തീവണ്ടികള്‍ പാളംതെറ്റുന്നത് ഒഴിവാക്കാന്‍ കോടികള്‍ മുടക്കി ആധുനിക സാങ്കേതികവിദ്യ ഒരുക്കുന്നു റെയില്‍വെ

By Ambily chandrasekharan.25 Feb, 2018

imran-azhar


ന്യൂഡല്‍ഹി : തീവണ്ടികള്‍ അടിക്കടി പാളംതെറ്റുന്നത് ഒഴിവാക്കാന്‍ ആധുനിക സാങ്കേതികവിദ്യ നടപ്പിലാക്കാന്‍ 2,726 കോടിയുടെ ഉപകരണങ്ങള്‍ വാങ്ങുന്നു റെയില്‍വെ.നിലവില്‍ ജീവനക്കാര്‍ ചെയ്യുന്ന പോലെ തീവണ്ടിപ്പാളങ്ങള്‍ പരിശോധിച്ച് തകരാറുകള്‍ കണ്ടെത്തുകയും അറ്റകുറ്റപ്പണി നടത്തുകയും ചെയ്യുന്ന രീതികള്‍ പൂര്‍ണമായും ഒഴിവാക്കാനാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.തീവണ്ടികളുടെ വേഗം കൂടുകയും എണ്ണം വര്‍ധിക്കുകയും ചെയ്തതോടെ ജീവനക്കാര്‍ ട്രാക്കുകള്‍ പരിശോധിക്കുന്ന നിലവിലെ രീതി അപ്രായോഗികമായെന്ന് മുതിര്‍ന്ന റെയില്‍വെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അപ്പോഴാണ് യന്ത്രസംവിധാനങ്ങള്‍ ഉപോയോഗിച്ച് ട്രാക്കുകള്‍ പരിശോധിക്കുകയും അറ്റകുറ്റപ്പണി നടത്തുകയും ചെയ്യുന്ന രീതിയിലേക്ക് റെയില്‍വെ ചുവടുമാറാന്‍ ഒരുങ്ങുന്നത്.

 

ഓട്ടോമാറ്റിക് ട്രാക് ജ്യോമട്രി കം വീഡിയോ ഇന്‍സ്‌പെക്ഷന്‍ സിസ്റ്റം, ഓട്ടോമേറ്റഡ് മള്‍ട്ടിഫങ്ഷന്‍ ട്രാക് റെക്കോര്‍ഡിങ് യന്ത്രങ്ങള്‍ തുടങ്ങിയവ വാങ്ങുന്നതിനാവും റെയില്‍വെ വന്‍ തുക ചിലവഴിക്കുക. അപകടങ്ങള്‍ കുറയ്ക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടി 2017 - 18 കാലത്ത് 1,933 കോടി മാത്രം അനുവദിച്ച സ്ഥാനത്ത്, 2018 - 19 ലെ കേന്ദ്ര ബജറ്റില്‍ സുരക്ഷ ഉറപ്പാക്കുന്നതിനുവേണ്ടി റെയില്‍വെയ്ക്ക് 7,267 കോടി അനുവദിച്ചിട്ടുണ്ട്. ജര്‍മനിയും ബ്രിട്ടനും അടക്കമുള്ള രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന ആധുനിക സാങ്കേതികവിദ്യയാണ് ഇന്ത്യന്‍ റെയില്‍വെ സ്വന്തമാക്കാന്‍ ഒരുങ്ങുന്നത്. അതിവേഗം സഞ്ചരിക്കുന്ന രാജധാനി എക്‌സ്പ്രസ് തീവണ്ടികളുടെ അവസാന കോച്ചിലാവും ആധുനിക സുരക്ഷാ ഉപകരണങ്ങള്‍ ആദ്യഘട്ടത്തില്‍ ഘടിപ്പിക്കുക. ട്രാക്കിന്റെ വീഡിയോ ദൃശ്യങ്ങള്‍ അടക്കം പകര്‍ത്തുന്ന ഉപകരണങ്ങള്‍ അവ പരിശോധനയ്ക്കായി ജീവനക്കാര്‍ക്ക് ലഭ്യമാക്കുകയും ചെയ്യുന്നതാണ്.

OTHER SECTIONS