റോഡുനിയമങ്ങള്‍ പ്രഹസനമല്ലേ സര്‍!?

By online desk.24 02 2020

imran-azhar

തിരുവനന്തപുരം: മോട്ടോര്‍ വെഹിക്കിള്‍സ് റൂള്‍ ഭേദഗതി ബില്‍, 2019 പാര്‍ലമെന്റില്‍ പാസാക്കിയിട്ട് മാസം ആറു കഴിഞ്ഞു. എന്നിട്ടും നിരത്തുകളിലെ നിയമലംഘനം തുടരുന്നു.
റോഡിലെ വാഹന ഗതാഗത സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന നിര്‍മ്മിതികളും കൊടിതോരണങ്ങളും ഡ്രൈവറുടെ കാഴ്ചയെയോ, സിഗ്നലിനെയോ മറയ്ക്കുന്ന ബോര്‍ഡുകളും ബാനറുകളും എല്ലാം റോഡ് സുരക്ഷാ നിയമപ്രകാരം നീക്കം ചെയ്യാന്‍ സംസ്ഥാന റോഡ് സുരക്ഷാ കമ്മീഷണര്‍ ഉത്തരവിട്ടു. അതു നടപ്പാക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്കും പോലീസിനും ഉത്തരവും നല്‍കിയിട്ടുണ്ട്. പൊതുവഴികള്‍ മാത്രമല്ല, സ്വകാര്യ വഴികളും ഇതില്‍പെടും.

 


ഹൈക്കോടതി ഉത്തരവുകള്‍ അനുസരിച്ച് ഇത്തരം ബോര്‍ഡുകളും ബനറുകളും പൊതുശല്യമായി പ്രഖ്യാപിച്ച് ഡിജിപി സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. ഇനിയുള്ള ലംഘനങ്ങള്‍ ഐപിസിയും കേരള പോലീസ് ആക്റ്റും അനുസരിച്ച് ക്രിമിനല്‍ കേസ് എടുക്കാനാണ് കോടതിയുടെ നിര്‍ദ്ദേശം. അതനുസരിച്ച് നടപടിയെടുക്കാന്‍ പോലീസ് സ്‌റേഷനുകളില്‍ ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 


ഇനി മുതല്‍ ഇത്തരം പരാതികള്‍ പോലീസ് സ്റ്റേഷനില്‍ നല്‍കി രസീത് വാങ്ങിയാല്‍, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്ത സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാക്കെതിരെ നിയമനടപടി സ്വീകരിക്കാം. ജനങ്ങള്‍ നിയമം അനുസരിക്കില്ല എന്നു വാശി പിടിച്ചാല്‍ ഇതൊക്കെ മാത്രമാണ് പോംവഴി.

 


മോട്ടോര്‍ വെഹിക്കിള്‍സ് റൂള്‍ ഭേദഗതി ബില്‍, 2019 പാര്‍ലമെന്റില്‍ പാസാക്കിയിട്ട് മാസം ആറു കഴിഞ്ഞു. മദ്യപിച്ച് വാഹനമോടിക്കുക, അമിത വേഗത, അമിതഭാരം കയറ്റുക എന്നിവയൊക്കെ വളരെ ലാഘവബുദ്ധിയോടെ നമ്മുടെ നിരത്തുകളില്‍ ഇന്നും തുടരുകയാണ്.
റോഡിലെ നിയമലംഘനം ലളിതമായി മറികടക്കാന്‍ ഒറ്റ സൂത്രം മതിയാകും! വാഹനങ്ങളിലെ നമ്പര്‍ പ്ലേറ്റ് മാറ്റുക. നമ്പര്‍ മറയ്ക്കുകയോ അവ്യക്തമായി എഴുതുകയോ ചെയ്യാം! ഏതായാലും വിരുതുള്ളവര്‍ വീരരാകും!

 


