രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് അമ്മ അര്‍പുതമ്മാള്‍

By Shyma Mohan.17 Jun, 2018

imran-azhar


    ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളിന് ദയാവധം അനുവദിക്കണമെന്ന ആവശ്യവുമായി അമ്മ അര്‍പുതമ്മാള്‍ രംഗത്ത്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസ് പ്രതികളായ പേരറിവാളന്‍ അടക്കം 7 പ്രതികളെ മോചിപ്പിക്കുന്നതിനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ അപേക്ഷ രാഷ്ട്രപതി തള്ളിക്കളഞ്ഞതിന് പിന്നാലെയാണ് ഇങ്ങനെ ജീവിക്കാന്‍ സാധിക്കില്ലെന്നും അതിനാല്‍ ദയാവധത്തിന് അനുമതി നല്‍കണമെന്നും അര്‍പുതമ്മാള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യവുമായി കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളെ സമീപിക്കുമെന്നും അര്‍പുതമ്മാള്‍ പറഞ്ഞു. സര്‍ക്കാര്‍ തങ്ങളെ എല്ലാവരെയും കൊല്ലണമെന്നും ഇത്രയും വേദന നിറഞ്ഞ ജീവിതം മുന്നോട്ടുകൊണ്ടുപോകാനാവില്ലെന്നും അവര്‍ പറയുന്നു. 19 വയസില്‍ ജയിലിലായതാണ് തന്റെ മകനെന്നും 27 വര്‍ഷമായി ജയിലില്‍ കഴിയുന്ന മകന്റെ ജീവിതത്തിലെ നല്ലകാലം മുഴുവന്‍ ജയിലില്‍ നഷ്ടപ്പെട്ടതായും അര്‍പുതമ്മാള്‍ പറയുന്നു. കഴിഞ്ഞ ദിവസം പേരറിവാളന് പുറമെ മുരുകന്‍, ശാന്തന്‍, ജയകുമാര്‍, റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍, നളിനി എന്നിവരുടെ മോചനം ആവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് ഹര്‍ജി നല്‍കിയെങ്കിലും രാഷ്ട്രപതി ഹര്‍ജി തള്ളുകയായിരുന്നു. 1991 മെയ് 21നാണ് രാജീവ് ഗാന്ധിയെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ചാവേറുകള്‍ വധിച്ചത്.