മോദി-പുടിന്‍ കൂടിക്കാഴ്ച; ഇന്ത്യയുടെ വിദേശനയത്തിലെ മാറ്റത്തിന്റെ തുടക്കമോ?

By RK.03 12 2021

imran-azhar

ഡിസംബര്‍ ആറിന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ ഇന്ത്യയില്‍ എത്തുകയാണ്. അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ വളരെ ഗൗരവത്തോടെയാണ് പുടിന്‍-മോദി കൂടിക്കാഴ്ചയെ നോക്കി കാണുന്നത്. ഇന്ത്യയുടെ വിദേശനയത്തില്‍ ഉടന്‍ തന്നെ വരാന്‍ പോകുന്ന മാറ്റങ്ങളുടെ തുടക്കമാണ് ഈ കൂടിക്കാഴ്ചയെന്നും വിലയിരുത്തലുകള്‍ ഉണ്ട്

 


ആര്‍. രാജേഷ്

 

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്താന്‍ ഇന്ത്യയില്‍ എത്തുന്നുവെന്നത് ലോകരാജ്യങ്ങള്‍ ഏറെ ഗൗരവത്തോടെയാണ് നോക്കി കാണുന്നത്. നമ്മുടെ ശത്രു രാജ്യങ്ങളായ ചൈനയും പാക്കിസ്ഥാനും മാത്രമല്ല ഇപ്പോള്‍ ഇന്ത്യയോട് വല്ലാത്ത അടുപ്പം കാണിക്കുന്ന അമേരിക്കക്ക് പോലും ഈ കൂടിക്കാഴ്ച അത്രക്ക് ദഹിച്ചിട്ടില്ല. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ച് ഈ കൂടിക്കാഴ്ച വളരെ നിര്‍ണായകമാണ്. അഫ്ഗാന്‍ വിഷയം ചര്‍ച്ച ചെയ്യനാണ് പുടിന്‍ വരുന്നതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും അജണ്ടയില്‍ ഉള്ളതും ഇല്ലാത്തതുമായ നിരവധി കാര്യങ്ങള്‍ ചര്‍ച്ചയാകുമെന്ന കാര്യത്തില്‍ സംശയമില്ല.

 

നെഹ്റുവിന്റെ കാലം മുതല്‍ ചേരിചേരാ വിദേശ നയമാണ് ഇന്ത്യ പിന്‍തുടരുന്നതെങ്കിലും അടുത്തകാലത്തായി ഇന്ത്യ യു.എസിന്റെ അധീനതയിലുള്ള രാജ്യമാണെന്ന് വേണമെങ്കില്‍ പറയാം. ഇത് ഇന്ത്യയുടെ വിദേശബന്ധത്തിന് ഭൂഷണമല്ല. ഒരിക്കലും വിശ്വാസത്തിലെടുക്കാന്‍ കഴിയാത്ത അമേരിക്കയുമായുള്ള ബന്ധം ആപത്ത് ക്ഷണിച്ചുവരുത്തുമെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. എന്നാല്‍ റഷ്യ എന്നും ഇന്ത്യയോട് സഹകരിച്ചിട്ടുള്ള രാജ്യമാണ്. അത് യുദ്ധത്തിന്റെ കാര്യത്തിലാണെങ്കിലും സങ്കേതിക വിദ്യയുടെ കാര്യത്തിലാണെങ്കിലും ആണവ വിഷയത്തിലാണെങ്കിലും ഇന്ത്യയെ എല്ലാ കാലത്തും പിന്തുണച്ചിട്ടുള്ളത് റഷ്യ മാത്രമാണ്. അതുകൊണ്ടു തന്നെയാണ് അമേരിക്കയുടെ ഭീഷണികള്‍ക്ക് മുന്നില്‍ വഴങ്ങാതെ ഇന്ത്യ റഷ്യയുമായി പുതിയ ആയുധ കരാറില്‍ ഒപ്പു വച്ചതും പിന്നാലെ പ്രസിഡന്റ് വ്ളാഡിമര്‍ പുടിലുമായി ചര്‍ച്ചക്ക് ഒരുങ്ങുന്നത്.

