അയോദ്ധ്യയിലെ രാമ തേജസ്സ്

By പ്രൊഫ. ദേശികം രഘുനാഥന്‍.05 08 2020

imran-azhar

 

 

 

ദശാബ്ദങ്ങള്‍ക്കു മുന്‍പ് തര്‍ക്ക വിതര്‍ക്കങ്ങള്‍ കൊടുമ്പിരിക്കൊണ്ട് നില്‍ക്കുന്ന സമയത്താണ് ഞാന്‍ അയോദ്ധ്യയില്‍ പോകുന്നത്. ലക്‌നൗ - ഫൈസാബാദ് - അയോദ്ധ്യ എന്നാണ് എന്റെ ഓര്‍മ്മ. അയോദ്ധ്യയില്‍ തങ്ങി , സരയുവില്‍ കുളിച്ചു , അമ്പലങ്ങളും , കൊട്ടാരവും , ആ ചുറ്റുവട്ടവും എല്ലാം കണ്ടു. കൂട്ടത്തില്‍ സദാ രാമായണം പാരായണം ചെയ്യുന്ന ഹനുമാന്‍ ക്ഷേത്രത്തിലും എത്തി. അവിടെ സ്‌കൂള്‍ പ്രായം എത്താത്ത ഒരു ബാലന്‍ പുസ്തകം ഇല്ലാതെ രാമായണം പാരായണം ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടു.

 

ആ ബാലന്റെ വായനയില്‍ ആകൃഷ്ടനായി ഞാന്‍ അവിടെയിരിക്കുമ്പോള്‍ 'നമസ്‌കാരം സാര്‍ ' എന്ന് പറഞ്ഞ് ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ എന്റെ അടുത്ത് വന്നു. സംസാരിച്ചപ്പോള്‍ ഞാന്‍ കോളേജില്‍ പഠിപ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥിയാണ്. അയാളുടെ സഹായത്താല്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമായ അയോദ്ധ്യയിലെ വിവിധ ദൃശ്യങ്ങളും എനിക്ക് ഭംഗിയായി കാണാനായി.


ഈ ശിഷ്യനോട് ഞാന്‍ ഹനുമാന്‍ ക്ഷേത്രത്തില്‍ കണ്ട രാമായണം പാരായണം ചെയ്യുന്ന ചെറു ബാലനെക്കുറിച്ചു പറഞ്ഞു. അപ്പോള്‍ അയാള്‍ പറഞ്ഞു. അതൊരു അത്ഭുതമാണ്. കാലങ്ങളായി അയോധ്യയില്‍ , ഈ ഹനുമാന്‍ സന്നിധിയില്‍ ജന്മം-നാ രാമായണം തെറ്റു കൂടാതെ പാരായണം ചെയ്യുന്ന ശിശുക്കള്‍ ജന്മം കൊള്ളാറുണ്ടത്രെ. അത്തരം ജ• വൈഭവമുള്ള ശിശുക്കളാണ് വളരെ ശൈശവത്തിലേ ഇവിടെ രാമായണം പാരായണം നടത്തി പോരുന്നത്. ഇത് സത്യമോ , അസത്യമോ ? ഞാന്‍ ചിന്തിച്ചു. രണ്ടായാലും ഒരു കാര്യം എനിക്ക് അനുഭവമായി.


രാമ തേജസ്സ് അതിന്റെ പൂര്‍ണതയില്‍ അയോദ്ധ്യയില്‍ ഇപ്പോഴും നിലകൊള്ളുന്നു.
ജാതി മത വിഭാഗീയതക്കപ്പുറം രാമന്‍ അയോദ്ധ്യയില്‍ സ്വീകാര്യനാണ്. അയോദ്ധ്യയില്‍ രാമന്‍ അവരുടെ ആത്മാവിന്റെ അംശമാണ്. അയോദ്ധ്യയിലെ കച്ചവടക്കാരില്‍ ഭൂരിപക്ഷവും സഹോദരസമുദായമായ ഇസ്ലാം സഹോദരന്മാരാണ്. അവിടെ ആരിലും പരസ്പരം ഒരു വേര്‍തിരിവും ഞാന്‍ അന്ന് കണ്ടില്ല. ഭാവിയില്‍ രൂപപ്പെടാന്‍ പോകുന്ന രാമ ക്ഷേത്രത്തിന്റെ ശിലാഭാഗങ്ങള്‍ സകല വിധ കൊത്തുപണികളും കഴിഞ്ഞു നമ്പര്‍ ഇട്ട് അവിടെ അന്നേ വച്ചിരുന്നു.


വാല്മീകി , തുളസീദാസന്‍ തുടങ്ങിയ കവി പ്രമുഖര്‍ നടത്തിയ അയോദ്ധ്യാ വര്‍ണ്ണന അവരുടെ ഭാവനാ സൃഷ്ടി ആയിരുന്നെങ്കില്‍പോലും അത് വാക്കുകളിലൊപ്പിയെടുത്ത അയോദ്ധ്യയിലെ വാക് ചിത്രങ്ങളാണ്. അയോദ്ധ്യയില്‍ യുഗങ്ങളായി രാമ നാമവും, രാമ തേജസ്സും വലയം ചെയ്തുകൊണ്ട് ഇരിക്കുന്നു. ഈ അത്ഭുത തേജോപ്രസരണം അവിടെ നിറഞ്ഞു നില്‍ക്കുന്നു. സനാതന സംസ്‌കാരത്തിന്റെ സമത , മമത , ഏകത ഭാരതത്തില്‍ ഊട്ടി ഉറപ്പിക്കുന്നതിന്റെ നാഴികക്കല്ലായി ക്ഷേത്ര നിര്‍മ്മാണാരംഭം മാറട്ടെ എന്നാശംസിക്കുന്നു.

 

'ശ്രീരാമ രാമ രാമേതി രമേ രാമേ മനോരമേ
സഹസ്രനാമതത്തുല്യം രാമനാമ വരാനനേ
ശ്രീരാമനാമ വരാനന ഓം നമ ഇതി'

 

 

 

 

OTHER SECTIONS