നടുറോഡില്‍ വാഹനം നിര്‍ത്തി ആളിറക്കലും, ബോഡിയില്‍ ഫാന്‍സി ലൈറ്റുകള്‍, ഇടതുവശം വഴി ഓവര്‍ ടേക്കിംഗ്. സിഗ്‌നല്‍ കാണിക്കാതെ വണ്ടി തിരിയ്ക്കല്‍, ഉച്ചത്തിലുള്ള പാട്ടുവയ്ക്കല്‍ എന്നിവയെല്ലാം റോഡില്‍ പതിവായ ചില നിയമലംഘനങ്ങളാണ്.
ബസ് ഡ്രൈവറുടെ മൊബൈല്‍ ഫോണ്‍ ഉപയോഗവും തുറന്ന് കെട്ടിവച്ച വാതിലും കാണാന്‍ കണ്ണില്ലാത്ത നിയമം യൂണിഫോം ഇടാത്ത ഡ്രൈവറെ മാത്രമേ കാണുന്നുള്ളൂ. സീറ്റിംഗ് കപ്പാസിറ്റിയുടെ ഇരട്ടി യാത്രക്കാരുമായി, അമിത വേഗത്തില്‍ ഇരച്ചുപായുന്ന ബസുകളെ കാണുമ്പോള്‍ സുരക്ഷാ കാമറകള്‍ക്ക് കാഴ്ച മങ്ങുന്നു.


നിയമലംഘനത്തിന് നോട്ടീസ് കിട്ടിയ വമ്പന്മാരുടെ അവഗണനയ്‌ക്കെതിരെ ചെറുവിരലനക്കാന്‍ ആള്‍ബലമില്ലാത്ത അവസ്ഥയില്‍, നിയമത്തിന്റെ ഇരയാകുന്നത് നിരത്തില്‍ നിയമപ്രകാരം വണ്ടി ഓടിക്കുന്ന സാധാരണക്കാര്‍ മാത്രവും.
നിയമം ലംഘിച്ച് നിര്‍ത്താതെ പോകുന്ന അന്യസംസ്ഥാന വണ്ടികള്‍ക്ക് നോട്ടീസ് നല്‍കാനോ നടപടിയെടുക്കാനോ പോലും കഴിയാതെ നമ്മുടെ വ്യവസ്ഥിതി നിസ്സഹായമാണ്.
ക്രോസ് ബാര്‍ വച്ച് നമ്പര്‍ പ്ലേറ്റ് മറച്ച് പൂവ്, മീന്‍, പാല്‍ വിതരണ വാഹനങ്ങള്‍ നിരത്തിലൂടെ നിയമത്തിന്റെ കണ്ണുവെട്ടിച്ച് ചീറിപ്പായുന്നു.

 


ഈ വാഹനങ്ങള്‍ തട്ടി പൊലിയുന്ന ജീവനുകളുടെ തലവിധിയെ പഴിക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ലാത്ത അവസ്ഥയാണ്.
വണ്‍വേ തെറ്റിച്ചുള്ള വാഹനാപകടങ്ങളില്‍ 2018 ല്‍ 115 മരണമുണ്ടായിട്ടുണ്ടെന്നാണ് ഔദ്യോഗിക ഭാഷ്യം.


2018 ലെ 40,181 വാഹന അപകടങ്ങളില്‍ 31,492 എണ്ണവും ട്രാഫിക്ക് നിയമലംഘനത്താലാണെന്നും 2019 സെപ്റ്റംബര്‍ വരെയുള്ള 30,784 അപകടത്തില്‍, 27,821 എണ്ണവും ഗതാഗത നിയമനിഷേധത്താലാണെന്നും വ്യക്തമായിട്ടും മോട്ടോര്‍ വാഹന വകുപ്പ് നിസ്സംഗതയിലാണ്.


നിലവില്‍ ഉപയോഗത്തിലുള്ള സ്മാര്‍ട്ട് മൂവ് സോഫ്റ്റ് വെയര്‍ പുതിയ കേന്ദ്രീകൃത സംവിധാനമായ പരിവാഹനിലേക്കു മാറുമ്പോള്‍ എല്ലാം ശരിയാകുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. കഴിഞ്ഞ മൂന്നര വര്‍ഷത്തെ ട്രാഫിക് നിയമലംഘനത്തിന് നോട്ടീസ് അയച്ചതിന്റെ കുടിശിക ഇനത്തില്‍ പതിനേഴേമുക്കാല്‍ കോടി പിരിഞ്ഞു കിട്ടാനുണ്ടെന്നാണ് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്.


അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് നടപ്പാക്കുന്നതിലെ അലംഭാവം നിലനില്‍ക്കുന്ന കാലത്തോളം, അമിത പിഴത്തുക വഴി എല്ലാം നേരെയാകില്ലെന്ന് ഉറപ്പിക്കാം.
വേഗത്തില്‍ ഓടുന്ന വാഹനങ്ങള്‍ക്കു മുന്നിലേക്ക് സ്വയം സിഗ്നലുമായി ചാടുന്ന വഴിയാത്രക്കാരും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നതും മറക്കരുത്.

 

 

 

 

OTHER SECTIONS