 

ചൈന, റഷ്യ, ഇറാന്‍ തുടങ്ങി ഏഷ്യന്‍ ഉപഭൂഖണ്ഡത്തിലെ പ്രബലശക്തികള്‍ ഒന്നാകുമ്പോള്‍ മറ്റൊരു ശക്തിയായ ഇന്ത്യയും അതിനോട് ചേര്‍ന്നു നില്‍ക്കുന്നതാണ് നല്ലതെന്നിരിക്കെ ശത്രുവിന്റെ ശത്രു മിത്രം എന്നുള്ള അമേരിക്കയുടെ നയത്തിന് ഭാഗം മാത്രമാണ് ഇന്ത്യ. ഏഷ്യന്‍ ഭൂഖണ്ഡത്തിലെ പ്രബല ശക്തിയായി വളര്‍ന്നു വരുന്ന ചൈനയുടെ വളര്‍ച്ച തടയിടാന്‍ യു.എസ് ഇന്ത്യയെ ഉപയോഗിക്കുകയാണോ എന്ന സംശയും നിലനില്‍ക്കുന്നുണ്ട്.

 

ഈ തിരിച്ചറിവ് കൂടി ഉള്‍ക്കൊണ്ടാണ് ഡിസംബര്‍ ആറിന് മോദി- പുടിന്‍ കൂടിക്കാഴ്ച്ച നടക്കുന്നതെങ്കില്‍ അതിന് ചൈനയും പാകിസ്ഥാനും പുറമേ അമേരിക്ക കൂടി ഉറ്റു നോക്കുന്നതില്‍ അത്ഭുതപ്പെടാനില്ല. ഇന്ത്യയെ സംബന്ധിച്ച് സന്തുലിത വിദേശനയം എന്നത് റഷ്യയുമായി പഴയകാല സൗഹൃദം ഊട്ടിയുറപ്പിക്കുക എന്നതാണ്. വാണിജ്യ ബന്ധത്തിന്റെ പേരില്‍ യു.എസ് ബ്ലോക്കിലേക്ക് കുടിയേറുന്നത് ഇന്ത്യയ്ക്ക് ഗുണം ചെയ്യില്ലെന്നും വിലയിരുത്തലുകള്‍ ഉണ്ട്.

 

എസ് 400 എങ്ങനെ വിദേശനയത്തെ സ്വാധീനിക്കും?

 

ഇന്ത്യ റഷ്യയോട് അടുക്കുമ്പോള്‍ ആയുധ വാണിജ്യ രംഗത്താണ് അമേരിക്ക് കനത്ത തിരിച്ചടി കിട്ടുന്നത്. ഇന്ത്യയുടെ പ്രതിരോധ ശക്തിയില്‍ ഭൂരിഭാഗവും റഷ്യന്‍ ടെക്നോളജിയാണ്. മിസൈല്‍, പോര്‍വിമാനങ്ങള്‍, മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍, കോപ്റ്ററുകള്‍ എല്ലാം റഷ്യന്‍ നിര്‍മ്മിത ടെക്നോളജികളിലാണ് പ്രവര്‍ത്തിക്കുന്നത്. റഷ്യയില്‍ നിന്നു ഇന്ത്യ വാങ്ങുന്ന എസ്-400 ട്രയംഫ് (മിസൈല്‍ പ്രതിരോധ കവചം) ലോക പ്രതിരോധ മേഖലയിലെ പ്രധാന ആയുധമാണ്. അമേരിക്കയ്ക്ക് പോലും പരീക്ഷിക്കാന്‍ കഴിയാത്ത ടെക്നോളജിയാണ് എസ്-400 ട്രയംഫില്‍ റഷ്യ ഉപയോഗിച്ചിരിക്കുന്നത്.

 

അതുകൊണ്ടു തന്നെയാണ് റഷ്യയുടെ എസ് 400 ആയുധങ്ങള്‍ വാങ്ങാന്‍ ഇന്ത്യ കോടിക്കണക്കിന് ഡോളര്‍ ചിലവഴിക്കാന്‍ ഒരു മടിയും കാണിക്കാതിരുന്നത്. വൈകാതെ തന്നെ ഇന്ത്യയില്‍ ഇത് വിന്യസിക്കും. എസ്-400 വ്യോമപ്രതിരോധ മിസൈലിന്റെ ഇന്ത്യയ്ക്കുള്ള വിതരണം തുടങ്ങിയെന്ന് റഷ്യ അറിയിച്ചു. എസ്400 ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ വര്‍ഷം അവസാനത്തോടെ തന്നെ കരാര്‍ പ്രകാരം ഇരു രാജ്യങ്ങളും എസ്400ന്റ ആദ്യ യൂണിറ്റ് കൈമാറും.

