എന്താണ് ഡാം സുരക്ഷാ ബില്‍? നേട്ടവും കോട്ടവും

By RK.03 12 2021

imran-azhar


ആര്‍. രാജേഷ്

 

രാജ്യത്തെ വലിയ അണക്കെട്ടുകളുടെ സുരക്ഷാകാര്യത്തില്‍ ഇടപെടാനും നയവും മാര്‍ഗരേഖയും തീരുമാനിക്കാനും കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്ന ഡാം സുരക്ഷാ ബില്‍ കഴിഞ്ഞ ദിവസം രാജ്യസഭയിലും പാസി. ലോക്‌സഭ നേരത്തേ പാസാക്കിയിരുന്നു. രാഷ്ട്രപതി ഒപ്പു വയ്ക്കുന്നതോടെ ബില്ല് യാഥാര്‍ത്ഥ്യമാകും. ജലവിതരണം, ജലസേചനം, ജലസംഭരണം തുടങ്ങി സംസ്ഥാനങ്ങളുടെ അധികാരത്തിലുള്ള കൈകടത്താണ് ബില്ലെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. ഈ സാഹചര്യത്തില്‍ എന്താണ് ഡാം സുരക്ഷാ ബില്‍ എന്ന് പരിശോധിക്കാം.ബില്ല് യാഥാര്‍ത്ഥ്യമായതോടെ കേന്ദ്ര സര്‍ക്കാരിന് അന്തര്‍ സംസ്ഥാന ഡാമുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നേരിട്ട് ഇടപെടാന്‍ സാധിക്കും. ഡാം സുരക്ഷ, നിയന്ത്രണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട നയങ്ങള്‍ തയ്യാറാക്കാന്‍ ദേശീയ ഡാം സുരക്ഷാ സമിതിയും അതു നടപ്പാക്കാനും സംസ്ഥാനങ്ങളെ സഹായിക്കാനും ദേശീയ ഡാം സുരക്ഷാ അതോറിട്ടിയും (എന്‍.ഡി.എസ്.എ) രൂപീകരിക്കും. 15 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള ഡാമുകളും വലിയ സംഭരണികളുള്ള 10-15 മീറ്റര്‍ ഉയരമുള്ള ഡാമുകളും ബില്ലിന്റെ പരിധിയില്‍ അന്തര്‍ സംസ്ഥാന നദീതടങ്ങളില്‍ നിര്‍മ്മിക്കുന്ന അണക്കെട്ടുകളും ബില്ലിന്റെ പരിധിയിന്‍ വരും.

 

എന്താണ് ഡാം സുരക്ഷാ ബില്‍ 2019?

 

രാജ്യത്തുടനീളമുള്ള അണക്കെട്ടുകളുടെ നിരീക്ഷണം, പരിശോധന, പ്രവര്‍ത്തനം, പരിപാലനം എന്നിവയ്ക്കായി ഒരു കേന്ദ്രീകൃത സംസ്ഥാപന സംവിധാനം രൂപീകരിക്കാന്‍ മുന്‍കൈയെടുക്കുന്നതാണ് ഈ ബില്‍. 15 മീറ്ററില്‍ കൂടുതലുള്ള അല്ലെങ്കില്‍ 10 മീറ്റര്‍ മുതല്‍ 15 മീറ്റര്‍ വരെ ഉയരമുളള്ള എല്ലാ അണക്കെട്ടുകളും ഇതിന്റെ അധികാര പരിധിയില്‍ വരും. അണക്കെട്ടുകളുടെ അറ്റകുറ്റപ്പണികളും സുരക്ഷയും സംബന്ധിച്ച അന്തര്‍ സംസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാനും ബില്‍ ശ്രമിക്കും. നിലവില്‍ രാജ്യത്തെ 92% അണക്കെട്ടുകളും അന്തര്‍സംസ്ഥാന നദീതടങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്.

 

ഇന്ത്യയില്‍ നിലവില്‍ 5,344 വലിയ അണക്കെട്ടുകളാണുള്ളത്. അതില്‍ 293 എണ്ണവും 100 വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ളതും 1,041 എണ്ണം 50 മുതല്‍ 100 വര്‍ഷത്തിനിടയില്‍ പഴക്കമുള്ളതുമാണ്. 92 ശതമാനത്തോളം അണക്കെട്ടുകളും സ്ഥിതി ചെയ്യുന്നത് അന്തര്‍സംസ്ഥാന നദികളിലുമാണ്. ഇവയുടെ അറ്റകുറ്റപ്പണിയും കാര്യക്ഷമതയും സംബന്ധിച്ച ആശങ്കകള്‍ക്ക് കാരണമായിട്ടുണ്ട്. മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ തിവാരേ അണക്കെട്ട് തകര്‍ന്നുണ്ടായ അപകടത്തില്‍ 23 പേര്‍ മരിച്ചതാണ് ഇത്തരത്തില്‍ ഒരു നിയമം നിര്‍മ്മിക്കുന്നതിന് കാരണമായത്.

 

എന്താണ് എന്‍സിഡിഎസ് ?

 

അണക്കെട്ടിന്റെ സുരക്ഷയ്ക്കും മറ്റും പരിശോധിക്കുന്നതിന് നാഷണല്‍ കമ്മിറ്റി ഓണ്‍ ഡാം സേഫ്റ്റിക്ക് (എന്‍സിഡിഎസ്) രൂപകല്‍പ്പന ചെയ്യും. അണക്കെട്ട് സുരക്ഷാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച നയങ്ങളും നിയന്ത്രണങ്ങളും രൂപപ്പെടുത്തല്‍, അണക്കെട്ട് തകരുന്നത് തടയല്‍, പ്രധാന അണക്കെട്ടുകള്‍ തകരുന്നതിന്റെ കാരണങ്ങള്‍ വിശകലനം ചെയ്യല്‍, ഡാം സുരക്ഷാ നടപടികളില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കല്‍ എന്നിവ സമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടും.

 

മുല്ലപ്പെരിയാറിനെ എങ്ങനെ ബാധിക്കും?

 

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ബില്ലില്‍ എതിര്‍പ്പുമായി സംസ്ഥാനങ്ങളും രംഗത്തുവന്നിട്ടുണ്ട്. ഇത്തരത്തില്‍ ഉയര്‍ന്ന എതിര്‍പ്പുകളുടെ ഫലമായാണ് രണ്ട് വട്ടവും ലോകസഭയില്‍ ബില്‍ പരാജയപ്പെട്ടത്. ബില്ലിനെതിരെ ഏറ്റവുമധികം വിമര്‍ശനം ഉന്നയിക്കുന്ന സംസ്ഥാനം തമിഴ്നാടാണ്. അതിന്റെ പ്രധാന കാരണം കേരളവുമായി തര്‍ക്കത്തിലുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് തന്നെയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നിയന്ത്രണാധികാരം തമിഴ്നാടിന് നഷ്ടമാകുമോ എന്ന ഭയമാണ് ഇത്തരത്തില്‍ വിമര്‍ശനമുന്നയിക്കുന്നത്. കര്‍ണാടക, തമിഴ്നാട്, കേരളം, ഒഡീഷ എന്നീ സംസ്ഥാനങ്ങളാണ് ആദ്യഘട്ടത്തില്‍ തന്നെ എതിര്‍പ്പ് അറിയിച്ചത്. സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കേന്ദ്രം ഇടപെടുന്നതാണ് ബില്ലിനെതിരെയുള്ള പ്രധാന വിമര്‍ശനം.

 

 

OTHER SECTIONS