ക്വീന്‍സ് വേയില്‍ വിളക്കുകള്‍ മിഴി തുറന്നു

By S R Krishnan.22 Apr, 2017

imran-azhar
 
കൊച്ചി: ക്ലേശകരമായ നഗരജീവിതത്തിന് ആശ്വാസമായ  തുറസിടങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ടൂറിസം വികസനത്തില്‍ സ്വകാര്യസംരംഭകര്‍ നല്‍കിയ സംഭാവനകളാണ് രാജ്യാന്തര തലത്തില്‍ കേരളത്തെ ശ്രദ്ധേയമാക്കിയത്. പല തരത്തിലുള്ള സവിശേഷതകള്‍ മൂലം എറണാകുളത്തിന്റെ ടൂറിസം വികസനത്തിന് വലിയ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
 
ഗോശ്രീ ക്വീന്‍സ് വാക് വേയില്‍ സ്ഥാപിച്ച തെരുവ് വിളക്കുകളുടെയും സുരക്ഷാ ക്യാമറകളുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഹൈബി ഈഡന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ബിപിസിഎല്‍ ജനറല്‍ മാനേജര്‍ ജോര്‍ജ് തോമസ്, കൗണ്‍സിലര്‍മാരായ ആന്‍സ ജയിംസ്, ദീപക് ജോയി, ആല്‍ബര്‍ട്ട് അമ്പലത്തിങ്കല്‍, ഗ്രേസി ബാബു ജേക്കബ്, ഒ.പി സുനില്‍, ജിഡ പ്രൊജക്ട് ഡയറക്ടര്‍ പ്രമോദ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 1.8 കിലോമീറ്റര്‍ നീളമുള്ള ക്വീന്‍സ് വെയില്‍ 80 തെരുവ് വിളക്കുകളും 40 സി സി ടി വി ക്യാമറകളുമാണ് സ്ഥാപിച്ചിരിക്കുന്നത്. ഹൈബി ഈഡന്‍ എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നും 14.5 ലക്ഷം രൂപയും ബിപിസിഎല്‍ സാമൂഹ്യ പ്രതിബദ്ധത ഫണ്ടില്‍ നിന്നും 24 ലക്ഷം രൂപയും ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്.