രാജ്യതലസ്ഥാനം കണ്ടത് പോലീസ് വേട്ട; പ്രിയങ്കയെ വലിച്ചിഴച്ച് പോലീസ്

By Shyma Mohan.05 08 2022

imran-azhar

 


ന്യൂഡല്‍ഹി: വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കളെ വലിച്ചിഴച്ച് ഡല്‍ഹി പോലീസ്. തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനുമെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കളെ പോലീസ് മാരകമായി നേരിടുന്നതിനാണ് രാജ്യ തലസ്ഥാനം ഇന്ന് സാക്ഷ്യം വഹിച്ചത്. കോണ്‍ഗ്രസ് പ്രിയങ്കാ ഗാന്ധിയെ ഡല്‍ഹി പോലീസ് വലിച്ചിഴച്ച് തടഞ്ഞുവെച്ചു.

 

പ്രതിഷേധ സൂചകമായി മറ്റ് നേതാക്കളെ പോലെ കറുത്ത വസ്ത്രം ധരിച്ച് ബാരിക്കേഡുകള്‍ മറികടന്ന് കുത്തിയിരുന്ന് പ്രതിഷേധിച്ച. പ്രിയങ്കയെ പോലീസുകാര്‍ ബലം പ്രയോഗിച്ച് വലിച്ചിഴച്ച് വണ്ടിയില്‍ കയറ്റുകയായിരുന്നു. പോലീസ് സേനയെ കാണിച്ച് ഞങ്ങളെ നിശ്ശബ്ദമായി ബസുകളില്‍ ഇരുത്താന്‍ കഴിയുമെന്ന് സര്‍ക്കാര്‍ കരുതുന്നു. പക്ഷേ ഞങ്ങള്‍ക്ക് ഒരു ലക്ഷ്യമുണ്ടെന്ന് പ്രിയങ്ക സര്‍ക്കാരിനെതിരെ കടന്നാക്രമണം നടത്തി പ്രതികരിച്ചു.

 

സഹോദരനും കോണ്‍ഗ്രസ് എംപിയുമായ രാഹുല്‍ ഗാന്ധിയെയും പോലീസ് പ്രതിഷേധിച്ചതിന്റെ പേരില്‍ കസ്റ്റഡിയിലെടുത്തിരുന്നു. ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധിക്കുന്ന നേതാക്കള്‍ക്കെതിരെ പോലീസ് വേട്ട നടത്തിയത്.

 

പ്രധാനമന്ത്രിയുടെ വസതിയിലേക്കും രാഷ്ട്രപതി ഭവനിലേക്കും ഉള്‍പ്പെടെ പ്രതിഷേധ പരിപാടി അനുവദിക്കാതിരിക്കാന്‍ പ്രധാന സ്ഥലങ്ങളില്‍ പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു. വലിയ സമ്മേളനങ്ങള്‍ നിരോധിച്ചുകൊണ്ട് നിരോധന ഉത്തരവുകളും ഭരണകൂടം ഇറക്കിയിരുന്നു. ഈ നിയന്ത്രണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധത്തിന് പോലീസ് അനുമതി നിഷേധിച്ചത്.

OTHER SECTIONS