സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ്: പ്രതിപക്ഷ പാളയത്തില്‍ വിള്ളല്‍

By Shyma Mohan.20 Apr, 2018

imran-azhar    ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരുന്നതിനുള്ള നോട്ടീസ് കോണ്‍ഗ്രസും 6 പ്രതിപക്ഷ പാര്‍ട്ടികളും ഒപ്പിട്ടുനല്‍കിയെങ്കിലും പ്രതിപക്ഷ പാളയത്തില്‍ ശക്തമായ വിള്ളലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് നേതാവും മുന്‍ നിയമ മന്ത്രിയുമായിരുന്ന അശ്വിനി കുമാര്‍ കോണ്‍ഗ്രസിന്റെയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെയും വിപരീത ഫലം ഉളവാക്കുന്നതാണെന്ന് അഭിപ്രായപ്പെട്ടു. രോഗത്തെക്കാള്‍ മോശമാകരുത് ചികിത്സയെന്നും അശ്വിനി കുമാര്‍ അഭിപ്രായപ്പെട്ടു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും മുന്‍ ധനകാര്യ മന്ത്രി പി.ചിദംബരവും നോട്ടീസില്‍ ഒപ്പുവെച്ചിട്ടില്ല. കൂടാതെ പ്രതിപക്ഷ പാര്‍ട്ടികളില്‍ തന്നെ തൃണമൂല്‍ കോണ്‍ഗ്രസും ഡിഎംകെയും ഇംപീച്ച്‌മെന്റ് പ്രമേയത്തിനായുള്ള നോട്ടീസില്‍ ഒപ്പിട്ടിട്ടില്ല. 7 പാര്‍ട്ടികളില്‍ നിന്ന് 79 പ്രതിപക്ഷ എംപിമാരുള്ളപ്പോള്‍ അതില്‍ 64 എം.പിമാര്‍ മാത്രമാണ് ഒപ്പ് വെച്ചിട്ടുള്ളത്. കോണ്‍ഗ്രസ്, സിപിഎം, എന്‍സിപി, സിപിഐ, എസ്.പി, ബിഎസ്പി തുടങ്ങിയ 6 പ്രതിപക്ഷ പാര്‍ട്ടികളാണ് നോട്ടീസില്‍ ഒപ്പുവെച്ചിട്ടുള്ളത്. ആം ആദ്മി പാര്‍ട്ടിയെ പ്രതിപക്ഷ പാര്‍ട്ടികള്‍ സമീപിച്ചിരുന്നില്ല. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനുസിംഗ്‌വി ഒപ്പിടാന്‍ കൂട്ടാക്കിയില്ലെന്നും ഇംപീച്ച്‌മെന്റ് നീക്കത്തിനെതിരെ അഭിപ്രായം ഉന്നയിക്കുകയും തുടര്‍ന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ ഇടപെടല്‍ മൂലമാണ് സിംഗ്‌വി വഴങ്ങിയതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. സുപ്രീം കോടതി ജഡ്ജിയെ ഇംപീച്ച് ചെയ്യുകയല്ല ഏക വഴിയെന്ന് സുപ്രീം കോടതി ജസ്റ്റിസ് ജസ്റ്റിസ് ചെലമേശ്വര്‍ തന്നെ അഭിപ്രായപ്പെട്ടിരുന്നുവെന്ന് സിംഗ്‌വി പറയുകയുമുണ്ടായി. ഇംപീച്ച്‌മെന്റ് നീക്കത്തെ പാര്‍ട്ടി അനുകൂലിക്കുന്നില്ലെന്ന് ഡിഎംകെ വൃത്തങ്ങള്‍ അറിയിച്ചു. ജസ്റ്റിസ് രാമസ്വാമിക്കും ജസ്റ്റിസ് ദിനകരനുമെതിരെയുള്ള ഇംപീച്ച്‌മെന്റ് നീക്കങ്ങളില്‍ പാര്‍ട്ടി നേരത്തെ പങ്കെടുത്തിരുന്നില്ലെന്നും ഡിഎംകെ എംപി ആര്‍.എസ് ഭാരതി പറഞ്ഞു. കോണ്‍ഗ്രസിനോടൊപ്പം പ്രതിപക്ഷത്താണെങ്കിലും ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കാനാവില്ലെന്നാണ് പാര്‍ട്ടിയുടെ നിലപാടെന്നും ഭാരതി പറഞ്ഞു.
SC CJI Impeachment: Cracks in Opposition against the move

OTHER SECTIONS