 

പാക്കിസ്ഥാന്‍, ചൈന അതിര്‍ത്തികളുടെ രണ്ട് ഭാഗങ്ങളില്‍ നിന്നുള്ള ഭീഷണികളെ നേരിടാന്‍ കഴിയുന്ന രാജ്യത്തിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഒരു സ്ഥലത്താണ് എസ്400 സംവിധാനം ആദ്യം വിന്യസിക്കുക. ലഡാക്കിലും അരുണാചല്‍ പ്രദേശിലുടനീളമുള്ള ടിബറ്റിലെ എന്‍ഗാരി ഗാര്‍ ഗുന്‍സയിലും നൈന്‍ചി എയര്‍ബേസിലും ചൈന ഇതിനകം തന്നെ രണ്ട് എസ്-400 സ്‌ക്വാഡ്രണുകള്‍ വിന്യസിച്ചിട്ടുണ്ട്.

 

എന്നാല്‍ ഈ കരാര്‍ അമേരിക്കക്ക് ഒട്ടും ദഹിച്ചിട്ടില്ല. റഷ്യയില്‍ നിന്നു എസ്400 വാങ്ങിയാല്‍ അത്യാധുനിക പോര്‍വിമാനമായ എഫ്35 പോര്‍വിമാനം നല്‍കില്ലെന്നാണ് അമേരിക്ക അറിയിച്ചിരിക്കുന്നത്. റഷ്യന്‍ ആയുധങ്ങള്‍ വാങ്ങുന്നവരുമായി സഹകരിക്കേണ്ടെന്നതാണ് അമേരിക്കന്‍ നിലപാട്. എന്നാല്‍ എസ്400 വാങ്ങുന്ന ഇന്ത്യക്കെതിരെയും ഭീഷണിയുമായി അമേരിക്ക രംഗത്തുവന്നെങ്കിലും കീഴടങ്ങാന്‍ സര്‍ക്കാര്‍ തയാറായില്ല എന്നതും ശ്രദ്ധേയമാണ്.

 

അമേരിക്കയ്ക്ക് തലവേദനയായ ഒരു റഷ്യന്‍ ആയുധമാണ് എസ്400. അമേരിക്കയില്‍ നിന്നു സ്ഥിരമായി ആയുധങ്ങളും പോര്‍വിമാനങ്ങളും വാങ്ങിയിരുന്ന, വാങ്ങാനിരിക്കുന്ന രാജ്യങ്ങള്‍ പോലും റഷ്യയുടെ എസ്400 പ്രതിരോധ സംവിധാനത്തിനു പിന്നാലെ പോകുകയാണ്. റഷ്യയില്‍ നിന്ന് ഇന്ത്യയും തുര്‍ക്കിയും വാങ്ങുന്ന വ്യോമ പ്രതിരോധ സംവിധാനം എസ്400 ലോകത്തെ ഏറ്റവും മികച്ച പ്രതിരോധ ടെക്നോളജികളില്‍ ഒന്നാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അമേരിക്ക ഉള്‍പ്പടെയുള്ള മറ്റു രാജ്യങ്ങളുടെ കൈവശമുള്ള പ്രതിരോധ സിസ്റ്റങ്ങളേക്കാളും മികച്ചതാണ് എസ്400. സിറിയിയില്‍ റഷ്യ വിന്യസിച്ചിരിക്കുന്ന എസ്-400ന്റെ ലക്ഷ്യത്തെക്കുറിച്ച് അന്വേഷിച്ചാല്‍ മതി ഈ സംവിധാനം എത്രമാത്രം പ്രാധാന്യമുളളവയാണെന്നു മനസിലാക്കാന്‍.

 

 

OTHER SECTIONS