വീണ്ടെടുക്കാം കാര്‍ഷിക സമൃദ്ധി

By ഹരി ചാരുത.16 04 2019

imran-azhar


കൃഷിയില്ലാതെ കിടക്കുന്ന ഭൂമിയുടെ കിതപ്പ് അറിയാന്‍ എല്ലാവര്‍ക്കുമാവില്ല. ഒരു പക്ഷേ, അവഗണനയുടെ ഏറ്റവും ദാരുണമായ അവസ്ഥയാവും അത് പ്രതീക്ഷയുടെ അവസാന ജലകണവും, വറ്റിത്താഴുമ്പോള്‍, മണ്ണ് മരുഭൂമിയായി സ്വയം മൃതപ്പെടുന്നു. എന്നാല്‍, അവസാനത്തിനു തൊട്ടുമുന്‍പ് അത്തരം മണ്മനങ്ങള്‍ കരളുരുകി പ്പറഞ്ഞുപോകുന്ന അവ്യക്തമായ ചില പ്രാര്‍ഥനകള്‍ ഉണ്ട്. അത്തരം പ്രാര്‍ഥനകള്‍ കേള്‍ക്കുവാന്‍ കഴിയുന്ന ചില ഹൃദയങ്ങളുണ്ട്. ആ ഹൃദയങ്ങള്‍ വാസനിക്കുന്നത് മണ്‍പൂവുകളായാണ്.
കഴിഞ്ഞ നാല്‍പ്പതു വര്‍ഷക്കാലമായി അത്തരം പ്രാര്‍ഥനകള്‍ ഹൃദയത്തോട് ചേര്‍ത്തു പിടിച്ചു നടക്കുന്ന ഒരു കുടുംബം ഇന്ന് ആത്മാഭിമാനത്തിന്റെ നിറവിലാണ്. അവര്‍ മണ്ണിന് വിത്തായും വളമായും, വെള്ളമായും നല്‍കിയതെല്ലാം ഈ മഹാമണ്ണ് മടക്കിത്തന്നിരിക്കുന്നു. അതും ഒന്നിനു പത്തായും, പത്തിനു നൂറായുമാണ്.

 


ഇടുക്കി ജില്ലയിലെ ഊരാളി ഗോത്ര ജനവിഭാഗം താമസിക്കുന്ന പട്ടയക്കുടി, അത്തരമൊരു ചരിത്രനിമിഷത്തിന് സാക്ഷിയായി. പോച്ചയും പുല്ലും കളകളും നിറഞ്ഞു ഒന്നിനും കൊള്ളാതെ കിടന്നിരുന്ന രണ്ടര ഏക്കര്‍ വരുന്ന സ്ഥലത്ത് ഭക്ത്യാദരങ്ങളോടെ വിതച്ച നെന്മണികള്‍ കതിര്‍മണികള്‍ ചൂടിയ നെല്ലോലകളായി
കാറ്റത്തുനിന്ന് ഇളകി ചിരിച്ചപ്പോള്‍ കണ്ണുനനഞ്ഞത്, കണ്ഠമിടറിയത്. ഏണിത്താഴം പാടത്തിന്റെ കരയില്‍ നിരനിരയായിരുന്ന വിജയകുമാര്‍ വൈദ്യനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കുമാണ്. അച്ഛനും അമ്മയും സഹോദരങ്ങളും കൊച്ചുമക്കളുമെല്ലാം ഈ സ്വപ്നസാഫല്യത്തിനു വേണ്ടി വിയര്‍പ്പൊഴുക്കിയവരാണ്.

 


കാര്‍ഷിക സമൃദ്ധിയെക്കുറിച്ച് വാനോളം ഉയര്‍ത്തി പ്പറയുമെങ്കിലും, കാര്‍ഷികതയുടെ ആത്മഹര്‍ഷം അനുഭവിക്കുവാന്‍ നമ്മില്‍ എത്രപേര്‍ക്ക് കഴിഞ്ഞിട്ടുണ്ട്? ഒരൊറ്റ സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിനായി ഒരേ മനസ്സോടെ, അരമനസ്സുമായി നിന്നവരെയെല്ലാം ഒപ്പം കൂട്ടി ഈ കണ്ടത്തെ പൊന്നിന്‍ പാടമാക്കിയതിന് നാമെല്ലാം ഈ കുടുംബത്തിലെ ഓരോ അംഗത്തോടും കടപ്പെട്ടിരിക്കുന്നു. സുബ്രന്‍, സാലി സുബ്രന്‍, അമ്പിളി, സുമി തുടങ്ങിയവര്‍ വിജയകുമാര്‍ വൈദ്യര്‍ക്കൊപ്പം മനസ്സുചേര്‍ത്തു നിന്നവരില്‍ ചിലരാണ്.
അത്രയൊന്നും എളുപ്പം കൈവരിക്കുവാന്‍ കഴിയുന്ന നേട്ടമായിരുന്നില്ല, ജൈവകാര്‍ഷിക സങ്കേതങ്ങള്‍ ഉപയോഗിച്ച് ഈ നെല്‍പ്പാടം ഇങ്ങനെ കതിരണിയിക്കുകയെന്നത്. കൂടാതെ വിളകളെ കുത്തിമറിച്ചിടാന്‍ ഏതു നിമിഷവും കാട്ടുപന്നിയും മറ്റും വരാം. കാലാവസ്ഥയുടെ പ്രതികൂല നിലപാടുകളോടും ഇവര്‍ക്ക് പടവെട്ടേണ്ടതായിട്ടുണ്ട്.

