ഔദ്യോഗിക വാഹനം ഉപയോഗിച്ചിട്ടില്ല. ഔദ്യോഗിക വാഹനത്തില്‍ ഇത്തരം പൊതുപരിപാടികളില്‍ സംബന്ധിച്ചത് കൊണ്ട് വാഹനത്തിന്റെ ഇന്ധന തുക എന്നില്‍ നിന്ന് ഈടാക്കണമെന്നാണ് എം.ഡി നിര്‍ദേശിക്കുന്നത്.
വനം വികസന കോര്പ്പറേഷന് ചെയര്പേഴ്സന് എന്ന നിലയില്‍ താനും നിയമത്തിന് വിധേയയാണ്. ബന്ധപ്പെട്ടവരുമായി ആലോചിച്ച് എന്തെങ്കിലും സാങ്കേതികമായ പിശക് സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്തുമെന്നും ലതികാ സുഭാഷ് പറഞ്ഞു.വനംവികസന കോര്‍പ്പറേഷന്റെ ഔദ്യോഗിക വാഹനമായ കെ എല്‍ 05 എ ഇ 9173 കാര്‍ കോര്പ്പറേഷന് ആവശ്യങ്ങള്‍ക്കല്ലാതെ ചെയര്‍പേഴ്സണ്‍ ഉപയോഗിച്ചെന്നാണ് കണ്ടെത്തല്‍. ഇതുസംബന്ധിച്ച മാധ്യമവാര്‍ത്തകളുടെയും വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് നടപടിയെന്നും എംഡി നല്കിയ കത്തിലുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
ലതിക സുഭാഷിന്റെ പ്രൈവറ്റ് സെക്രട്ടറി ഉള്‍പ്പെടെയുള്ള താല്‍ക്കാലിക ജീവനക്കാരെ കഴിഞ്ഞയാഴ്ച എംഡി പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കോര്പ്പറേഷന് ചെയര്‍പേഴ്സണും നോട്ടീസ് നല്‍കിയിരിക്കുന്നത്. വിവിധ തസ്തികകളിലേക്ക് ചെയര്‍പേഴ്സന്റെ ശുപാര്‍ശയില്‍ നിയമിച്ചവരെയാണ് ജോലിയില്‍നിന്ന് ഒഴിവാക്കിയത്.