ചെന്നൈ ബാങ്ക് ജീവനക്കാരെ ടോയ്‌ലറ്റില്‍ പൂട്ടി: 32 കിലോ സ്വര്‍ണ്ണവുമായി മോഷ്ടാക്കള്‍ മുങ്ങി

By Shyma Mohan.13 08 2022

imran-azhar

 


ചെന്നൈ: ചെന്നൈയില്‍ ബാങ്ക് ജീവനക്കാരെ ടോയ്‌ലറ്റില്‍ പൂട്ടിയിട്ട് കോടികള്‍ വിലമതിക്കുന്ന സ്വര്‍ണ്ണവുമായി കവര്‍ച്ചക്കാര്‍ മുങ്ങി. ഇന്ന് വൈകിട്ടാണ് ചെന്നൈയിലെ അറുമ്പാക്കം ഭാഗത്ത് ഫെഡ്ബാങ്ക് ഗോള്‍ഡ് ലോണില്‍ നിന്ന് 32 കിലോ സ്വര്‍ണ്ണം മോഷ്ടിച്ചത്.

 

മുഖംമൂടി ധരിച്ച മൂന്നംഗ സംഘം ജീവനക്കാരെ ടോയ്‌ലറ്റില്‍ പൂട്ടിയിട്ട ശേഷമായിരുന്നു സ്‌ട്രോംഗ് റൂമിന്റെ താക്കോല്‍ എടുത്ത് സ്വര്‍ണ്ണം കൈക്കലാക്കി ക്യാരി ബാഗുകളിലാക്കി രക്ഷപ്പെട്ടത്. 32 കിലോ സ്വര്‍ണ്ണം മോഷണം പോയതായി ബ്രാഞ്ച് അറിയിച്ചു. ഇന്ന് ബാങ്ക് ലീവായതിനാല്‍ ചില അക്കൗണ്ട് ജോലികള്‍ക്കായി കുറച്ചുപേര്‍ മാത്രമാണ് ഉണ്ടായിരുന്നത്.

 

കവര്‍ച്ചക്ക് പിന്നില്‍ ബാങ്കിലെ ജീവനക്കാരനാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. മൂന്നംഗ സംഘത്തിലെ ഒരാള്‍ ബ്രാഞ്ചിലെ നിലവിലെ ജീവനക്കാരനാണെന്ന് സംശയിക്കുന്നതായി ജോയിന്റ് പോലീസ് കമ്മീഷണര്‍ ടി.എസ് അന്‍പ് അറിയിച്ചു.

 

അതേസമയം അവര്‍ നല്‍കിയ ശീതളപാനീയം കഴിച്ചതിനുശേഷം താന്‍ അബോധാവസ്ഥയിലായതായി ഒരു സെക്യൂരിറ്റി ഗാര്‍ഡ് അവകാശപ്പെട്ടു. ഇപ്പോള്‍ ജീവനക്കാര്‍ സുഖമായിരിക്കുന്നതായും കവര്‍ച്ചക്കാരില്‍ ഒരാള്‍ ജീവനക്കാരനായതിനാല്‍ ഗാര്‍ഡ് സംശയിച്ചില്ലെന്നും പോലീസ് പറഞ്ഞു.

 

ബാങ്കില്‍ കണക്കെടുപ്പ് നടക്കുകയാണെന്നും പൂര്‍ത്തിയായതിനുശേഷം മാത്രമേ എത്ര സ്വര്‍ണ്ണം നഷ്ടപ്പെട്ടു എന്നതിന് കൃത്യമായ കണക്ക് ലഭിക്കൂ എന്നും മുതിര്‍ന്ന പോലീസ് ഓഫീസര്‍ പറഞ്ഞു. പ്രതികളെ പിടികൂടാന്‍ പോലീസ് പ്രത്യേക സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്.

OTHER SECTIONS