 


ആരോഗ്യകരമായ ജീവിതവും, ആഹ്‌ളാദഭരിതമായ കാര്‍ഷികസംസ്‌കൃതിയും സന്ദേശമായി ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഇടുക്കി ജില്ലയിലെ വിവിധ ആദിവാസി ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ ഗോാത്രരശ്മി എന്ന പേരില്‍ കാര്‍ഷിക സാംസ്‌കാരിക നവോത്ഥാനത്തിന് കളമൊരുക്കിയത് വിവ കള്‍ച്ചറല്‍ ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷനാണ്. സംസ്ഥാന പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ നിര്‍ലോഭമായ സഹകരണമാണ് വിവയ്ക്ക് ഇത്തരം കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിക്കുവാനുള്ള പ്രചോദനം നല്‍കിയത്. അര്‍ബുദം അടക്കി വാഴുന്ന ഒരു കേരളമല്ല, നമ്മുടെ സ്വപ്നം. അതിനായി കര്‍ഷകര്‍ക്കൊപ്പം നമ്മള്‍ ഓരോരുത്തരും തങ്ങളുടെ കര്‍മ്മശേഷി കൂടെ നല്‍കുകയും വേണം.

 


കൂട്ടായ്മയുടേയും, അചഞ്ചലമായ വിശ്വാസത്തിന്റേയും വിളവെടുപ്പുത്സവമാണ് പട്ടയക്കുടിയിലെ ഏണിത്താഴം പാടത്ത് ഇക്കഴിഞ്ഞ നാളുകളില്‍ അരങ്ങേറിയത്.
പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. പുകഴ്ന്തി വിളവെടുപ്പിന് ആദ്യ അരിവാളേന്തി. സാന്നിധ്യം കൊണ്ട് അനുഗ്രഹിക്കുവാന്‍, ഊരുമൂപ്പന്മാര്‍, ഡിപ്പാര്‍ട്ടുമെന്റിലെ ഉന്നത ഉദ്യോഗസ്ഥര്‍, ഗോത്രകലാകാരന്മാര്‍, പാരമ്പര്യവൈദ്യന്മാര്‍, പ്രൊമോട്ടര്‍മാര്‍, കര്‍ഷകസുഹൃത്തുക്കള്‍, നാട്ടുകാര്‍ തുടങിയവരും സന്നിഹിതരായിരുന്നു.
ഈ അപൂര്‍വ വിജയത്തിന് ഇവിടത്തെ അധ്വാനികളായ ഓരോ കര്‍ഷക മനസ്സിനോടും ട്രൈബല്‍ ഡിപാര്‍ട്ടുമെന്റും വിവയും ഏറെ കടപ്പെട്ടിരിക്കുന്നു. അതില്‍ ആരും മുന്നിലോ പിന്നിലോ അല്ല. ഒരുമയുടെ, വിയര്‍പ്പു തുള്ളികളെ ഈ മണ്ണ് ഒരു നാളും ചതിക്കുകയില്ല. അതിന് ഇവിടത്തെ കാരണവന്മാര്‍ ആണ് പൊറുപ്പ്. പ്രായത്തിന്റെ അവസ്ഥകളോ അവശതകളോ ഒന്നും തന്നെ ഈ മണ്ണാളന്മാരെ തൊട്ടുതീണ്ടുന്നില്ല.

 


കാര്‍ഷികത, ഭൂമിയുടെ ഉപ്പായി നിലകൊള്ളുന്ന ഏതുകാലത്തും വിജയന്‍ വൈദ്യരെപ്പോലുള്ള ലളിതമനസ്സുകള്‍, മണ്ണിന്റെ മഹാസ്‌നേഹമായി നമ്മെപ്പോലുള്ളവരെ കര്‍മ്മഭൂമികളിലേയ്ക്ക് നയിച്ചുകൊണ്ടിരിക്കും.


ഗോത്രരശ്മിയുടെ സ്വപ്നങ്ങള്‍ മനസ്സുകളിലേയ്ക്ക് എത്തിക്കുവാന്‍ ഓര്‍ഗാനിക് തിയേറ്റര്‍ പോലുള്ള നാടക സങ്കല്‍പ്പവും കൂട്ടിനുണ്ട്. കളിയും ചിരിയും വിത്തുകള്‍ക്കൊപ്പം കലര്‍ത്തി, വിതച്ച് മണ്ണിനെ അമ്മയാക്കി നില നിര്‍ത്തിയ ഒരു കാലം ഇനിയും അരികില്‍ വരാനായി കാത്തിരിപ്പുണ്ട്.

OTHER SECTIONS