റിയല്‍ എസ്റ്റേറ്റ് മേഖല ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവരാന്‍ നീക്കം: അരുണ്‍ ജെയ്റ്റ്‌ലി

By Shyma Mohan.12 Oct, 2017

imran-azhar


    വാഷിംഗ്ടണ്‍: ഇന്ത്യയില്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയെ ചരക്കുസേവന നികുതിയുടെ കീഴില്‍ കൊണ്ടുവരുന്നതിനെക്കുറിച്ച് അടുത്ത മാസം നടക്കുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ഇന്ത്യന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.
    ഏറ്റവുമധികം നികുതി വെട്ടിക്കല്‍ നടക്കുന്നതും പണം ഉല്‍പാദിപ്പിക്കപ്പെടുന്നതുമായ മേഖലയാണ് റിയല്‍ എസ്റ്റേറ്റ് എന്നും അതുകൊണ്ട് റിയല്‍ എസ്റ്റേറ്റ് മേഖലയെ ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവരണമോ എന്നത് നവംബര്‍ 9ന് ആസാമിലെ ഗുവാഹത്തിയില്‍ നടക്കുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് ജെയ്റ്റ്‌ലി വ്യക്തമാക്കിയത്. വിഖ്യാതമായ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ആനുവല്‍ മഹേന്ദ്ര ലക്ചറില്‍ ഇന്ത്യയുടെ നികുതി പരിഷ്‌കാരങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അരുണ്‍ ജെയ്റ്റ്‌ലി.
    ഇന്ത്യയിലെ ഏതാനും സംസ്ഥാനങ്ങള്‍ റിയല്‍ എസ്റ്റേറ്റ് മേഖലയെ ജി.എസ്.ടിയുടെ കീഴില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും താന്‍ വ്യക്തിപരമായി അതിനെ പിന്തുണക്കുന്നതായും ജെയ്റ്റ്‌ലി പറഞ്ഞു. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ജി.എസ്.ടി നടപ്പാക്കുന്നതോടെ ഉപഭോക്താക്കള്‍ക്ക് നേട്ടമുണ്ടാകുമെന്നും അവര്‍ക്ക് ഒരു പ്രാവശ്യം നികുതി അടച്ചാല്‍ മതിയെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
    കോംപ്ലക്‌സുകളുടെയും കെട്ടിടങ്ങളുടെയും നിര്‍മ്മാണത്തിന് 12 ശതമാനം ജി.എസ്.ടി ചുമത്തുന്നുണ്ട്. എന്നാല്‍ ഭൂമിയെയും മറ്റ് സ്ഥാവരവസ്തുക്കളെയും ജി.എസ്.ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ വര്‍ഷം ജൂലൈ 1 മുതലാണ് ഇന്ത്യയിലെ ഏറ്റവും വലിയ നികുതി പരിഷ്‌കാരമായ ജി.എസ്.ടി നടപ്പിലാക്കിയത്.


OTHER SECTIONS